മതിരോളി, കാരയില്‍, കരിനെറ്റിക്കല്‍

നെല്ലൂളിക്കുന്നിന്‌ താഴെയുള്ള മതിരോളിയും മേലൂക്കരയിലുള്ള കാരയിലും ചേലിയയിലുള്ള കരിനെറ്റിക്കലും ദളിത സമുദായക്കാരുടെതായി അറിയപ്പെടുന്നു.

മതിരോളിയില്‍ ഈ അടുത്തകാലം വരെ ഉത്സവമുണ്ടായിരുന്നു. ഒരു വലിയ നാഗക്കാവും നാഗപ്രതിഷ്‌ഠയും ഈ പറമ്പിലുണ്ട്‌. ഭഗവതിയുടെ നാലു ഭാവങ്ങളിലുള്ള പ്രതിഷ്‌ഠകളും ഉണ്ട്‌. ഉത്സവദിവസം കരിനെറ്റിക്കല്‍ ക്ഷേത്രത്തിലേക്ക്‌ ആഘോഷവരവും ഉണ്ടാകാറുണ്ട്‌. കെട്ടിയാടുന്ന തിറകള്‍ സമീപത്തുള്ള ചോയിമഠത്തിലും കിഴക്കെ മതിരോളിയിലും പോകുന്നത്‌ അവയൊക്കെ ഒരു കാലത്ത്‌ ഇതിനോടനുബന്ധപ്പെട്ട ബ്രാഹ്മണഗൃഹങ്ങളായതുകൊണ്ടാണത്രെ. ടിപ്പുവിന്റെ കാലത്ത്‌ ഉണ്ടായിരുന്ന സ്വര്‍ണ്ണമെല്ലാം സമീപത്തെ കിണറ്റിലിട്ട്‌ ഇവര്‍ ഓടിപ്പോയെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. മതിരോളിയും കരിനെറ്റിക്കലും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ കരിനെറ്റിക്കലില്‍ മാത്രമെ ഉത്സവം നടക്കുന്നുള്ളൂ.

മേലൂര്‍ക്കരയിലെ മണ്ണാത്തിപ്പറമ്പില്‍ ഒരു കാലത്ത്‌ ധാരാളം ദളിത കുടുംബങ്ങളുണ്ടായിരുന്നു. അക്കൂട്ടത്തിലുള്ള ഒരു യുവാവ്‌ കളരി അഭ്യാസവും ഒടിമറിച്ചിലും പരിശീലിച്ചിരുന്നു. സ്ഥാനികുടുംബത്തിലെ ഒരാള്‍ക്ക്‌ ഈ യുവാവിനോട്‌ എന്തോ കടുത്ത്‌ ശത്രുത ഉണ്ടാവുകയും ഒരു ദിവസം രാത്രി ചതിയില്‍ വെടിവെച്ച്‌ കൊല്ലുകയും ചെയ്‌തു എന്നൊരു കേള്‍വിയുണ്ട്‌. അഭ്യാസിയായ ആ യുവാവിനെയും മുത്തപ്പനെയും സങ്കല്‍പ്പിച്ച്‌ ഇവിടെ ആരാധിക്കുന്നു. കുറച്ചുകാലം മുമ്പുവരെ ഇവിടെ ഉത്സവമുണ്ടായിരുന്നു.

No comments: