നാടുവാഴിത്തം

ബ്രിട്ടീഷ്‌ ഭരണം വരെയുള്ള നമ്മുടെ നാടിന്റെ വ്യക്തമായ ഭരണ ചരിത്രം ലഭ്യമല്ല.

കണ്ണൂര്‍ ആസ്ഥാനമായി വടക്കന്‍ കോലത്തിരിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു കോരപ്പുഴ വരെയുള്ള വടക്കന്‍ പ്രദേശം. കോരപ്പുഴക്ക്‌ തെക്കോട്ട്‌ സാമൂതിരിയുടെ ഭരണ പ്രദേശമായിരുന്നു. സാമൂതിരിയും കോലത്തിരിയും കടുത്ത ശത്രുതയിലായിരുന്നു. കോരപ്പുഴ മറികടന്നുപോവുന്ന നായര്‍ സ്‌ത്രീകളെ നാട്ടുപ്രമാണിമാര്‍ ഭ്രഷ്ട്‌ കല്‍പിക്കാന്‍ ഒരു കാരണം ഈ ശത്രുതയാവാം എന്ന്‌ ഊഹിക്കുന്നു.

കോലത്തിരിനാട്‌ അഥവാ കോലത്തുനാട്‌ കാര്യനടത്തിപ്പിനായി, തെക്കും കൂര്‍, വടക്കും കൂര്‍, നാലാം കൂര്‍, അഞ്ചാം കൂര്‍ എന്നിങ്ങിനെ ഭാഗിക്കപ്പെട്ടിരുന്നു. കോരപ്പുഴ വരെയുള്ള തെക്കുഭാഗം തെക്കുംകൂറിന്റെ ഭാഗമായിരുന്നു. ഇതിന്റെ അസ്ഥാനം പന്തലായനിയായിരുന്നു. കോലത്തിരിക്ക്‌ കീഴിലുള്ള ചെറു പ്രദേശങ്ങള്‍ പലരും കയ്യാളി ഭരണം നടത്തിയിരുന്നു. മേപ്പയ്യൂര്‍ മുതല്‍ കോരപ്പുഴ വരെയുള്ള പ്രദേശത്തെ പൊതുവെ പയ്യനാട്‌ എന്നാണി വിളിച്ചുപോന്നിരുന്നത്‌.

ക്രമേണെ കോഴിക്കോടിന്റെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ ഒരു പുതിയ രാജവംശം ഉടലെടുത്തു കഴിഞ്ഞിരുന്നു. അതാണ്‌ കുറുമ്പ്രനാട്‌ രാജവംശം. ആദിമ ഗോത്ര വംശമായ കുറുമ്പര്‍ വര്‍ഗ്ഗത്തില്‍ നിന്നാവാം ഈ രാജവംശം ഉടലെടുത്തത്‌. ക്രമേണെ ഇതും ക്ഷയിക്കാന്‍ തുടങ്ങി. നാട്ടുപ്രമാണിമാരുടെ ഭരണമായി പിന്നീട്‌ ഇവിടെ.

കോഴിക്കോടിന്റെ തെക്കും കിഴക്കും പിടിച്ചടക്കി ശക്തനായ സാമൂതിരി കോരപ്പുഴക്ക്‌ വടക്കോട്ടും തന്റെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. സാമൂതിരിയുടെ മരുമകളായ ഒരുവളെ ഈ പ്രദേശത്തുകാരനായ ഒരു നാടുവാഴി അനുമതിയില്ലാതെ വിവാഹം കഴിച്ചുകൊണ്ടുവന്നു എന്നതും ഒരു അക്രമണകാരണമായിരുന്നു. അങ്ങിനെ തിക്കോടി വരെയുള്ള പ്രദേശം സാമൂതിരിക്ക്‌ കീഴിലായി മാറി. നാട്ടുപ്രമാണിമാരുടെ സഹായത്താലായിരുന്നു സാമൂതിരി ഈ പ്രദേശം ഭരിച്ചുപോന്നിരുന്നത്‌. ഈ സാമന്ത പ്രഭുക്കന്‍മാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക്‌ സാമൂതിരി പ്രതിനിധികളെ അയച്ചുകൊടുത്തിരുന്നു. കോട്ടപ്പുഴമുതല്‍ കോരപ്പുഴ വരെ 64 പ്രമുഖ നായര്‍ തറവാട്ടുകാരും ആറ്‌ പണിക്കര്‍ സ്ഥാനികളും ഉണ്ടാരുന്നത്രെ. ഇതില്‍ പ്രധാനികളായ പുനം, പുത്തലം തറവാട്ടുകാര്‍ ചെങ്ങോട്ടുകാവിലുള്ളതാണ്‌. പുനത്തിലും പുത്തലത്തിലും ഉള്ളവര്‍ പണിക്കര്‍മാര്‍ എന്നായിരുന്ന ആദ്യകാലം അറിയപ്പെട്ടിരുന്നത്‌. സാമൂതിരിയാണ്‌ ഇവര്‍ക്ക്‌ "കിടാവ്‌ " നാമം ചാര്‍ത്തികൊടുത്തത്‌.

1498ല്‍ വാസ്‌ക്കോഡിഗാമയുടെ വരവോടെ വടക്കന്‍ പ്രദേശങ്ങളില്‍ അടിയുറപ്പിച്ചിരുന്ന പോര്‍ത്തുഗീസുകാരുമായി സാമൂതിരി നിലനില്‍പ്പിനു വേണ്ടിയുള്ള മത്സരങ്ങള്‍ ആരംഭിച്ചിരുന്നു. ക്രമേണ അവര്‍ ഈ ദേശങ്ങളില്‍ ആധിപത്യം സ്ഥാപിച്ചു.

ഹൈദരിന്‍െ ആക്രമണത്തിനു ശേഷം 1782-84 ലെയും, 1788-ലെയും ടിപ്പുവിന്റെ വരവോടെ മലബാറിലെ രാജാധിപത്യത്തിലും നാടുവാഴി ഭരണത്തിലും കാര്യമായ മാറ്റിമറച്ചിലുകള്‍ സംഭവിച്ചു. കടത്തനാടും കുറുമ്പ്രനാടും ഛിന്നഭിന്നമായി. ചില രാജാക്കന്മാര്‍ ടിപ്പുവിനെ പേടിച്ച്‌ തിരുവിതാംകൂറിലേക്ക്‌ ഓടിപ്പോയി. ചിലരുടെ അധികാരങ്ങള്‍ നഷ്ടപ്പെട്ടു. 1805ല്‍ പഴശ്ശിയുടെ മരണത്തോടെ ബ്രിട്ടീഷ്‌ ആധിപത്യം നമ്മെ മിക്കവാറും കീഴടക്കി കഴിഞ്ഞിരുന്നു.

കടപ്പാട്‌ :
എ.പി.സുകുമാരന്‍ കിടാവ്‌

No comments: