രാഷ്ട്രീയ ചരിത്രം


1699 ഒക്ടോബര്‍ 24ന്‌ തലശ്ശേരി കേന്ദ്രമായി ഈസ്‌റ്റിന്ത്യാ കമ്പനിയുടെപ്രവര്‍ത്തനം ആരംഭിച്ച ശേഷമാണ്‌ നമ്മുടെ നാടിന്റെ ചരിത്രത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്നത്‌.

ബ്രിട്ടീഷ്‌ ആധിപത്യം

ആശങ്കകളുടെയും അനാഥത്വത്തിന്റെയും ഈ ഇടവേളകളിലാണ്‌ 1792 മാര്‍ച്ച്‌ 23ന്‌ അന്നത്തെ ഗവര്‍ണ്ണര്‍ ജനറലായ കോണ്‍വാലീസ്‌ പ്രഭുവിന്റെ നിര്‍ദ്ദേശപ്രകാരം മലബാറിന്റെ നിലവിലുള്ള സ്ഥിതിഗതികള്‍ പഠിച്ച്‌ പരിശോധിച്ച്‌ ഭാവിഭരണത്തിന്‌ സംവിധാനമുണ്ടാക്കാന്‍ കമ്മീഷണര്‍മാര്‍ എന്നൊരു ഉയര്‍ന്ന ഉദ്യോഗസ്ഥ സംഘമുണ്ടാവുന്നത്‌. തന്ത്രശാലികളായ ഈ കമ്മീഷണര്‍മാര്‍ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സൗഹൃദം നടിച്ചും നാട്ടുരാജ്യങ്ങളെ തങ്ങളുടെ അധികാരത്തിലും അധീനതയിലും കൊണ്ടുവരാന്‍ തുടങ്ങി. കീഴടങ്ങല്‍ വ്യവസ്ഥപ്രകാരം സുഹൃത്തുക്കളായ രാജ്യങ്ങള്‍ക്ക്‌ സ്വന്തം നാട്‌ വീണ്ടെടുക്കുകയോ തുടര്‍ന്നും ബ്രിട്ടീഷ്‌ ആധിപത്യത്തില്‍ കഴിഞ്ഞുകൂടുകയോ ചെയ്യാം എന്ന ഒരു ഔദാര്യംകൂടി അവര്‍ നല്‍കി. അങ്ങിനെ നിരവധി ഉടമ്പടികളിലൂടെയാണ്‌ ക്രമേണ മലബാര്‍ ബ്രിട്ടീഷ്‌ ആധിപത്യത്തിലായത്‌.

ആദ്യം കടത്തനാട്‌ രാജാവ്‌ ഒത്തുതീര്‍പ്പിന്‌ വഴങ്ങി. അദ്ദേഹം തന്റെ അധികാരവും അവകാശവും കമ്പനിയുടെ നിയന്ത്രണത്തിനു വിധേയമാക്കി നിലനിര്‍ത്തി. കമ്മീഷണര്‍മാര്‍ പിന്നീട്‌ സാമൂതിരിയെ സമീപിച്ചെങ്കിലും ഉടമ്പടിക്കായി അദ്ദേഹം ധൃതികാണിച്ചില്ല. അതിനാല്‍ കമ്മീഷണര്‍മാര്‍ ഒരു ഉപായം പ്രയോഗിച്ചു. അവര്‍ കുറുമ്പ്രനാട്‌ രാജാവിന്റെ അടുത്തെത്തി. യഥാര്‍ത്ഥ കുറുമ്പ്രനാട്‌ രാജ ടിപ്പുവിനെ ഭയന്ന്‌ തെക്കന്‍ പ്രദേശത്തേക്ക്‌ ഓടിപ്പോയിരുന്നു. കുറുമ്പ്രനാട്‌ രാജവംശത്തില്‍ അവകാശിയില്ലാത്തതിനാല്‍ കോട്ടയം രാജവംശത്തില്‍ നിന്ന്‌ ദത്തെടുക്കപ്പെട്ട വീരവര്‍മ്മരാജയായിരുന്നു അന്ന്‌ കുറുമ്പ്രനാട്‌ രാജ എന്ന നിലയില്‍ അധികാരത്തില്‍ ഉണ്ടായിരുന്നത്‌. ഇദ്ദേഹം പഴശ്ശിയുടെ മാതുലനുമായിരുന്നു. വീരവര്‍മ്മനാണ്‌ കുറുമ്പ്രനാട്‌ രാജ എന്ന്‌ പ്രഖ്യാപിച്ച്‌ കമ്മീഷണര്‍മാര്‍ അദ്ദേഹവുമായി 1792 മെയ്‌ 27ന്‌ ഒരു ഉടമ്പടിയുണ്ടാക്കി. ഇതുപ്രകാരം സാമൂതിരിയുടെ കീഴിലുണ്ടായിരുന്ന പയ്യനാട്‌, കൊളക്കാട്‌, പയ്യോര്‍മല, കിഴക്കാമ്പുറം, എന്നിവയൊക്കെ കമ്പനിയുടെ അധീനതയിലായി. ഇതിനുപറഞ്ഞ ന്യായം ഇതൊക്കെ ടിപ്പു പിടിച്ചടക്കിയ കുറുമ്പ്രനാടിന്റെ ഭാഗങ്ങളെന്ന നിലക്ക്‌ കൈകാര്യം ചെയ്‌തുവരുന്നതാണ്‌ എന്നായിരുന്നു. തന്റെ കൈവശമുള്ള സ്ഥലങ്ങളൊക്കെ കമ്പനി അധീനപ്പെടുത്തിയതുകണ്ടിട്ടും തല്‍ക്കാലം ഈ അന്യായത്തിനെതിരെ പ്രതികരിക്കാന്‍ സാമൂതിരിക്ക്‌ കഴിഞ്ഞില്ല.

ആദ്യം കമ്പനി 140000 രൂപക്ക്‌ ഈ പ്രദേശങ്ങള്‍ പാട്ടത്തിന്‌ വീരവര്‍മ്മയെത്തന്നെ ഏല്‍പ്പിച്ചുകൊടുത്തെങ്കിലും പിന്നീട്‌ പാട്ടകരാര്‍ ദുര്‍ബലപ്പെടുത്തി പയ്യനാടടക്കം മൂന്ന്‌ പ്രദേശങ്ങള്‍ അവര്‍ തന്നെ നേരിട്ട്‌ ഭരിക്കാന്‍ തുടങ്ങി. പയ്യനാട്ടെ നാല്‌ പ്രധാന നാടുവാഴികള്‍ സാമൂതിരിയെ പരമാധികാരിയായി അംഗീകരിച്ചതിനാല്‍ ലാഭത്തില്‍ പകുതി സാമൂതിരിക്ക്‌ കൊടുക്കാമെന്ന്‌ പിന്നീട്‌ കമ്പനി സമ്മതിച്ചെങ്കിലും പയ്യനാട്‌ കമ്പനിയുടെ നേരിട്ടുള്ള ഭരണത്തില്‍ തന്നെ കഴിഞ്ഞു. 1792 ഫിബ്രവരി 22, മാര്‍ച്ച്‌ 18 എന്നീ ദിവസങ്ങളിലെ ഉടമ്പടികള്‍ പ്രകാരം മലബാറിലെ നാടുകള്‍ പൂര്‍ണ്ണമായും കമ്പനിയുടെ അധീനതയിലായി.

അതിനുശേഷം തങ്ങളുടെ അധീനതയിലുള്ള മലബാര്‍നാടുകള്‍ക്ക്‌ ഒരു പൊതു ഗവണ്‍മെന്റ്‌ രൂപീകരിക്കാനുള്ള നടപടികള്‍ കമ്പനി ആരംഭിച്ചു. അതിന്റെ ഭാഗമായി കോഴിക്കോട്‌ സംസ്ഥാനവും മലബാര്‍ പ്രവിശ്യയും നിലവില്‍ വന്നു. പിന്നീട്‌ മലബാര്‍ പ്രവിശ്യ രണ്ട്‌ സൂപ്പരന്‍സികളായി. ചിറക്കല്‍ മുതല്‍ കുറുമ്പ്രനാട്‌ വരെയുള്ള വടക്കന്‍ സൂപ്പരന്‍സിയുടെ ആസ്ഥാനം തലശ്ശേരിയായിരുന്നു. നമ്മുടെ പയ്യനാടും കോഴിക്കോടിനടുത്തുള്ള കിഴക്കാമ്പുറവും വടക്കാമ്പുറവും ഇതില്‍പ്പെടുത്തി. 1793 ജൂലായ്‌ ഒന്നുമുതല്‍ പ്രാബല്ല്യത്തില്‍ വരും വിധം സിവിലും ക്രിമിനലുകളുമായ നീതിന്യായ വ്യവസ്ഥയും പിന്നീട്‌ നടപ്പിലാക്കി. അതിന്റെ അടിസ്ഥാനത്തിലാണ്‌ 1864 ല്‍ പയ്യനാട്‌ മുന്‍സീപ്പ്‌ കോടതി എന്നപേരില്‍ കൊയിലാണ്ടിയില്‍ ആദ്യത്തെകോടതി സ്ഥാപിക്കപ്പെട്ടത്‌.

1801 സപ്‌തംബര്‍ അഞ്ചിന്‌ കമ്മീഷണര്‍മാര്‍ ആവശ്യമില്ലെന്ന്‌ ഉത്തരവുണ്ടായി. പകരം പ്രിന്‍സിപ്പല്‍ കലക്ടറും അസിസ്റ്റന്റ്‌ കലക്ടറും ഉണ്ടായി. ഇതിനിടെ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ തുടര്‍ന്ന്‌ കമ്പനിഭരണം അവസാനിക്കുകയും ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ അധികാരം ഏറ്റെടുക്കുകയും ചെയ്‌തിരുന്നു. അചിരേണ മലബാര്‍ ജില്ലയും കുറുമ്പ്രനാട്‌ താലൂക്കും നിലവില്‍ വന്നു. വടക്ക്‌, തെക്കന്‍ കര്‍ണ്ണാടക ജില്ലയും കിഴക്ക്‌, കുടക്‌ മൈസൂര്‍ നീലഗിരി പ്രദേശങ്ങളും തെക്ക്‌, കൊച്ചിരാജ്യവും പടിഞ്ഞാറ്‌ അറബിക്കടലുമായിരുന്നു മലബാറിന്റെ അതിര്‌. വടക്കു കുഞ്ഞപ്പള്ളി മുതല്‍ തെക്ക്‌ കോരപ്പുഴ വരെയായിരുന്നു നാം ഉള്‍പ്പെട്ട കുറുമ്പ്രനാട്‌ താലൂക്ക്‌. ആദ്യ മലബാര്‍കലക്ടറായി കോഴിക്കോട്ട്‌ വില്ല്യംമക്ലിയോട്‌ നിയമിതനായി.

അങ്ങിനെ ചെങ്ങോട്ടുകാവ്‌ കേരളപ്പിറവിവരെ മലബാര്‍ജില്ലയിലെ കുറിമ്പ്രനാട്‌ താലൂക്കിലെ മേലൂരിന്റെയും ചേമഞ്ചേരിയുടെയും ഭാഗമായി നിലകൊള്ളുകയും ചെയ്‌തു.

അശഭരണം

1822-23 കാലത്താണ്‌ അംശം ഭരണമെന്ന റവന്യൂരീതി നടപ്പിലാകുന്നത്‌. ടിപ്പുവിന്റെ പതനത്തിനുശേഷം അലങ്കോലപ്പെട്ടു പോയ നിരവധി നാടുവാഴിഭരണവ്യവസ്ഥയില്‍ നിരവധി ഉടമ്പടികളിലൂടെയും കൈമാറ്റത്തിലൂടെയും ഈസ്റ്റിന്ത്യാക്കമ്പനിയുടെ കൈവശത്തിലായ മലബാര്‍ പ്രദേശത്തിന്റെ പുനസംഘടനക്കുവേണ്ടി എച്ച്‌. എസ്‌. ഗ്രാമെ എന്ന കമ്മീഷണര്‍ നിയോഗിക്കപ്പെട്ടു. ഗ്രാമെ നിലവിലുണ്ടായിരുന്ന ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ അംശങ്ങളാക്കി പുനസംഘടിപ്പിച്ചു. തറയാണ്‌ ദേശം എന്ന തെറ്റിദ്ധാരണമൂലമാണ്‌ ഗ്രാമെ ഈ അബദ്ധം ചെയ്‌തതെന്ന്‌ ലോഗന്‍ പറയുന്നുണ്ട്‌.

തറയെ ശക്തമായ ഒരു ഗ്രാമഭരണ സംവിധാനമാക്കി ഭരണം സുതാര്യവും ലളിതവുമാക്കുന്നതിന്‌ പകരം ഗ്രാമെ അംശങ്ങളാക്കി അതിനെ നാനാവിധമാക്കുകയാണ്‌ ചെയ്‌തത്‌. നമ്മുടെ നാട്ടിലെ ഗ്രാമസ്വഭാവത്തിന്റെ അന്തസ്സത്ത നിശ്ചയമില്ലാത്ത ഗ്രാമെ അതിന്റെ യഥാര്‍ത്ഥ ചൈതന്യത്തെ നിഹനിച്ചുകളഞ്ഞു.

പുരാതന കുറുമ്പ്രനാട്ടില്‍പ്പെട്ട കൊല്ലം രാജാധിപത്യത്തില്‍ നിന്ന്‌ പിടിച്ചെടുത്ത്‌ സാമൂതിരി കൈവശം വെച്ചതും പിന്നീട്‌ ബ്രിട്ടീഷ്‌ ആധിപത്യത്തില്‍ വന്നതുമായ നാടാണ്‌ പയ്യനാടെന്ന്‌ മുമ്പെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഗ്രാമെ വിവിധ ദേശങ്ങള്‍ ചേര്‍ത്ത്‌ കീഴരിയൂര്‍, മൂടാടി, പള്ളിക്കര, മേലടി, വിയ്യൂര്‍, അരിക്കുളം, മേലൂര്‍, ചേമഞ്ചേരി, തിരുവങ്ങൂര്‍, പന്തലായനി എന്നീ പത്ത്‌ അംശങ്ങളായി പയ്യനാട്ടിനെ വിഭജിച്ചു. കുറുമ്പ്രനാട്ടില്‍ ആകെ 57 അംശങ്ങള്‍ ഉണ്ടായിരുന്നു. ബ്രിട്ടീഷ്‌അധീനതയിലായിരുന്നെങ്കിലും പഴയ മാമൂല്‍ അനുസരിച്ച്‌ പുനം പുത്തലം തറവാട്ടുകാരും ചില ക്ഷേത്രങ്ങളും സാമൂതിരിയുമായുള്ള ബന്ധം വിച്ഛേദിക്കാതെ അധീശത്വം അംഗീകരിച്ച്‌ കഴിഞ്ഞുകൂടി.

ചേമഞ്ചേരി അംശത്തിലെ ഒരു ദേശമായിരുന്നു എടക്കുളം. വളരെക്കാലം ഇങ്ങനെ കഴിഞ്ഞശേഷം 1900-ന്‌ ശേഷമാണ്‌ ചേമഞ്ചരി അംശം ഭാഗിച്ച്‌ എടക്കുളത്തെ ഒരു സ്വതന്ത്ര അംശമാക്കിയത്‌. അതിനുമുമ്പുള്ള പ്രമാണങ്ങളിലെല്ലാം ചേമഞ്ചേരി അംശം എടക്കുളം ദേശം എന്നാണ്‌ കാണുക. കേരളപ്പിറവി പരെ ചെമഞ്ചേരി എടക്കുളം മേലൂര്‍ എന്നീ അംശങ്ങള്‍ വേറെയായിക്കിടന്നു. എടക്കുളത്തില്‍ എടക്കുളം, മങ്ങാട്‌ ദേശങ്ങളും മേലൂരില്‍ മേലൂര്‍ എളാട്ടേരി ചേലിയ ദേശങ്ങളുമായിരുന്നു ഉണ്ടായിരുന്നത്‌. കേരളപ്പിറവിക്കുശേഷം എടക്കുളം മേലൂര്‍ അംശങ്ങള്‍ ഒന്നിച്ച്‌ ചെങ്ങോട്ടുകാവുവില്ലേജ്‌ ആയിത്തീരുകയും ചെയ്‌തു.

അംശംവ്യവസ്ഥ നിലവില്‍ വന്നപ്പോള്‍ അംശമെന്ന ഗ്രാമത്തിന്റെ ഭരണത്തിന്‌ അധികാരമുള്ള ആളെ ഗ്രാമഅധികാരി എന്നപേരില്‍ അധിപതിയാക്കി. തറയിലെ അധികാരശക്തിയും സ്വാധീനവുമുള്ള തറവാട്ടുമുഖ്യരെയാണ്‌ പൗരാണിക വ്യവസ്ഥക്ക്‌ വിധേയമാക്കി ഗ്രാമെ അധികാരമാക്കിയത്‌. സ്വാഭാവികമായും അത്‌ നാട്ടിലെ പ്രബലശക്തികളും മുഖ്യന്മാരുമായ പുനം, പുത്തലം സ്ഥാനികുടുംബാംഗങ്ങള്‍ക്കും സാമൂതിരിയുടെ കാര്യസ്ഥന്മാരായ പൊറ്റമ്മല്‍നമ്പീശന്‍ കുടുംബാംഗങ്ങള്‍ക്കും ലഭിച്ചു. രസകരമായ വസ്‌തുത മേലൂര്‍, എടക്കുളം, പന്തലായനി, ചേമഞ്ചരി, തിരുവങ്ങൂര്‍ എന്നീ അംശങ്ങളിലെല്ലാം അധികാരിമാരായത്‌ പുനം, പുത്തലം തറവാട്ടുകാര്‍ മാത്രമായിരുന്നു എന്നതാണ്‌. പൊറ്റമ്മല്‍നമ്പീശന്‌ മൊടക്കല്ലൂര്‍, കുന്നത്തറ എന്നീ കിഴക്കന്‍ അംശങ്ങളാണ്‌ ലഭിച്ചത്‌.

എടക്കുളത്തും തിരുവങ്ങൂരും പുളിയേരി, തുലാമ്പോവില്‍ അംഗങ്ങളും ചേമഞ്ചേരിയില്‍ കിഴുംപറമ്പത്തുകാരും മേലൂര്‍, പന്തലായനി എന്നിവിടങ്ങളില്‍ പാറക്കല്‍തറവാട്ടുകാരും കുറുവങ്ങാട്ട്‌ വടക്കയില്‍ അംഗങ്ങളും അധികാരിമാരായി. ഇവരൊക്കെ അതാതിടത്തെ ദേശവാഴികളും കൂടിയായിരുന്നു.

എടക്കുളത്തെ ആദ്യഅധികാരി പണിക്കോട്ടില്‍ രാമന്‍കിടാവ്‌ ആയിരുന്നു. കുറുവട്ടഞ്ചേരി രാമന്‍കിടാവ്‌, നാറാണത്ത്‌്‌ രാമന്‍കിടാവ്‌, കുനിയില്‍ രാരുക്കുട്ടികിടാവ്‌, പൊറ്റമ്മല്‍ ശങ്കുണ്ണി നമ്പീശന്‍ എന്നിവരൊക്കെ വിവിധ അംശങ്ങളിലെ പ്രസിദ്ധ അധികാരിമാരുടെ കൂട്ടത്തില്‍പ്പെടുന്നു.

പാരമ്പര്യമനുസരിച്ചായിരുന്നു അധികാരിജോലിയുടെ പിന്തുടര്‍ച്ചാവകാശം. 'സന്നദ്‌്‌' എന്ന അധികാരവ്യവസ്ഥയിലൂടെ മരുമക്കത്തായ രീതിയില്‍ സംവരണം ചെയ്യപ്പെട്ട്‌്‌്‌ കുടുംബാംഗങ്ങള്‍ക്കിടയില്‍ അധികാരയുദ്യോഗം തുടര്‍ന്നുപോന്നു.

കേരളപ്പിറവിക്കുശേഷം ഈ രീതി അവസാനിക്കുകയും വില്ലേജ്‌ ഓഫീസര്‍ എന്ന പേരില്‍ സര്‍ക്കാര്‍ ഗ്രാമത്തലവനെ നിയമിക്കുകയും ചെയ്‌തുപോന്നു. സന്നദ്‌്‌ എന്ന അധികാര വ്യവസ്ഥ ഇന്ന്‌്‌്‌ ഇന്ത്യയില്‍ പോലീസിനും വക്കീലിനും മാത്രമേ ഉള്ളൂ. ഓരോ അംശത്തിലും അധികാരിയുടെ കൂടെ ഒരു ഹെഡ്‌മാനും മേനോന്‍ എന്ന കണക്കെഴുത്തുകാരെനും, അളക്കുകയും മറ്റും ചെയ്യാന്‍ പാര്‍വ്വത്യക്കാര്‍ (പ്രവൃത്ത്യാര്‍) എന്നു പറയിന്ന രണ്ടു കോല്‍ക്കാരന്മാരും നിയമിക്കപ്പെട്ടു. ഇന്നത്തെ വില്ലേജ്‌ അസിസ്റ്റന്റ്‌്‌്‌, വില്ലേജ്‌മേന്‍ എന്നിവര്‍ക്ക്‌്‌ തുല്ല്യമായ ഉദ്യോഗങ്ങളായിരുന്നു അവ. എ.പി.ഉണ്ണിക്കിടാവ്‌ ആയിരുന്നു എടക്കുളത്തെ അവസാന അധികാരി.

പണ്ടുകാലത്ത്‌്‌ അധികാരമുള്ള ആള്‍ എന്ന അര്‍ത്ഥത്തില്‍ തന്നെയാണ്‌ അധികാരി എന്ന പദമുപയോഗിച്ചത്‌്‌. ഗ്രാമത്തിലെ സര്‍വ്വശക്തന്‍ തന്നെയായിരുന്നു അദ്ദേഹം. അധികാരിയുടെ സമ്മതത്തോടെ മാത്രമേ പോലീസിന്‌ ഗ്രാമത്തില്‍ കടക്കാന്‍ പാടുള്ളൂ. ഗ്രാമത്തിലെ ക്രമസമാധാനപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതും നികുതിപിരിക്കുന്നതും അധികാരി തന്നെ.

ഒരുകൂട്ടം നാട്ടുകാരണവന്മാര്‍ വിവേകപൂര്‍വ്വം ഭരണം നടത്തിയിരുന്ന തറ സംവിധാനം തകര്‍ത്ത്‌്‌ അവിടെ അധികാരി എന്ന ഒരു വ്യക്തി ഭരിക്കാന്‍ തുടങ്ങിയപ്പോള്‍ ഏകാധിപത്യത്തിന്റെ ഗുണദോഷഫലങ്ങള്‍ ഉണ്ടായത്‌്‌ സ്വാഭാവികമാണ്‌. ഗ്രാമത്തില്‍ പൊതുവെ ശക്തമായ നിയമവാഴ്‌ച സ്ഥാപിക്കപ്പെടുകയും കുറ്റകൃത്യങ്ങള്‍ കുറയുകയും ചെയ്‌്‌തു. എങ്കില്‍പ്പോലും ഒരേയൊരാളുടെ ഭരണം എന്ന ന്യൂനത ഇതിനുണ്ടായി. പലപ്പോഴും വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടു. എന്തുകുറ്റം ചെയ്‌താലും അധികാരിയെ അഭയം പ്രാപിച്ച്‌ പ്രസാദിപ്പിച്ചാല്‍ രക്ഷപ്പെടാമായിരുന്നു. 75 കൊല്ലംമുമ്പ്‌ അരങ്ങാടത്തുനടന്ന ഒരു കൊലപാതകത്തിലെ പ്രതി അധികാരിയുടെ കനിവ്‌മൂലം നിരപരാധിയായി രക്ഷപ്പെട്ടത്‌ ഇതിനുദാഹരണമാണ്‌.

ഗ്രാമത്തില്‍ ഒരു പ്രധാന സംഭവമുണ്ടായാല്‍ അധികാരി 'യാദാസാത്‌' എന്നുപറയുന്ന റിപ്പോര്‍ട്ട്‌ മേലാവിലേക്ക്‌ അയക്കുന്നു. ഈ യാദാസ്‌തുമായി പോകുന്ന വില്ലേജ്‌മേനെ കണ്ടാല്‍ ആരും വഴിമാറിക്കൊടുക്കണമെന്നായിരുന്നു നിയമം. യാദാസ്‌ത്‌ എന്നു പറഞ്ഞുകൊണ്ട്‌ ഏത്‌ പാതിരാവിലും മജിസ്‌ത്രേട്ടിന്റെ വീട്ടില്‍ കയറിച്ചെല്ലാം. ഓരോ റിപ്പോര്‍ട്ടിനും മൂന്ന്‌ പ്രതിയൂണ്ടാകും. ഒന്ന്‌ പോലീസാണ്‌. മറ്റൊന്ന്‌ മജിസ്‌ത്രേട്ടേിനോ മുന്‍സിപ്പിനോ; മൂന്നാമത്തേത്‌ ഓഫീസ്‌ കോപ്പിയായി സൂക്ഷിക്കും. ഒരേ സമയത്ത്‌ ഗ്രാമമുന്‍സീഫ്‌, മജിസ്‌ത്രേട്ട്‌, ജനനമരണരജിസ്‌ത്രാര്‍, പൗണ്ട്‌ കീപ്പര്‍ എന്നീ നാല്‌ ഉദ്യോഗങ്ങള്‍ അദ്ദേഹം വഹിക്കുന്നുണ്ടാവും. ഇരുപത്‌ രൂപവരെ സലയുള്ള സിവില്‍ക്കേസുകള്‍ ഗ്രാമമുന്‍സീഫ്‌ എന്ന നിലയിലുമ അടിക്കാനോങ്ങുക, ഭീഷണിപ്പെടുത്തുക, കളവുനടത്തുക എന്നിവ ഗ്രാമമജിസ്‌ത്രേട്ട്‌ എന്ന നിലയിലും വിചാരണചെയ്യാം.

കേസു വിചാരണകളില്‍ അമ്പതു രൂപവരെ പിഴവിളിക്കാനും അധികാരിക്ക്‌ അധികാരമുണ്ടായിരുന്നു. പൗണ്ട്‌ കീപ്പര്‍ എന്ന നിലക്ക്‌, അലഞ്ഞു തിരിയുന്നകാലികളെ പിടിച്ചുകെട്ടി, നിശ്ചിതദിവസത്തിനകം ചെലവ്‌ നല്‍കി ഉടമസ്ഥര്‍ കൊണ്ടുപോകുന്നില്ലെങ്കില്‍ പരസ്യമായി ലേലം ചെയ്‌ത്‌ ഖജനാവിലേക്ക്‌ മുതല്‍ക്കൂട്ടുകയും ചെയ്യാം. 1944-ല്‍ ഒരു വിവിധ സിവില്‍ക്കേസ്‌ വിധിപറഞ്ഞതിന്‌ പൊറ്റമ്മല്‍ നമ്പീശന്‌ അവാര്‍ഡ്‌ എന്ന നിലയില്‍ കലക്ടര്‍ മുഖേന സര്‍ക്കാര്‍ നല്‍കിയ വിശേഷപ്പെട്ട ഒരു വാക്കിംഗ്‌സ്‌്‌റിക്ക്‌ ഇന്നും പൊറ്റമ്മല്‍ ഉണ്ട്‌.

നികുതി പിരുവും അധികാരിയുടെ പ്രധാന ജോലിയായിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ നികുതിരജിസ്‌ത്രറുകള്‍ പെട്ടിയിലാക്കി പരിശോധനക്കായി മേല്‍ ഓഫീസിലേക്ക്‌ ഹെഡ്‌മേന്‍ ചുമന്നുകൊണ്ടുപോകണം. ഇതിന്‌ ജമാബന്തി എന്നാണ്‌ പറഞ്ഞിരുന്നത്‌. മുമ്പ്‌ അധികാരിക്ക്‌ ഓഫീസ്‌ ഉണ്ടായിരുന്നില്ല. രജിസ്‌ത്രറ്‌കള്‍ പെട്ടിയിലാക്കി അധികാരിയുടെ വീട്ടില്‍ സൂക്ഷിക്കും. ഓരോ സ്ഥലത്തും കേമ്പ്‌ ചെയ്‌ത്‌ നികുതി പിരിക്കാന്‍ രജിസ്‌ത്രറുകള്‍ പെട്ടിയോടെ കൊണ്ട്‌ പോകുകയും വേണം. 1998ലാണ്‌ ഇന്നത്തെ ഏകികരിക്കപ്പെട്ട നികുതി ഏക്കറിന്‌ 41 രൂപ എന്ന നിരക്കിലായത്‌. ഇന്നത്തെ പഞ്ചായത്ത്‌ ഓഫീസില്‍ നല്‍കുന്ന സ്ഥലത്ത്‌ അറുപത്‌ കൊല്ലം മുമ്പ്‌ ഒരു ഷെഡ്‌ ഉള്ളതായി ചിലര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാകും പണ്ടത്തെ ഓഫീസിന്റെയും ആലയുടെയും അവശിഷ്ടങ്ങളായിരുന്നു അവ. നല്ലൊരു സ്ഥിരം ഓടിട്ട കെട്ടിടം ഉണ്ടായത്‌ 1928ലാണ്‌. അംശകച്ചേരി എന്നായിരുന്നു ആപ്പീസിന്റെ അന്നത്തെ പേര്‌. മേനോനായിരുന്ന വയപ്പുറത്ത്‌ അപ്പുക്കിടാവാണ്‌ അത്‌ പണികഴിപ്പിച്ചത്‌. പിന്നീട്‌ ഗവണ്‍മെന്റ്‌ അത്‌ ഏറ്റെടുത്തു.

1983ല്‍ ശിലാസ്ഥാപനം നിര്‍വ്വഹിക്കപ്പെട്ട ഇന്നത്തെ പുതിയകെട്ടിടം 1986 മാര്‍ച്ച്‌ 30ന്‌ എം.കുട്ട്യാലി എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ഇന്ന്‌ ഉദ്യോഗത്തിനും മറ്റെല്ലാകാര്യങ്ങളുടെയും അടിസ്ഥാന രേഖകള്‍ നല്‍കുന്ന ഗ്രാമത്തിലെ ഏറ്റവും തിരക്കുള്ളതും പ്രധാനവുമായ സര്‍ക്കാര്‍ കാര്യാലയമാണ്‌ വില്ലേജ്‌ ഓഫീസ്‌.

തയ്യാറാക്കിയത്‌ : 
എ.പി.സുകുമാരന്‍ കിടാവ്‌

No comments: