സ്ഥല നാമ ചരിതം

ചെങ്ങോട്ടുകാവിന്റെ പേരിനെക്കുറിച്ച്‌ വ്യത്യസ്‌തങ്ങളായ അഭിപ്രായങ്ങള്‍ ഉണ്ട്‌. കേരളത്തിലേക്ക്‌ രണ്ടാമതായി വന്ന ബ്രാഹ്മണര്‍ താമസിച്ച അറുപത്തിനാല്‌ ഗ്രാമങ്ങളില്‍ ഇരുപതാമത്തേതിന്റെ പേര്‍ 'ചെങ്ങോട്ട്‌' എന്നാണെന്ന്‌ കേരളോല്‍പ്പത്തിയില്‍ കാണാം. എന്നാല്‍ ഈ ചെങ്ങോട്ട്‌ ഉത്തര കര്‍ണ്ണാടകയിലായിരുന്നു. ബ്രാഹ്മണരുടെ തെക്കോട്ടുള്ള യാത്ര തുടര്‍ന്നപ്പോള്‍ അവരില്‍ ഒരു വിഭാഗം നമ്മുടെ നാട്ടിലെത്തി തങ്ങളുടെ മുന്‍ഗ്രാമത്തിന്റെ പേര്‍ ഇതിനു നല്‍കി ഇവിടെ അധിവസിച്ചു എന്ന്‌ കരുതാവുന്നതാണ്‌.

ഒരുകാലത്ത്‌ ചെങ്ങോട്ടുകാവ്‌ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്‌ ബ്രഹ്മണരുടെ വലിയൊരു അധിനിവേശസങ്കേതമായിരുന്നുവെന്നതിന്‌ വ്യക്തമായ തെളിവുകളുണ്ട്‌. സഞ്ചാരിയായിരുന്ന ബുക്കാനന്‍ തന്റെ യാത്രാവിവരണത്തില്‍ പന്തലായനിക്ക്‌ തെക്കുഭാഗത്തായി ബ്രഹ്മണരുടെ ഒരു താവളമുണ്ടെന്ന്‌ പരാമര്‍ശിക്കുന്നത്‌ ചെങ്ങോട്ടുകാവ്‌ പ്രദേശത്തെ ഉദ്ദശിച്ചായിരിക്കും.

പൊതുവെ ബ്രാഹ്മണരുടെ വസതികളെ മന, ഇല്ലം എന്നൊക്കെ വിളിക്കുന്നു. മഠവും അവരുടെ താല്‍ക്കലിക വസതികള്‍ തന്നെ. മനയടത്ത്‌ പറമ്പില്‍, പൊന്‍മന, മനത്താനത്ത്‌ (മനയുടെ താഴത്ത്‌) മനത്താംകണ്ടി, ഇല്ലത്ത്‌ പറമ്പ്‌, ഇല്ലത്ത്‌ താഴെ, ഇല്ലത്ത്‌ മീത്തല്‍, വലിയഇല്ലത്ത്‌, എന്നിവയൊക്കെ നമ്മുടെ നാട്ടിലെ ചില വീട്ടുപേരുകളാണ്‌. എരഞ്ഞിമഠം, മഠംവീട്ടില്‍ (മാടാട്ടില്‍), പട്ടര്‍മഠം, മഠത്താഴെവീട്ടില്‍ (മേടത്താംവീട്ടില്‍) എന്നിവയും ഉണ്ട്‌.

കോളൂര്‍കുന്നിന്റെ തെക്കെപറമ്പും അങ്ങാടിക്ക്‌ പടിഞ്ഞാറുവശത്തുള്ള ഇല്ലത്തുകുനിയും കുട്ടനാടത്തു വീടിന്റെ കിഴക്കെ ഇല്ലപ്പറമ്പും, അങ്ങാടിക്ക്‌ കിഴക്കുള്ള വലിയഇല്ലംപറമ്പും, തെക്കയില്‍ ക്ഷേത്രത്തിന്‌ അടുത്തപറമ്പും ബ്രാഹ്മണഗൃഹങ്ങളായിരുന്നുവെന്നതിന്‌ വ്യക്തമായ തെളിവുകളുണ്ട്‌. പടിഞ്ഞാറു ഭാഗത്തുള്ള മൊടേനിക്കാട്ട്‌ എന്ന വീട്‌ മഠം അയനിക്കാട്‌ ആയിരിക്കാം. ഇവിടെയും ഒരു ബ്രാഹ്മണ ഗൃഹത്തിന്റെ ലക്ഷണമുണ്ട്‌. അതുപോലെ ഖാദിമുക്കിനടുത്തുള്ള ചോയിമഠവും അതിനടുത്തുള്ള മതിരോളിപ്പറമ്പും ചേലിയയിലെ നടുവിലെവീടും ബ്രാഹ്മണ ഗൃഹങ്ങളായിരുന്നുവെന്നു പഴമക്കാര്‍ ഓര്‍ക്കുന്നു.

എന്തിന്‌ പ്രസിദ്ധമായ കുന്നിമഠംഇല്ലംപോലും ചേമഞ്ചേരിയിലല്ല, ചേലിയയിലെ പുഴക്കരയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. മേപ്പാട്ട്‌ എടവില്യത്തില്ലം, വസന്തപുരം എന്നിവ ഇവിടെ ഇപ്പോള്‍ അവശേഷിക്കുന്ന ബ്രാഹ്മണഗൃഹങ്ങളാണ്‌. ഈ കാരണങ്ങളാല്‍ ഒരുകാലത്ത്‌ വടക്കന്‍ ബ്രാഹ്മണര്‍ ഇവിടെയെത്തി ഈ സ്ഥലം അവരുടെ സങ്കേതമാക്കിയെന്നും തങ്ങള്‍ താമസിച്ചിരുന്ന പഴയ ചെങ്ങോട്ട്‌ഗ്രാമത്തിന്റെ പേര്‍ ഈ പ്രദേശത്തിന്‌ നല്‍കിയെന്നും ചിന്തിക്കുന്നതില്‍ യുക്തിഭംഗമില്ല.

കേരളത്തിലെ പലഭാഗങ്ങളും ഒരിക്കല്‍ ചേരരാജക്കന്‍മാരുടെ അധീനതയിലായിരുന്നുവെന്നും ആ വംശത്തിലെ പ്രഗത്ഭനായ ചേരന്‍ ചെങ്കുട്ടവന്റെ പേരുമായി ബന്ധപ്പെട്ടാണ്‌ ചെങ്ങോട്ട്‌ എന്നപേര്‍ സിദ്ധിച്ചതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. ഇത്രയും വിദൂരസ്ഥമായ ഒരു പ്രദേശത്ത്‌ അദ്ദേഹവുമായി ബന്ധപ്പെട്ട്‌ ഇങ്ങനെ ഒരു പേര്‍ ലഭിക്കുമോ എന്നു സംശയിക്കാമെങ്കിലും ഇങ്ങിനേയും സംഭവിക്കാം എന്നു പറയാവുന്നതാണ്‌. കാരണം 1970ല്‍ എം. ആര്‍. രാഘവവാരിയര്‍ കണ്ടെടുത്ത്‌ വിശകലനം ചെയ്‌ത കൊളത്തൂരപ്പന്‍ ക്ഷേത്രത്തിലെ ശിലാലിഖിതത്തില്‍ ക്രിസ്‌തുവര്‍ഷം ആയിരാമാണ്ടില്‍ തിരുവിതാംകൂര്‍ പ്രദേശത്തെ ഭരണാധികാരി വേണാട്ടടികള്‍ കൊളത്തൂര്‍ ക്ഷേത്രത്തിലേക്ക്‌ വഴിപാടു നല്‍കിയതായി കാണുന്നുണ്ട്‌. മാത്രമല്ല ചേരന്‍ചെങ്കുട്ടവന്റെ അധികാരം വടക്ക്‌ ഗോകര്‍ണ്ണം മുതല്‍ തെക്ക്‌ കന്യാകുമാരിവരെയും കിഴക്ക്‌ മൈസൂര്‍ പഴനിമുതല്‍ പടിഞ്ഞാറ്‌ അറബിക്കടല്‍ വരെയും വ്യാപിച്ചിരുന്നു. അതിനാല്‍ ചേരന്‍ചെങ്കുട്ടവന്റെ പേര്‍ ഈ പ്രദേശത്തിന്‌ സിദ്ധിക്കാം എന്ന വാദത്തില്‍ കഴമ്പുണ്ടെന്ന്‌ സമ്മതിക്കേണ്ടിവരും.

മറ്റൊരു പ്രധാന വസ്‌തുത കൂടി നമ്മുടെ മുന്നിലുണ്ട്‌. ഇപ്പോള്‍ പൊയില്‍ക്കാവ്‌ അങ്ങാടിക്കു കിഴക്കു വശത്ത്‌ ദേശീയ പാതയോട്‌ ചേര്‍ന്ന്‌ അനാഥമായി കിടക്കുന്ന കുളത്തിന്റെ പേര്‍ 'തെങ്ങോട്ടുകാവ്‌ കുളം' എന്നാണെന്ന്‌ വില്ലേജ്‌ രേഖകളില്‍ കാണുന്നു. സര്‍വ്വെനമ്പര്‍ 89/7ല്‍ പെട്ടതും നാല്‍പ്പത്‌ സെന്റ്‌ വിസ്‌തീര്‍ണ്ണമുള്ളതുമായ ഈ കുളം ഒരു കാലത്ത്‌ മുതുകൂറ്റില്‍ ദേവസ്വത്തിന്റേതായിരുന്നു. തെങ്ങോട്ടുകാവ്‌ കുളം എന്ന പേര്‍ വരണമെങ്കില്‍ ഇതോടനുബന്ധിച്ച്‌ ഒരു ക്ഷേത്രമോ കാവോ ഉണ്ടായിരിക്കണമല്ലോ. ഉദാഹരണമായി അടുത്തുതന്നെ പൊയിലിലെകാവായ പൊയില്‍ക്കാവുണ്ട്‌. അതിനാല്‍ തെങ്ങോട്ട്‌കാവ്‌ എന്നറിയപ്പെടുന്ന ഒരു കാവ്‌ ഉണ്ടായിരിക്കണമെന്നും ആയത്‌ ഇവിടെനിന്ന്‌ വടക്കോട്ട്‌ നീണ്ടുകിടക്കുകയോ അതുമല്ലെങ്കില്‍ ഇപ്പോഴത്തെ ചെങ്ങോട്ട്‌കാവ്‌ അങ്ങാടി മദ്ധ്യമായിക്കൊണ്ട്‌ തെക്കോട്ടും വടക്കോട്ടും നീണ്ടുകിടക്കുകയോ ചെയ്‌തിരിക്കണമെന്നും ക്രമേണ തെങ്ങോട്ടുകാവ്‌ എന്ന ഈ പ്രദേശം മുഴുവന്‍ ചെങ്ങോട്ട്‌കാവ്‌ എന്നപേരില്‍ അറിയപ്പെട്ടതാണെന്നും വരുന്നു. എന്നാല്‍ ഇങ്ങനെ ചിന്തിക്കുന്നതിലും ചില തടസ്സങ്ങളുണ്ട്‌. തെങ്ങോട്ട്‌കാവ്‌ ലോപിച്ച്‌ ചെങ്ങോട്ടുകാവ്‌ ആയതാണെന്ന്‌ സമ്മതിച്ചാല്‍ തന്നെ ആ കുളത്തിനടുത്ത അങ്ങാടിയേയും പ്രദേശത്തെയുമല്ലെ ചെങ്ങോട്ട്‌കാവ്‌ എന്ന്‌ വിളിക്കേണ്ടത്‌? എന്നാല്‍ ഒരു കിലേമീറ്റര്‍ ദൂരെയുള്ള സ്ഥലമാണ്‌ ചെങ്ങോട്ട്‌കാവ്‌ എന്നപേരില്‍ പ്രസിദ്ധമാവുന്നത്‌.

പണ്ടുകാലത്ത്‌ സ്ഥലങ്ങളെല്ലാം കാടും കാവും നിറഞ്ഞ്‌ ഒന്നായി നീണ്ടു കിടന്നതാകയാല്‍ ഈ ദൂരം നിസ്സാരമാണെന്ന്‌ ചിന്തിച്ചാലും നമ്മുടെ സംശയങ്ങള്‍ തീരുന്നില്ല. പഴമക്കാരുടെ മനസ്സില്‍ ഈ കുളത്തിന്റെ പേര്‍ തെങ്ങോട്ട്‌കാവ്‌കുളം എന്നല്ല 'തൊണ്ടുവെട്ടിക്കുളം' എന്നാണ്‌. അതായത്‌ പണ്ടത്തെ നാടുവാഴി ഭരണകാലത്ത്‌ കുറ്റവാളികളുടെ തല (തൊണ്ട്‌) വെട്ടിയിടുന്ന സ്ഥലം. തെങ്ങോട്ടുകാവ്‌കുളം തൊണ്ടുവെട്ടിക്കുളം എന്നീ പദങ്ങള്‍ക്ക്‌ ഒരു സമാനതയുമില്ലെങ്കിലും നമുക്കിവയെ കൂട്ടിയോജിപ്പിക്കാന്‍ പ്രയാസമില്ല. തൊണ്ടുവെട്ടിക്കുളം വാമൊഴിയില്‍ ക്രമേണ തൊണ്ടോട്ടുകുളം തൊങ്ങോട്ടുകുളം എന്നിങ്ങനെയായിത്തീര്‍ന്നതാവാം.

ഏതായാലും അറുപത്‌ കൊല്ലം മുമ്പുവരെ പൊയില്‍ക്കാവ്‌ അങ്ങാടിയില്‍ വരുന്നതിന്‌ ചില വൃദ്ധര്‍ പറഞ്ഞിരുന്നത്‌ തൊങ്ങോട്ടുകാവില്‍ പോവുക എന്നായിരുന്നു. അതിനാല്‍ ഈ പ്രദേശത്ത്‌ തൊങ്ങോട്ട്‌കാവ്‌ എന്നപേരില്‍ പ്രസിദ്ധമായ ഒരു കാവ്‌ ഉണ്ടായിരുന്നുവെന്നും അചിരേണ അതു തെങ്ങോട്ടുകാവും ചെങ്ങോട്ടുകാവും ആയി മാറിയെന്നും എന്തോകാരണവശാല്‍-ഒരു പക്ഷെ പൊയില്‍ക്കാവ്‌ ക്ഷേത്രം പ്രസിദ്ധമായശേഷമായിരിക്കാം- ആ പേരില്‍ ഇപ്പോഴത്തെ ചെങ്ങോട്ടുകാവ്‌ അങ്ങാടി അറിയപ്പെടാനിടയായെന്നും അനുമാനിക്കുന്നതില്‍ തെറ്റില്ല.

ചെങ്ങോട്ട്‌കാവ്‌ ആയാലും തെങ്ങോട്ട്‌കാവ്‌ ആയാലും അത്‌ ഒരു കാവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത്‌ തീര്‍ച്ചയാണല്ലോ. കാവിന്റെ മുമ്പിലുള്ള 'ചെങ്ങോട്ട്‌' എന്ത്‌ എന്നാണ്‌ ഇനി കണ്ടുപിടിക്കാനുള്ളത്‌. ഇത്തരം പേരുകള്‍ ഈ പ്രദേശത്ത്‌ വേറെ ഉണ്ടെങ്കിലും അവയൊന്നും തന്നെ അത്ര പ്രസിദ്ധമല്ല. പയങ്ങോട്ട്‌, പൂക്കോട്ട്‌, ചെമ്പക്കോട്ട്‌, മേറംകോട്ട്‌, കോട്ട്‌വയല്‍ കോട്ട്‌ എന്നിവയൊക്കെ ഇവിടെയും സമീപപ്രദേശത്തുമായി ഉള്ള വീട്ടുപേരുകളാണ്‌. 'കോട്ട്‌' എന്നത്‌ ഒരുപക്ഷെ ഒരു പ്രത്യേകതരം ഭൂമിയുടെ സ്വഭാവം സൂചിപ്പിക്കുന്നതാണെങ്കില്‍ ചെങ്ങോട്ട്‌ എന്നത്‌ ചുകന്ന മണ്ണുള്ള ഭൂമിയെ കാണിക്കുന്നതാവാം. പക്ഷെ ഈ പേരിനെ മാത്രം ആശ്രയിച്ച്‌ മുന്‍ ചരിത്രം ഉണ്ടാകുന്നത്‌ സാഹസമായിരിക്കും. കാരണം പദങ്ങള്‍ക്ക്‌ കാലാന്തരത്തില്‍ പല പരിണാമങ്ങളും സംഭവിക്കുന്നതിന്‌ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്‌. ചെന്തമിഴ്‌ പാട്ടിലെ മുച്ചിരി എന്ന്‌ വിശേഷിപ്പിക്കപ്പെട്ട ഇന്നത്തെ കൊടുങ്ങല്ലൂരിന്‌ മുയിരിക്കോട്‌, കൊടുംകോളൂര്‌, കൊടുംകൊല്ലൂര്‌ എന്നിങ്ങനെ മാറ്റമുണ്ടായിട്ടുണ്ടല്ലോ.

മേല്‍ പ്രസ്‌താവിച്ചതുകൂടാതെ നമ്മുടെ മുമ്പില്‍ വ്യക്തമായും സ്വീകാര്യമായും ഉള്ള കാര്യം അങ്ങാടിക്ക്‌ കിഴക്ക്‌ പിലാച്ചേരി ക്ഷേത്രത്തിനു സമീപം ചെങ്ങോട്ട്‌ എന്ന പേരില്‍ ഒരു പറമ്പ്‌ ഉണ്ട്‌ എന്നുള്ളതാണ്‌. അതിനടുത്ത്‌ തന്നെ മേച്ചെങ്കോട്ട്‌ (മേല്‍ചെങ്ങോട്ട്‌) എന്നപറമ്പും ഉണ്ട്‌. ഈ ചെങ്ങോട്ടില്‍ നിന്നാണ്‌ ചെങ്ങോട്ടുകാവ്‌ ഉണ്ടായതെന്ന്‌ ന്യായമായും അനുമാനിക്കേണ്ടിയിരിക്കുന്നു.

`ഒറ്റ നോട്ടത്തില്‍പ്പെടുന്നതോ പ്രാധാന്യമുള്ളതോ ആയ ഒരു നിലത്തിന്റേയോ പറമ്പിന്റേയോ പേര്‍ ഒരു ദേശത്തിന്റേയോ പ്രദേശത്തിന്റേയോ പേരായിത്തീരുന്നു എന്നത്‌ സ്ഥലനാമങ്ങളില്‍ നിന്ന്‌ തെളിയുന്നു` എന്ന്‌ രാഘവവാര്യര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. അങ്ങനെയാണെങ്കില്‍ ചെങ്ങോട്ട്‌ തറവാട്ടിലെ കാരണവരും തൊട്ടടുത്ത പിലാച്ചേരിക്ഷേത്രത്തിന്റെ സ്ഥാപകനുമായ കൊടല്‍(കൂടല്‍)നായരുടെ ഈ ചെങ്ങോട്ട്‌ പറമ്പില്‍നിന്നാണ്‌ ചെങ്ങോട്ട്‌കാവ്‌ ഉണ്ടായതെന്ന്‌ വ്യക്തമാകുന്നു. പിന്നെ പരിശോധ്‌ക്കാനുള്ളത്‌ 'ഒറ്റനോട്ടത്തില്‍പ്പെടുന്നതോ പ്രധാനപ്പെട്ടതോ' ആണോ എന്നാണ്‌. അതിനും വ്യക്തമായ ഉത്തരമുണ്ട്‌.

ചെങ്ങോട്ട്‌പറമ്പിന്റെ മുന്‍ഭാഗത്താണ്‌ പ്രസിദ്ധമായ 'അത്തറച്ചാല്‍' ഉള്ളത്‌. പണ്ട്‌ പന്തലായനിയില്‍ നിന്നോ കൊല്ലത്തുനിന്നോ ആരംഭിക്കുന്ന ഒരു ഉള്‍നാടന്‍ ജലപാതയും അതിലൂടെ ജലഗതാഗതവും ഉണ്ടായിരുന്നു എന്ന ചരിത്രകാരന്‍മാരുടെ പരാമര്‍ശം ഈ അത്തറച്ചാലിനെ സംബന്ധിക്കുന്നതാണെന്ന്‌ തീര്‍ച്ചയാണ്‌.

1498 ലെ വര്‍ഷകാലത്ത്‌ വാസ്‌കോഡിഗാമയുടെ കപ്പല്‍വ്യൂഹം എഴുപത്‌ ദിവസം പന്തലായനിയില്‍ സുരക്ഷിതമായി കിടന്നു എന്ന്‌ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയത്‌ ഈ ജലപാതയെ ഉദ്ദശിച്ചായിരിക്കും. കൊയിലാണ്ടിയിലെ പുതിയ ബസ്സ്‌സ്റ്റാന്‍ഡില്‍ നിന്ന്‌ തണ്ടാന്‍ വയലിലൂടെ ഒരു ജലപാത കിഴക്കുതെക്കായി നീണ്ടുകിടക്കുന്നതുകണ്ട വൃദ്ധന്‍മാര്‍ ഈ അടുത്തകാലം വരെ ജീവിച്ചിരിപ്പുണ്ടായിരുന്നു. മാത്രമല്ല ഈ ജലനിര്‍ഗ്ഗമനനാളി ചെങ്ങോട്ട്‌ വീട്ടിന്റെ മുമ്പില്‍ വെച്ച്‌ കിഴക്കോട്ട്‌ നീങ്ങി ഉള്ളൂര്‍പ്പുഴയുമായി ബന്ധപ്പെടുന്നു. ഇപ്പോഴും മഴക്കാലത്ത്‌ ഇതിലെ തോണി ഗതാഗതം ഉണ്ടുതാനും. കപ്പലുകളില്‍ നിന്ന്‌ ഇറങ്ങി വിശ്രമിക്കാന്‍ സൗകര്യമാവും വിധം ചെങ്ങോട്ട്‌പറമ്പിന്റെ മുന്‍വശം സമതലമായും ഇരുഭാഗങ്ങള്‍ ഉയര്‍ന്നും കിടക്കുന്നു. ഏതു കൊടുങ്കാറ്റിലും എത്ര കപ്പലുകള്‍ക്കും സുരക്ഷിതമായി കിടക്കാന്‍ ഈ പ്രദേശം ഉപയുക്തമായിരുന്നു എന്ന്‌ വ്യക്തമാണ്‌. മാത്രമല്ല ചെങ്ങോട്ട്‌ പറമ്പിന്റെ അല്‍പം അകലെ 'കപ്പക്കുറ്റി' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു തടിയന്‍ മരക്കുറ്റി ഇപ്പോഴും കാണാം. കപ്പലുകള്‍ കയറുകൊണ്ടോ ചങ്ങലകൊണ്ടോ ബന്ധിപ്പിക്കാനായിരുക്കും ഇത്‌ ഉപയോഗിച്ചിരിക്കുക.

ഇതില്‍ നിന്നൊക്കെ മനസ്സിലാകുന്നത്‌ ചെങ്ങോട്ട്‌ എന്ന പറമ്പ്‌ വളരെക്കാലം മുമ്പുതന്നെ നമുക്കിനിയും കണ്ടെത്താന്‍ കഴിയാത്ത എന്തോ പ്രധാന കാരണത്താല്‍ പ്രസിദ്ധമായിരുന്നു എന്നാണ്‌. ഇവിടെ മറ്റൊരുകാര്യം കൂടി പറഞ്ഞുകൊള്ളട്ടെ വളരെക്കാലം മുമ്പ്‌ വെറ്റിലകൃഷിക്ക്‌ പേരുകേട്ടതായിരുന്നു നമ്മുടെ നാട്‌. ഇപ്പോഴും എളാട്ടേരി, ചേലിയ ഭാഗത്ത്‌ ചുരുക്കമായെങ്കിലും വെറ്റിലകൃഷി അവശേഷിച്ചിട്ടുണ്ട്‌. അറുപത്‌ കൊല്ലം മുമ്പുവരെ ചെങ്ങോട്ടുകാവുകാരുടെ പ്രധാന ഉപജീവനമാര്‍ഗ്ഗമായിരുന്നു വെറ്റിലകൃഷി. വെറ്റിലക്കെട്ടുകളുമായി ബാലുശ്ശേരി, പൂനൂര്‍, താമരശ്ശേരി, കോഴിക്കോട്‌ എന്നീ സ്ഥലങ്ങളില്‍ നടന്നുപോയി വെറ്റില വിറ്റ കൃഷിക്കാരില്‍ ചിലര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്‌. വടക്കെ ഇന്ത്യയിലേക്ക്‌ കയറ്റിപ്പോയ വെറ്റിലയില്‍ വലിയൊരുഭാഗം ചെങ്ങോട്ടുകാവിലേതായിരുന്നു.

1960 വരെ രാജസ്ഥാനില്‍ നിന്നും മറ്റും ഇടയ്‌ക്ക്‌ ടെലിഗ്രാമിലൂടെ വെറ്റിലയ്‌ക്ക്‌ അടിയന്തര ഓര്‍ഡര്‍ വന്നതായി കൊയിലാണ്ടി പോസ്‌റ്റോഫീസില്‍ വളരെക്കാലം ജോലിചെയ്‌ത ഏ. പി കരുണാകരന്‍ കിടാവ്‌ സാക്ഷ്യപ്പെടുത്തുന്നു. "Send three Bundless of Chengott" എന്ന രീതിയിലായിരുന്നത്രെ ഓര്‍ഡര്‍ വരിക. മൂന്നോ നാലോ കെട്ട്‌ `ചെങ്ങോട്ട്‌ അയക്കാനാണ്‌` നിര്‍ദ്ദേശം. അപ്പോള്‍ വെറ്റിലയ്‌ക്ക്‌ ചെങ്ങോട്ട്‌ എന്ന പേര്‌ ഉണ്ടായിരുന്നുവോ? അഥവാ ചെങ്ങോട്ട്‌ വെറ്റിലയ്‌ക്ക്‌ എന്തെങ്കിലും പ്രത്യേകപ്രാധാന്യം ഉണ്ടായിരുന്നുവോ? എണ്‍പത്‌ കൊല്ലം മുമ്പ്‌ വരെ ചെങ്ങോട്ട്‌ പറമ്പും തൊട്ടടുത്ത പറമ്പുകളും വെറ്റിലക്കൊടികളാല്‍ നിറഞ്ഞിരുന്നു എന്നകാര്യം കൂടി അറിയുമ്പോഴാണ്‌ ഇതിന്റെ പ്രാധാന്യം മനസ്സിലാകുന്നത്‌. ഏതായാലും ഈ കാര്യം ഗവേഷകരുടെ പരിഗണനക്ക്‌ വിടുന്നു.

മേല്‍ പ്രസ്‌താവിച്ച കാര്യങ്ങളില്‍നിന്ന്‌ ഒരുകാര്യം വ്യക്തമാണ്‌. പുരാതനകാലത്ത്‌ എന്തോ ചിലകാരണങ്ങളാല്‍-അത്‌ ഭൂമിശാസ്‌ത്രപരമോ മറ്റു ഭൗതിക കാരണങ്ങളാലോ ആവാം-ചെങ്ങോട്ടും ഒന്നായിക്കിടന്ന തൊട്ടുള്ള പറമ്പുകളും മറ്റു സ്ഥലങ്ങളില്‍ പ്രസിന്ധമായിരുന്നു.

ഇനി നോക്കാനുള്ളത്‌ ഇവിടെ ഒരു കാവുണ്ടായിരുന്നോ എന്നതാണ്‌. ഭാഗ്യവശാല്‍ വിസ്‌തൃതമായ ഈ പറമ്പില്‍ ചിത്രകൂടവും നാഗാരാധനയും ഉള്ള ഒരു വലിയ കാവ്‌ ഇപ്പോഴും ഉണ്ട്‌. ഇതിന്റെ തൊട്ട്‌ കിഴക്കുഭാഗത്തുള്ള പ്ലാക്കാട്ടില്ലത്ത്‌പറമ്പിലും വിശാലമായ കാവുകളുണ്ട്‌. അതിന്‌ തൊട്ട്‌

കിഴക്കുള്ള നെല്ലൂളി തറവാട്ടിലാകട്ടെ, വളരെ വലിയ രണ്ട്‌ കാവുകള്‍ കാണാം. ഈ കാവുകളുടെ തുടര്‍ച്ചയാണ്‌ അതിനും കിഴക്കുള്ള മതിരോളിപറമ്പില്‍ അവസാനിക്കുന്ന കാവ്‌. ചെങ്ങോട്ട്‌ പറമ്പിന്റെ തെക്ക്‌ ഭാഗത്തേക്ക്‌ നോക്കുക. പ്രസിദ്ധമായ വാര്യംവീട്ടില്‍ തറവാട്ടിലും അതിനടുത്തുള്ള നമ്പികണ്ടത്തില്‍ എന്ന വീട്ടിലും അടുത്തകാലം വരെ കാവുകളുണ്ടയിരുന്നു. അത്‌ തെക്കോട്ട്‌ നീണ്ട്‌ പനയാടക്കോട്ട, വരിപ്പറക്കാവ്‌, പുതിയെടത്ത്‌ കോട്ട, ആയനോളിക്കോട്ട, കിഴുമ്പറമ്പത്ത്‌ കാവ്‌ എന്നിങ്ങനെ പൊയില്‍ക്കാവില്‍ അവസാനിക്കുന്നു. ചെങ്ങോട്ടു പറമ്പിന്റെ വടക്കോട്ട്‌ പോയാല്‍ നടുവത്തന, മാവിളി, മറിയേരി, ചാത്തോത്ത്‌, ഉണിക്കാച്ചേരി, പുളിയോട്ട്‌, തെയ്യോന്റെ പറമ്പ്‌ എന്നിങ്ങനെ അരങ്ങാടത്ത്‌ വരെ കാവുകളുടെ ഒരു ശൃംഗലതന്നെ കാണാം.

അതിനാല്‍ ചെങ്ങോട്ട്‌പറമ്പ്‌ കേന്ദ്രമായി കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും നിറഞ്ഞുനിന്ന കാവുകളുടെ സാന്നിദ്ധ്യം കൊണ്ട്‌ തന്നെയാണ്‌ ഈ പ്രദേശത്തിന്‌ ചെങ്ങോട്ട്‌കാവ്‌ എന്ന പേര്‍ സിന്ധിച്ചത്‌ എന്ന്‌ വരുന്നു. ഇതാണ്‌ പേരിനെ സംബന്ധിച്ച്‌ നമുക്ക്‌ സ്വീകരിക്കാവുന്ന ശരിയായ നിഗമനം.

ചെങ്ങോട്ട്‌കാവ്‌ എന്ന പേരു തന്നെ കാവുകളില്‍ നിന്നാണ്‌ ഉണ്ടായതെന്ന്‌ പറഞ്ഞുവല്ലോ. ഇവയില്‍ അധികവും നാഗക്കോട്ടകളായിരുന്നു. ദ്രാവിഡവര്‍ഗ്ഗക്കാരായ നാഗന്‍മാരുടെ അവശിഷ്ടമാണ്‌ ഇവയെന്ന്‌്‌്‌ ചിലര്‍ അഭിപ്രായപ്പെടുന്നു. കളമെഴുത്തും സര്‍പ്പം തുള്ളലും അവരുടെ ചടങ്ങായിരുന്നു. നമ്മുടെ നാട്ടില്‍ ഒരു തറവാട്‌ പുതുതായി ഉണ്ടാകുമ്പോള്‍ സന്തതി പരമ്പരകള്‍ വര്‍ദ്ധിച്ച്‌്‌്‌ ഐശ്വര്യമുണ്ടാവാന്‍ ചിത്രകൂടം കെട്ടി കാരണവന്മാര്‍ നാഗങ്ങളെ കുടിയിരുത്തി. നാടിനെ സനാഥമാക്കുന്ന ഈ കുഞ്ഞിക്കാടുകളില്‍ കോട്ടകളും കാവുകളുമായി ഇന്ന്‌്‌്‌ ഭാഗ്യവശാല്‍ 30ഓളം അവശേഷിക്കുന്നുണ്ട്‌്‌്‌. ജനങ്ങളുടെ ആത്മീയത കാവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കാവുതീണ്ടിയാല്‍ കുളം വറ്റും എന്നവര്‍ വിശ്വസിച്ചു. പകരം വെക്കാനില്ലാത്ത്‌ പ്രകൃതിയുടെ മാലിന്യ സംസ്‌്‌്‌കരണ പ്ലാന്റുകളും ജലപ്രഭാവത്തിന്റെ കേന്ദ്രങ്ങളുമാണവ. ഗ്രാമത്തിന്‌ കാവുകള്‍ ശാന്തിയും ജീവചൈതന്യവും നല്‍കിപ്പോന്നു. പ്രസിദ്ധിമായ പല കാവുകളും മനുഷ്യരുടെ സ്വാര്‍ത്ഥതമൂലം നശിച്ചുകഴിഞ്ഞു. വ്യവസായവല്‍ക്കരിക്കപ്പെട്ട ഒരു ജനതയുടെ ചെറുത്തുനില്‍പ്പിന്റെ കഥയായി, അവശേഷിച്ച കാവുകളും, കുളങ്ങളും വയലുകളും കുന്നുകളും തകര്‍ക്കപ്പെടുമ്പോള്‍ നാം മൂകസാക്ഷികളായിരിക്കുന്നു.

-എ.പി.സുകുമാരന്‍ കിടാവ്‌