കെ. രാഘവന്‍ കിടാവ്‌

.....കൊയിലാണ്ടി ബജാറിലൂടെ നീങ്ങിയ ഭൂദാന ജാഥയില്‍ ഒരംഗമായി ഞാനും പിന്തുടര്‍ന്നു......... രാവിലെ ഒമ്പതു മണിയോടെ ജാഥ ചെങ്ങോട്ടുകാവിലെത്തി. പ്രാതലും അല്‍പനേരത്തെ വിശ്രമവും ഏര്‍പ്പാടാക്കിയത്‌ ചെങ്ങോട്ടുകാവിലെ രാഘവന്‍കിടാവ്‌ വൈദ്യരുടെ വൈദ്യശാലക്കു മുകളിലെ മുറിയിലും തിണ്ണയിലുമൊക്കെയായിട്ടാണ്‌. വൈദ്യരുടെ വകയായുള്ള ഒരു ഖാദി വസ്‌ത്രാലയവും അവിടെയുണ്ട്‌. അവിടെ കയറി ചെന്ന ജാഥാംഗങ്ങളില്‍ എന്നെ ഒരാള്‍ തുറിച്ചു നോക്കുന്നതു കണ്ടു. വൈദ്യരോട്‌ എന്നെ ചൂണ്ടി എന്തോ ചോദിക്കുന്നുമുണ്ട്‌. വൈദ്യര്‍ എന്നെ കൈ മാടി വിളിച്ചു. വൈദ്യരുടെ മുറിയില്‍ കസേരയില്‍ ഇരിക്കുന്ന മെല്ലിച്ചു നേര്‍ത്ത ആളാരാണെന്ന്‌ എനിക്കന്നറിയില്ലായിരുന്നു. (പന്മപ്രഭാ ഗൗഡര്‍) ആ വട്ട കണ്ണുകളിലെ ആജ്‌്‌ഞാ ശക്തിയുള്ള തിളക്കം മനസ്സില്‍ തറഞ്ഞു. "സര്‍വ്വോദയ പ്രവര്‍ത്തകരുടെ കാല്‍നടജാഥയില്‍ അംഗമായത്‌ നന്നായി. എന്തേ ഖദറുടുക്കാത്തത്‌ ?" അദ്ദേഹം ചോദിച്ചു.ഞാനും സത്യത്തില്‍ അന്നേരത്തു മാത്രമാണ്‌ അതിനെക്കുറിച്ച്‌ ആലോചിച്ചത്‌. ഞാന്‍ മാത്രമാണ്‌ ഖദര്‍ധാരിയല്ലാത്ത അംഗം. ആകപ്പാടെ രണ്ടുടുപ്പുകളെ എന്റെ പക്കലുള്ളു. അത്‌ നിത്യേനയെന്നോണം തിരുമ്മി വെളുപ്പിച്ച്‌ ഇസ്‌തിരിയിട്ടാണ്‌ ഞാന്‍ പത്രാസ്സിന്‌ കുറവു തട്ടാതെ കഴിഞ്ഞുകൂടിയിരുന്നത്‌. അക്കാലത്ത്‌ പാരച്യൂട്ട്‌ എന്നറിയപ്പെട്ടിരുന്ന സില്‍ക്ക്‌ ശീലയില്‍ തയ്‌ചതാണ്‌ എന്റെ ഷര്‍ട്ട്‌. സ്റ്റേപ്പിള്‍ വേഷ്ടിയെന്നറിയപ്പെടുന്ന കൈത്തറി തുണിയാണ്‌ ഉടുക്കുന്നത്‌. സര്‍വ്വോദയ പ്രവര്‍ത്തകരുടെ ജാഥാംഗമായാല്‍ ഖദറുടുക്കണം എന്ന ചിന്തപോലും എനിക്കില്ലായിരുന്നു.മുമ്പിലിരിക്കുന്ന ആളുകളുമായി രാഘവേട്ടന്‍ പതുക്കെ എന്തെല്ലാമോ സംസാരിക്കുന്നതു കണ്ടു. അദ്ദേഹം വീണ്ടും വൈദ്യരുടെ മുറിയിലേക്ക്‌ എന്നെ വിളിച്ചു. എന്നെക്കുറിച്ചുള്ളതെല്ലാം തുറന്നു പറയാന്‍ എന്തൊ ഉരുള്‍പ്രേരണ അന്നേരം എനിക്കുണ്ടായി. അദ്ദേഹം പറയുന്നതു കേട്ടു : "രാഘവ്‌ജി പറഞ്ഞ്‌ പ്രവാഹത്തില്‍ വന്ന കഥ ഞാന്‍ കണ്ടിട്ടുണ്ട്‌. അബു സാഹിബ്‌ പറഞ്ഞു കേട്ടിട്ടുണ്ട്‌്‌. 'അമ്മായി മോതിരം' എഴുതിയ ആളാ ല്ലെ ? " - അദ്ദേഹം പതുക്കെ ചിരിച്ചു : "കിടാവിന്റെ കടയില്‍ നിന്ന്‌ എന്റെ വകയായി രണ്ട്‌ ഷര്‍ട്ടും ദോത്തിയും വാങ്ങിക്കോളൂ -അത്‌ ധരിച്ച്‌ ജാഥയില്‍ ചേര്‍ന്നോളൂ"രാഘവന്‍ കിടാവിന്റെ ഖദര്‍ വസ്‌ത്രാലയത്തില്‍ നിന്നും എനിക്ക്‌ രണ്ട്‌ ഷര്‍ട്ടും രണ്ടു ദോത്തിയും കിട്ടി. ജീവിതത്തിലാദ്യമായി ഞാന്‍ ഖദര്‍ വസ്‌ത്രധാരിയായി......... ചെങ്ങോട്ടുകാവില്‍ നിന്നും പൂക്കാട്ടേക്കും തിരുവങ്ങൂരിലേക്കും കുനിയക്കടവത്തേക്കും ഭൂദാന കാഹളം മുഴക്കി ജാഥ നീങ്ങി.....
(യു.എ.ഖാദര്‍ - ഹൃദയങ്ങളിലൂടെ ഒരു ഭൂദാനയാത്ര - മാതൃഭൂമി വാരാന്തപ്പതിപ്പ്‌ -2008 ജൂണ്‍ 22 )

വികസനവു0 അതുമൂലമുണ്ടായ സുഖസൗകര്യങ്ങളു0 നമുക്ക്‌ അനുഭവപ്പെടുത്തിത്തന്നതില്‍ ആദ്യ കാലത്ത്‌ പ്രവര്‍ത്തിച്ച ഒരു വ്യക്തിയെ ഇവിടെ സ്‌മരിക്കേണ്ടതുണ്ട്‌. ആര്യവൈദ്യന്‍ കെ. രാഘവന്‍ കിടാണത്‌.

റോഡ്‌, വൈദ്യുതി, പോസ്‌റ്റോഫീസ്‌, എന്നിങ്ങനെയുള്ള ആധൂനീകസൗകര്യങ്ങള്‍ ചെങ്ങോട്ടുകാവിലെത്തിക്കാന്‍ അദ്ദേഹം വളരെ ക്ലേശിച്ചിട്ടുണ്ട്‌. രാഷ്ട്രീയ മനോഭാവങ്ങളില്‍ വന്ന മാറ്റങ്ങളെക്കൊണ്ടും പൊയില്‍ക്കാവ്‌ ഹൈസ്‌കൂള്‍ മാനേജരെന്ന നിലയിലും ചില വിമര്‍ശനശരങ്ങള്‍ അദ്ദേഹത്തിന്റെ നേരെ ഉയര്‍ന്നിട്ടുണ്ടെങ്കിലും, നാല്‍പ്പതുകൊല്ലം അദ്ദേഹം ചെങ്ങോട്ടുകാവിനുവേണ്ടി പ്രവര്‍ത്തിച്ചു എന്നത്‌ തര്‍ക്കമറ്റ സംഗതിയാണ്‌. ചികിത്സാസൗകര്യങ്ങിളില്ലാത്ത അമ്പത്‌, അറുപത്‌ കാലത്ത്‌ രാഘവന്‍കിടാവ്‌ ചികിത്സക്ക്‌ വിലപേശാതെ ചെങ്ങോട്ടുകാവിലെ രോഗികള്‍ക്ക്‌ ആശ്വാസം നല്‍കി. പറമ്പുടമസ്ഥരുടെ ഭീഷണികളും തെറികളും നിസ്സംഗതയോടെ കേട്ടുകൊണ്ട്‌ ചെങ്ങോട്ടുകാവ്‌ ഉള്ളൂര്‍ക്കടവ്‌ റോഡും, പൊയില്‍ക്കാവ്‌ പന്നിക്കുഴി റോഡും നിര്‍മ്മിക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കി. 1960 നവമ്പര്‍ 19ന്‌ അന്നത്തെ റവന്യൂമന്ത്രി ചന്ദ്രശേഖരന്‍ ചെങ്ങോട്ടുകാവ്‌ റോഡ്‌ ഉദ്‌ഘാടനം ചെയ്‌തു. വൈദ്യുതി ലഭിക്കാന്‍ മിനിമം ഗാരണ്ടി വേണമെന്ന്‌ വന്നപ്പോള്‍ തന്റെ സ്വത്ത്‌ ഗാരണ്ടി നല്‍കി കിടാവ്‌ ചെങ്ങോട്ടുകാവില്‍ വൈദ്യുതി എത്തിച്ചു. ഭൂദാനപ്രവര്‍ത്തനങ്ങളിലും സര്‍വ്വോദയപ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ഹൈസ്‌കൂളിന്റെ പഠന നിലവാരത്തകര്‍ച്ചയിലും അച്ചടക്കരാഹിത്യത്തിലും മനംനൊന്ത്‌ ഒരിക്കല്‍ നിരാഹാരസമരം അനുഷ്ടിക്കുകപോലുമുണ്ടായി. സബ്ബ്‌പോസ്‌റ്റോഫീസിനു വേണ്ടി തന്റെ ഔഷധശാലയില്‍ അഞ്ചുവര്‍ഷം വാടകയില്ലാതെ സ്ഥലം സൗകര്യപ്പെടുത്തി കൊടുത്തു. ഖാദിപ്രവര്‍ത്തനത്തിലൂടെ നിരവധി പേര്‍ക്ക്‌ ഉപതൊഴിലവസരങ്ങള്‍ തന്റെ ഔഷധശാലകേന്ദ്രമാക്കി നല്‍കാനും സഹായിച്ചു. ഉയര്‍ന്ന ചിന്താശക്തിയും വിദ്യാഭ്യാസ രംഗത്തെ കുതിച്ചുചാട്ടവും മൂലം ഇന്നത്തെ വികസനം ചെങ്ങോട്ടുകാവില്‍ ഉണ്ടായത്‌. കെ. ആര്‍. കിടാവിനെ പോലുള്ള ധാരാളം വ്യക്തിളുടെ സേവന ശ്രമഫലമാണ്‌ എന്ന്‌ നാം മറന്നുകൂടാ.