പൊയില്‍ക്കാവ്‌ യു. പി. സ്‌കൂള്‍


1917 ഏപ്രില്‍ 14ന്‌ 76കുട്ടികളും 2 അധ്യാപകരുമായാണ്‌ ഒന്നാം ക്ലാസ്സോടെ പൊയില്‍ക്കാവ്‌ യു. പി. സ്‌കൂള്‍ ആരംഭിക്കുന്നത്‌. 1925ല്‍ അഞ്ചാംതരമായി. പൊറ്റക്കാട്ട്‌ (കൊളാറക്കണ്ടി) കൃഷ്‌ണന്‍കിടാവാണ്‌ ഇതിന്റെ സ്ഥാപകന്‍. 1931ല്‍ തന്നെ ഹയര്‍എലിമെന്റെറി സ്‌കൂളായി ഉയര്‍ത്തപ്പെട്ടതിനാല്‍ വളരെ അകലെ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി ഇവിടെ വന്നു ചേര്‍ന്നു. പിന്നീട്‌ മാനേജരായിത്തീര്‍ന്ന കുറുവട്ടഞ്ചേരി രാമന്‍കിടാവ്‌ തന്നെയായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍. ഹയര്‍എലിമെന്ററി ആയതോടെ സെക്കന്ററി ടി.ടി.സി അധ്യാപകന്‍ വേണമെന്ന നിയമം മൂലം പിന്നീട്‌ പാളപ്പുറത്ത്‌ കുഞ്ഞികൃഷ്‌ണന്‍കിടാവ്‌ ഹെഡ്‌മാസ്റ്ററായി. നോവലിസ്‌റ്റ്‌ വിനയനെപ്പോലുള്ള എത്രയോ പ്രസിദ്ധര്‍ക്ക്‌ ഈ വിദ്യാലയം പ്രാഥമികവിദ്യാഭ്യാസം നല്‍കിപ്പോന്നു. മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ ഇവിടെ അധ്യാപകനായിരുന്നിട്ടുണ്ട്‌. ഈ സ്‌കൂളിനോടനുബന്ധിച്ച്‌ 1929 മുതല്‍ ഒരു നിശാപാഠശാല പ്രവര്‍ത്തിച്ചിരുന്നു. അടുത്തെങ്ങും സ്‌കൂളില്ലാത്തതിനാല്‍ പഠനം മുടങ്ങിയ ധാരാളം പേരെ പ്രൈവറ്റായി ആറാംതരത്തില്‍ ചേര്‍ന്നു പഠിക്കാന്‍ ഈ നിശാപാഠശാല വളരെ സഹായിച്ചിട്ടുണ്ട്‌. ഗവര്‍മെണ്ടിന്റെ അംഗീകാരവും സഹായഗ്രാന്റും ഇതിന്‌ ലഭിച്ചിരുന്നു എന്നതില്‍ നിന്നു തന്നെ ഇതിന്റെ പ്രത്യേക പ്രാധാന്യം വ്യക്തമാണല്ലോ. പൊയില്‍ക്കാവ്‌ സ്‌കൂളില്‍ ആദ്യ ഇ.എസ്‌.എല്‍.സി ബാച്ച്‌ ആരംഭിച്ചത്‌ 1942ലാണ്‌. ഈ നാട്ടിന്റെ വിദ്യാഭ്യാസരംഗത്ത്‌ എത്രയോകാലം മുമ്പുതന്നെ പൊയില്‍ക്കാവ്‌ യു. പി സ്‌കൂള്‍ ജ്വലിച്ച്‌ നിന്നിരുന്നു.

No comments: