ദേശക്ഷേത്രം

ദേശക്ഷേത്രം
ചെങ്ങോട്ടുകാവിലെ ദേശക്ഷേത്രമെന്ന്‌ വിശേഷിപ്പിക്കുന്നത്‌ പൊയില്‍ക്കാവ്‌ പടിഞ്ഞാറെക്കാവ്‌ ക്ഷേത്രമാണ്‌.

പരശുരാമന്‍ പ്രതിഷ്‌ഠിച്ച നൂറ്റെട്ട്‌ ഭഗവതി ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ മങ്ങാട്ടൂരിലേത്‌ എന്ന്‌ ഐതിത്യം പറയുന്നു. മങ്ങാട്ട്‌ ദേശവും മങ്ങാട്ടുപറമ്പും ഇവിടെയുള്ളതിനാല്‍ പടിഞ്ഞാറെകാവ്‌ ക്ഷേത്രം ഇതാണെന്ന്‌ നിഗമനത്തിലെത്തുന്നു.

പതിനഞ്ച്‌ ഏക്കറോളം വ്യാപിച്ചു കിടക്കുന്ന കാട്ടിനുള്ളിലാണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. നാലമ്പലത്തിനുള്ളിലെ ഗര്‍ഭഗൃഹത്തില്‍ രാജരാജേശ്വരിയായ വനദുര്‍ഗ്ഗയെ പ്രതിഷ്‌ഠിച്ചിരിക്കുന്നു.

മഹിഷാസുരനെ വധിച്ച ശേഷമുള്ള മാനസിക ഭാവമാണ്‌ ദേവിക്കുള്ളത്‌. ഒരു കാലത്ത്‌ വാള്‍നമ്പിമാരുടെ കീഴിലായിരുന്നു ഈ ക്ഷേത്രം (ആയുധ ധാരികളായ ബ്രാഹ്‌്‌്‌മണര്‍) അവരില്‍ തുവ്വയില്‍ പറമ്പില്‍ താമസിച്ചിരുന്ന പത്മനാഭന്‍ ശക്തനായ നമ്പിയേയാണ്‌ കാവിന്റെ പുറത്ത്‌ പടിഞ്ഞാറ്‌ ഭാഗത്ത്‌ ബ്രഹ്മരക്ഷസ്സായി കുടിയിരുത്തിയിരിക്കുന്നത്‌.

കാവിലെ വന്‍മരങ്ങളില്‍ തലകീഴായി തൂങ്ങി കിടക്കുന്ന ആയിരക്കണക്കിന്‌ കടവാതിലുകള്‍ വൈകുന്നേരം ആകാശത്തിലൂടെ പുറത്തേക്ക്‌ പറന്നു പോവുന്നതും രാവിലെ തിരിച്ചെത്തുന്നതും ഒരപൂര്‍വ്വ കാഴ്‌ച തന്നെയാണ്‌.

ഉല്‍സവത്തിന്റെ ഭാഗമായി മീനം നാലിന്‌ വൈകുന്നേരം പള്ളിവേട്ട നടക്കും. കാവിന്‌ അല്‍പം പടിഞ്ഞാറായി ഊരാളന്‍മാരിലൊരാളായ കാനത്തില്‍ കാരണവര്‍ ഒരു നായയുമായി കാത്തു നിര്‍ക്കുന്നുണ്ടാവും. ദേവിയെ എഴുന്നള്ളിച്ചുകൊണ്ടുവന്നാല്‍ അദ്ദേഹം ഉറക്കെ നായാട്ടു വിളിക്കുന്നു. അന്ത്യത്തില്‍ "ഹോ" എന്നു മൂന്നു പ്രാവശ്യം പറയുന്നതോടെ കതിനവെടി പൊട്ടുകയും നായ ജീവനും കൊണ്ട്‌ ഓടുകയും ചെയ്യുന്നു. ഇതാണ പള്ളിവേട്ട. പഴയ നായാട്ടിന്റെ സ്‌മരണ പുതുക്കുന്ന ഈ ചടങ്ങിനു ശേഷം ദേവിയെ വാദ്യഘോഷങ്ങളോടെ തിരിച്ച്‌ എഴുന്നള്ളിക്കുന്നു. പിറ്റേന്നു രാവിലെ കടല്‍ തീരത്തുള്ള കുളിച്ചാറാട്ടും വലിയ ആഘോഷമായാണ്‌ നടത്തുന്നത്‌.

No comments: