എടവനക്ഷേത്രം

ആനയെഴുന്നള്ളത്തോടെ ഉത്സവം നടത്തുന്ന ഒരു കുടുംബക്ഷേത്രമാണ്‌ ചേലിയ പുഴയോരത്തുള്ള എടവനക്ഷേത്രം. മേനോക്കിമാരാണ്‌ ഇതിന്റെ പുരാതന ഊരാണ്മക്കാര്‍. രണ്ട്‌ മുറികളുള്ള ഒരു മണ്ഡകം മാത്രമായിരുന്നു പണ്ട്‌ ഇവിടെ ഉണ്ടായിരുന്നത്‌. ഒരു മുറുയില്‍ സ്ഥാപകനായ കാരണവരെയാണ്‌ പ്രതിഷ്‌ഠിച്ചിരുന്നത്‌. മറ്റേമുറിയില്‍ ഒരു കണ്ണാടി പ്രതിഷ്‌ഠ മാത്രവും. തറവാട്‌ ഭാഗിച്ചപ്പോള്‍ നാലുസ്‌ത്രീകള്‍ക്കായി ഈ പറമ്പ്‌ ലഭിച്ചു. അമ്പതു കൊല്ലംമുമ്പ്‌ ഇവരില്‍ ഒരാളായ ജാനകി അമ്മ ഈ ക്ഷേത്രവും ഭൂമിയും സ്വന്തമായി വാങ്ങി അഷ്ടമംഗല്ല്യപ്രശ്‌നം നടത്തിച്ചു. ഇവിടെ പരദേവത, കിരാതമൂര്‍ത്തി, ഭഗവതി, ഗുളികന്‍, നാഗം, ഗുരു എന്നിവരുടെ സാന്നിദ്ധ്യമുള്ളതായി തെളിഞ്ഞു. തുടര്‍ന്ന്‌ പരദേവതക്കായി ഒരു ക്ഷേത്രം നിര്‍മ്മിച്ച്‌ പ്രതിഷ്‌ഠനടത്തുകയും ചെയ്‌തു. സമീപപ്രദേശത്തെ കുന്നിമഠം ഇല്ലക്കാര്‍ ടിപ്പുവിനെ ഭയന്ന്‌ നാടുവിട്ടപ്പോള്‍ ഇവിടുത്തെ കാരണവര്‍ക്ക്‌ ഈ സ്ഥലം ദാനം നല്‍കിയതായിരിക്കും എന്നാണ്‌ കരുതേണ്ടത്‌. മകരം 8,9 തിയ്യതികളിലാണ്‌ കളമെഴുത്ത്‌ പാട്ട്‌, തേങ്ങയേറ്‌ എന്നിവയോടെ ഉത്സവം കൊണ്ടാടുന്നത്‌.

No comments: