മീത്തലെ പുനത്തില്‍, ചീനംവീട്‌

വളരെക്കാലം ആരാധനയും ഉത്സവങ്ങളും നടത്തുകയും തറവാട്‌ ഭാഗിച്ചുപോയതുകൊണ്ട്‌ അവടൊക്കെ മുടങ്ങിപ്പോവുകയും ചെയ്‌ത ചില ക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്‌. ഇക്കൂട്ടത്തില്‍ മീത്തലെ പുനത്തില്‍ ശിവക്ഷേത്രത്തിലും ചീനംവീട്ടിലെ പേരില്ലാത്തവന്റെ ക്ഷേത്രത്തിലും അടുത്തകാലത്തായി നാട്ടുകാരുടെ സഹകരണത്തോടെ ഉത്സവങ്ങള്‍ പുനരാരംഭിച്ചുട്ടുണ്ട്‌. മീത്തലെ പുനത്തില്‍ ശിവക്ഷേത്രം വാരിയത്ത്‌ വകയാണ്‌. ചീനംവീട്ടുകാര്‍ വീരിനെല്ലൂളിക്കാരാണ്‌. പണ്ട്‌ അവിടെയുള്ള വൃദ്ധയായ ഒരു സ്‌ത്രീ പതിവുപോലെ രാവിലെ നിലവിളക്കുകത്തിക്കാന്‍ എഴുന്നേറ്റുനോക്കിയപ്പോള്‍ തീയില്ല്‌. തീപ്പെട്ടി പ്രചാരത്തിലില്ലാത്ത അക്കാലത്ത്‌ തീക്കൊട്ടയില്‍നിന്നാണ്‌ തീ കൊളുത്തുക. ഒരു മണ്‍പാത്രത്തില്‍ ഉമി നിറച്ച്‌ തീകെടാതെ സൂക്ഷിക്കുന്ന വിദ്യയാണ്‌ തീക്കൊട്ട. അന്ന്‌ തീക്കൊട്ടയിലെ തീ കെട്ടുപോയിരിക്കുന്നു. വിളക്കുകൊളുത്താന്‍ വിഷമിച്ചിരിക്കുമ്പോള്‍ പെട്ടന്ന്‌ ആരോ ഒരാള്‍ തീയുള്ള തീക്കൊട്ട കൊണ്ടുവന്നു പെട്ടന്ന്‌ അപ്രത്യക്ഷമാവുകയും ചെയ്‌തു. ആരാണെന്ന്‌ ചൊദിച്ചിട്ട്‌ മറുപടി ഇല്ല. തീ കൊളുത്തിയതിനുശേഷം ആരാണിത്‌ തന്നത്‌പേരില്ലാത്തോനോ എന്ന്‌ അവര്‍ വീണ്ടും വീണ്ടും സ്വയം ചോദിച്ചു. ഒരു ദേവചൈതന്യമായ അതിനെ സങ്കല്‍പ്പിച്ചാണെത്രെ ചീനംവീട്‌ പേരില്ലാത്തോന്‍ ക്ഷേത്രമുണ്ടായത്‌.