സ്വാതന്ത്ര്യ സമര ചരിത്രം

ചെങ്ങോട്ടുകാവിലെ സ്വാതന്ത്ര്യസമരചരിത്രം എപ്പോള്‍ ആരംഭിക്കുന്നു എന്ന്‌ കൃത്യമായി പറയാന്‍ പ്രയാസമാണ്‌. ഒരര്‍ത്ഥത്തില്‍ അത്‌ കോണ്‍ഗ്രസ്സിന്റെ ചരിത്രം തന്നെയാണ്‌. മാത്രമല്ല സമരപ്രവര്‍ത്തനങ്ങള്‍ അധികവും ചേമഞ്ചരി കേന്ദ്രീകരിച്ചായിരുന്നു നടന്നിരുന്നത്‌. ഒരുപാട്‌ ത്യാഗങ്ങള്‍ സഹിച്ച പ്രധാന സമരഭടന്മാരും ചേമഞ്ചേരിക്കാര്‍ തന്നെ.

ചെങ്ങോട്ടുകാവില്‍ ജ്വലിച്ചുനില്‍ക്കുന്ന വീരന്മാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌ മനത്താനത്ത്‌ ശങ്കരന്‍നായര്‍ തന്നെ. പിന്നെ കെ. രാഘവന്‍കിടാവ്‌, മാണിക്കോത്ത്‌ മാധവന്‍ നായര്‍, വട്ടക്കണ്ടി ഉണ്ണിനായര്‍, പണിക്കോട്ടില്‍ ചന്തുക്കുട്ടി നായര്‍, വളപ്പില്‍ ഗോപാലന്‍ നായര്‍, പന്തപ്പിലാക്കൂല്‍ കുഞ്ഞ്യോമനക്കിടാവ്‌, വരിപ്ര കുഞ്ഞിരാമന്‍ നായര്‍, ഉണിച്ചാത്തന്‍കണ്ടി ശങ്കരന്‍, മാണിക്കോത്ത്‌ ഉണ്ണിനായര്‍, കോരഞ്ചേരി ചന്തുക്കുറുപ്പ്‌, കണിയാണ്ടി കുഞ്ഞിരാമന്‍, വരുവോറ രാമന്‍, അടിടോട്ടില്‍ കൃഷ്‌ണന്‍നായര്‍ കളത്തില്‍ കണാരന്‍, അവയങ്ങാട്ടു വയലില്‍ കുഞ്ഞി്‌രാമന്‍, മേലേങ്കണ്ടി ചോയിക്കുട്ടി, പടിഞ്ഞാറെകുനി കുഞ്ഞിക്കേളപ്പന്‍, ചോയിക്കുട്ടി, കേളന്‍, മേലേങ്കണ്ടി സാമിക്കുട്ടി, പാലപ്പറമ്പത്ത്‌ ചോയിക്കുട്ടി, കുമാരന്‍, കിണറുള്ള കണ്ടി കേളുക്കുറുപ്പ്‌ എന്നിവരും സ്വാതന്ത്ര്യസമരത്തോട്‌ അനഭാവം കാട്ടി പ്രവര്‍ത്തന രംഗത്തിറങ്ങിയവരാണ്‌.

1914 സത്തേമ്പ്ര്‌(സപ്‌തംമ്പര്‍) ഒന്നിന്‌ എന്നുകാണിച്ച്‌ കൊയിലാണ്ടി പെന്‍ഷന്‍ജഡ്‌ജി കെ. ഇമ്പിച്ച്യുണ്ണിനായരും, മുന്‍സീഫ്‌, മജിസ്‌ട്രേറ്റ്‌ എന്നിവരും ചേര്‍ന്ന്‌ പ്രസിദ്ധീകരിച്ച ഒരു നോട്ടീസില്‍ "യൂറോപ്പില്‍ ഇംഗ്ലീഷുകാരും ജര്‍മ്മന്‍കാരും തമ്മില്‍ നടക്കുന്ന ഒരു ഘോരയുദ്ധത്തില്‍ നമ്മുടെ ഭാരതഖണ്ഡത്തില്‍ നിന്ന്‌ പോകുന്ന രണശുരന്മാരായ ഭടന്മാരില്‍ യുദ്ധഭൂമിയില്‍ നിന്ന്‌ തിരിച്ച്‌ വരാത്ത നിര്‍ഭാഗ്യവാന്മാരുടെ കുടുംബത്തെ സഹായിക്കാന്‍ വൈസ്രോയ്‌ പണംപിരിക്കുന്നുണ്ടന്നും നമ്മളും കഴിയുന്നത്ര പണം അയച്ചുകൊടുക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ സത്തേമ്പ്ര്‌ പതിനഞ്ചിന്‌ ചൊവ്വാഴ്‌ച രണ്ടുമണിക്ക്‌ കൊയിലാണ്ടിയില്‍ ചേരുന്നയോഗത്തില്‍ ഹാജരായി ദ്രവ്യസഹായം ചെയ്‌തുതരേണമെന്നും" അഭ്യര്‍ത്ഥിക്കുന്നു. വരിപ്ര കുഞ്ഞിരാമന്‍ നായര്‍ക്ക്‌ ലഭിച്ച ഈ നോട്ടീസില്‍ നിന്ന്‌ 1920നു മുമ്പുതന്നെ ചെങ്ങോട്ടുകാവില്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു എന്ന്‌ സ്‌പഷ്ടമാണ്‌. കോണ്‍ഗ്രസ്സിന്റെ ചരിത്രം ഇന്ത്യന്‍ ജനത തങ്ങളുടെ അടിമത്തത്തില്‍ നിന്ന്‌ വിട്ടുപോവാന്‍ ശ്രമിച്ചിട്ടുള്ളതിന്റെ ചരിത്രം തന്നെയാണല്ലോ ലഘുവായ ആരംഭങ്ങളില്‍ നിന്ന്‌ അത്‌ അധികമധികം വളര്‍ന്നുവരികയും സ്വാതന്ത്ര്യസന്ദേശത്തെ നഗരങ്ങളിലെയും അകന്നുകിടന്ന ഗ്രാമങ്ങളിലെയും ജനഹൃദയങ്ങളിലെത്തിക്കുകയും ചെയ്‌തു. അങ്ങനെ പതുക്കെ അത്‌ ചെങ്ങോട്ടുകാവിലുമെത്തി. ബഹുജനങ്ങളില്‍ നിന്ന്‌ അത്‌ ഓജസ്സും ശക്തിയും ആര്‍ജ്ജിച്ച്‌ സ്വാതന്ത്ര്യവും സമത്വവും നേടാനുള്ള ഇന്ത്യയുടെ ഇച്ഛാശക്തിയുടെ ചൈതന്യവിശേഷമായി വളരുകയും ചെയ്‌തു.

1926 ആഗസ്‌ത്‌ 26ന്‌ താലൂക്ക്‌ ബോര്‍ഡിലേക്കും നവമ്പര്‍ 8ന്‌ മദിരാശി നിയമസഭയിലേക്കും നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥികളായ ഉമ്രക്കാന്റകത്ത്‌ മമ്മത്‌, കെ. മാധവന്‍ നായര്‍ എന്നിവര്‍ ചെങ്ങോട്ടുകാവിലെ വോട്ടര്‍മാരായ ചെട്ട്യാങ്കണ്ടി കേളുനായര്‍, ഉണ്യാതക്കുട്ടി അമ്മ എന്നിവരോട്‌ വോട്ട്‌ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചതായി കാണുന്നതിനാല്‍ ആ കാലത്ത്‌ ഇവിടെ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടന്നിരുന്നു എന്ന്‌ മനസ്സിലാക്കാം.

വിദേശവസ്‌ത്രബഹിഷ്‌കരണപരിപാടികള്‍ കോഴിക്കോട്ടു നടക്കുമ്പോള്‍ അതിനോട്‌ ബന്ധപ്പെട്ട്‌ ചേമഞ്ചേരിയിലും ചില പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുണ്ടായി. ചേമഞ്ചേരി സമാധിമഠം കേന്ദ്രമാക്കിയാണ്‌ ഇവ ആദ്യം നടന്നത്‌. 1930-35 കാലങ്ങളില്‍ ഒരു സന്യാസിസംഘത്തിന്റെ ആഭിമുഖ്യത്തില്‍ പന്തിഭോജനവും സമാന്തരവിദ്യാഭ്യാസപ്രവര്‍ത്തനങ്ങളും ഇവിടെ സംഘടിക്കപ്പെട്ടു. ഈ കാലമാവുമ്പോഴേക്ക്‌ പൂക്കാട്ടങ്ങാടിയില്‍ ഒരു ബേങ്ക്‌ നടത്തിയിരുന്ന മനത്താനത്ത്‌ ശങ്കരന്‍ നായര്‍ സമരപാതയിലെ ഒരു മുഖ്യപ്രവര്‍ത്തകനായി മാറിയിരുന്നു. സി.കെ.ജി, കെ. കേളപ്പന്‍, എന്നിവര്‍ മനത്താനത്ത്‌ വരാറുണ്ടായിരുന്നു.

ഖദര്‍ ധരിച്ചും ഖാദിപ്രവര്‍ത്തനത്തില്‍ പങ്കെടുത്തും കഴിഞ്ഞ അദ്ദേഹത്തെതേടി അപ്പോഴാണ്‌ കലക്ടറുടെ പി.എ. എന്ന അത്യാകര്‍ഷക ജോലിയെത്തുന്നത്‌. ബാംഗ്ലൂരില്‍ വെച്ചായിരുന്നു ഇന്റെര്‍വ്വ്യു. എസ്‌.എസ്‌.എല്‍.സി. ക്കാരനായ അദ്ദേഹത്തിന്റെ ഇംഗ്ലീഷ്‌ഭാഷാപ്രാവീണ്യത്തില്‍ സംതൃപ്‌തരായ ഇന്റര്‍വ്വ്യൂബോര്‍ഡ്‌ അംഗങ്ങള്‍ ഒന്നുമാത്രമാണ്‌ ആവശ്യപ്പെട്ടത്‌ ഖദര്‍ വസ്‌ത്രങ്ങള്‍ ഉപേക്ഷിക്കണം. ഉദ്യോഗത്തെക്കാള്‍ മാതൃഭൂമിയെ സ്‌നേഹിച്ച ആ ദേശാഭിമാനി ക്ഷുഭിതനായി ഇറങ്ങിപ്പോരുകയാണ്‌ ചെയ്‌തത്‌.

1936 ആഗസ്‌റ്റ്‌ 23-ന്‌ ബോംബെയില്‍ വെച്ച്‌ കൂടിയ സര്‍വ്വേന്ത്യാ കോണ്‍ഗ്രസ്സ്‌ കമ്മറ്റി പാസാക്കിയ പ്രമേയമനുസരിച്ച്‌ ചെങ്ങോട്ടുകാവിലെ സ്വാതന്ത്ര്യദാഹികളും പ്രവര്‍ത്തനനിരതരായി. ബഹുജനങ്ങളെ സംഘടിപ്പിച്ച്‌ ശക്തിയാര്‍ജ്ജിക്കാനാണ്‌ പ്രമേയം ആഹ്വാനം ചെയ്‌തത്‌. ശങ്കരന്‍ നായര്‍ ചെങ്ങോട്ടുകാവിലെ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. ഈ കാലത്തുതന്നെയാണ്‌ വിദ്യാര്‍ത്ഥിയായിരുന്ന മാണിക്കോത്ത്‌ മാധവന്‍ നായരിലും സ്വാതന്ത്ര്യവാഞ്‌ഛ ഉണരുന്നത്‌. അദ്ദേഹത്തിന്റെ അമ്മാമന്‍ കോളൂര്‍ചാത്തു നായര്‍ വെല്ലൂര്‍ പോലീസ്‌ ട്രെയിനിംഗ്‌ സ്‌കൂളില്‍ അധ്യാപകനായിരുന്നു.

1930ലെ ഉപ്പുസത്യാഗ്രഹത്തില്‍ കോണ്‍ഗ്രസ്സ്‌ വളണ്ടിയര്‍മാര്‍ അനുഭവിച്ച പീഡനങ്ങള്‍ നേരില്‍ക്കണ്ടിരുന്ന ചാത്തുനായര്‍, ലീവില്‍ വരുമ്പോള്‍ ആ കഥകളൊക്കെ പറയുന്നതുകേട്ട്‌ മാധവന്‍നായരില്‍ കോണ്‍ഗ്രസ്സിനോട്‌ അനുഭാവമുണ്ടായി. 1936ല്‍ പെന്‍ഷന്‍പറ്റിപ്പിരിഞ്ഞ ചാത്തുനായര്‍ മാതൃഭൂമിപത്രത്തിന്റെ സ്ഥിരം വരിക്കാരനായിരുന്നു. പത്രംവായിക്കാനും രാഷ്ട്രീയചര്‍ച്ചകള്‍ക്കുമായി വീട്ടില്‍ വരുന്ന ധാരാളം കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകരില്‍ നിന്ന്‌ മാധവന്‍നായര്‍ ആവേശമുള്‍ക്കൊണ്ടു. ആയിടെ പൊയില്‍ക്കാവ്‌ സ്‌ക്‌ൂള്‍ ഗ്രൗണ്ടില്‍ മമ്മിളി കേളപ്പന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കുറുമ്പ്രനാട്‌താലൂക്ക്‌ കോണ്‍ഗ്രസ്സ്‌ യോഗത്തില്‍ പങ്കെടുത്ത സി.കെ. ഗോവിന്ദന്‍നായര്‍, കെ. എ. ദാമോദരമേനോന്‍ എന്നിവരുടെ പ്രസംഗത്തില്‍ ആകൃഷ്ടനായ മാധവന്‍നായര്‍ ഖദര്‍ ധരിക്കാന്‍ തുടങ്ങി. ഒരു ദിവസം സ്‌കൂളിലുള്ള അഞ്ചാം ജോര്‍ജ്ജ്‌ചക്രവര്‍ത്തിയുടെ ഫോട്ടോ ആരുമറുയാതെ ഇളക്കി താഴെയിട്ടു. തക്ലിയില്‍ നൂല്‍ക്കാന്‍ കുട്ടികളെ പഠിപ്പിക്കുകയും ചെയ്‌തു. ഈ കുറ്റങ്ങള്‍ക്ക്‌ അദ്ദേഹം സ്‌കൂളില്‍ നിന്ന്‌ പുറത്തായി.

1939 ആവുമ്പോഴേക്കും ചേമഞ്ചേരിയില്‍ സമരപ്രവര്‍ത്തനങ്ങള്‍ ശക്തമായിക്കഴിഞ്ഞിരുന്നു. സ്വദേശി പ്രസ്ഥാനം, വിദേശവസ്‌ത്രബഹിഷ്‌ക്കരണം, ഖാദിപ്രവര്‍ത്തനം, കള്ളുഷാപ്പ്‌ പിക്കറ്റിംഗ്‌ എന്നിവ ചെങ്ങോട്ടുകാവിലും സജീവമായി. ഇപ്പോഴത്തെ പഞ്ചായത്താഫീസിനടുത്തുള്ള കള്ളുഷാപ്പിന്റെ മുമ്പില്‍ പലദിവസവും വട്ടക്കണ്ടി ഉണ്ണിനായര്‍ ഏകനായി പിക്കറ്റിംഗ്‌ നടത്തി. ഒരുദിവസം സ്‌കൂളില്‍പോകുന്ന മാധവന്‍നായരെ കൊടിയുമേല്‍പ്പിച്ച്‌ ഉണ്ണിനായര്‍ വെള്ളംകുടിക്കാന്‍ പോയപ്പോഴാണ്‌ പോലീസെത്തിയത്‌. അപ്പോഴേക്ക്‌ ചന്തുക്കുട്ടിനായരും വന്നുചേര്‍ന്നു. പോലീസ്‌ എല്ലാവരെയും തൂക്കിക്കൊണ്ടുപോയി. പുസ്‌തകങ്ങളുണ്ടായിരുന്നത്‌ കൊണ്ട്‌ മാധവന്‍നായര്‍ രക്ഷപ്പെട്ടു. മറ്റുരണ്ടുപേരും ഇടിവാങ്ങി. വലിയധീരരായിരുന്നു ചന്തുക്കുട്ടിനായരും ഉണ്ണിനായരും. അടിയിലോ ഇടിയിലോ യാതൊരു ചാഞ്ചല്ല്യമില്ല. നല്ലവാക്‌്‌സാമര്‍ത്ഥ്യവുമുണ്ടായിരുന്നു.

1939 ജൂണ്‍പത്തിന്‌ പൊയില്‍ക്കാവ്‌ ഗ്രൗണ്ടില്‍ചേര്‍ന്ന ചേമഞ്ചരി എടക്കുളം വില്ലേജ്‌ കോണ്‍ഗ്രസ്സ്‌ കമ്മറ്റികളുടെ സംയുക്ത യോഗത്തില്‍ സി.കെ ഗോവിന്ദന്‍നായര്‍ വി.പി. കുഞ്ഞിരാമക്കുറുപ്പ്‌, എ. വി. കുട്ടിമാളുഅമ്മ എന്നിവര്‍ യുദ്ധം, ഫെഡറേഷന്‍ മുതലായ വിപത്തുകളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കി. 30-04-42ന്‌ കൊയിലാണ്ടിയില്‍ വെച്ച്‌ നടന്ന ദുരിതാശ്വാസക്കമ്മറ്റി യോഗത്തിലും 1942 ജൂലായ്‌ രണ്ടാംവാരത്തില്‍ ചോമ്പാലില്‍ നടന്ന കുറുമ്പ്രനാട്‌ താലൂക്ക്‌ ജപ്പാന്‍ വിരുദ്ധമേളയിലും ചെങ്ങോട്ടുകാവില്‍ നിന്ന്‌ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.

1940 ആവുമ്പോഴേക്കും കോണ്‍ഗ്രസുകാര്‍ ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളികളായിത്തീര്‍ന്നു. ഇതിനിടയിലാണ്‌ സമരവാര്‍ത്തകള്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദ്യേശത്തോടെ ചേമഞ്ചരിയില്‍നിന്ന്‌ അതിരഹസ്യമായി സ്വതന്ത്രഭാരതം പത്രം ആരംഭിക്കുന്നത്‌. ആദ്യം കുടകില്‍ നിന്നാണ്‌ ഇത്‌ അടിച്ചതെങ്കിലും വി.എ. കേശവന്‍നായരും എന്‍.വി. കൃഷ്‌ണവാര്യരും പോലൂസുപിടിയിലായതോടെയാണ്‌ ഇത്‌ ചേമഞ്ചേരിയില്‍നിന്നാരംഭിക്കുന്നത്‌. കല്ലച്ചില്‍ ആദ്യം പത്രം അടിച്ചിറക്കിയത്‌ കൂടത്തില്‍ വീട്ടില്‍ നിന്നായിരുന്നു. ഇങ്ങനെ പത്രമടിക്കുന്നത്‌ പോലീസറിഞ്ഞ്‌ വേട്ട നടത്തിയപ്പോള്‍ പൊന്‍തോട്ടുകുന്നിന്മല്‍ കൊണ്ട്‌വെച്ച്‌്‌ ഒളിപ്പിച്ചതും പിന്നീട്‌ വെള്ള്യാങ്കല്ലിലേക്ക്‌ കൊണ്ട്‌പോയതും അരങ്ങുകാണാത്ത നടന്‍ എന്ന ഗ്രന്ഥത്തില്‍ തിക്കോടിയന്‍ അനുസ്‌മരിക്കുന്നു.

പ്രധാനമായും മാധവന്‍നായര്‍ക്കായിരുന്നു കൊയിലാണ്ടിയിലെ പത്രവിതരണച്ചുമതല. കാരോളി ഉണ്ണിനായരും തറയില്‍ ഉണ്ണിനായരും പത്രം കൊടുക്കും പുലര്‍ച്ചെ നാലുമണിക്ക്‌ റെയിലോരത്തുകൂടെ നടന്ന്‌ ഇ. വാസുദേവന്‍നായര്‍ മുതലായ പതിനൊന്ന്‌ പേര്‍ക്കാണ്‌ മാധവന്‍നായര്‍ പത്രം എത്തിച്ചിരുന്നത്‌. ഇതറിഞ്ഞ്‌ ഒരുദിവസം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുങ്കന്‍നായര്‍ അദ്ദേഹത്തെ സ്റ്റേഷനിലേക്ക്‌ വിളിപ്പിച്ചു. മാധവന്‍നായരുടെ കൂസലില്ലായ്‌മകണ്ട്‌ കലികയറിയ ഇന്‍സ്‌പെക്ടര്‍ ഇരുകവിളിലും മാറിമാറി അടിച്ചു. ചാത്തുനായരുടെ മരുമകനാണെന്ന്‌ ഹെഡ്‌കോണ്‍സ്‌റ്റബിള്‍ ഇടപെട്ട്‌ പറഞ്ഞതുകൊണ്ടാണ്‌ തുടര്‍ പീഡനത്തില്‍ നിന്ന്‌ അദ്ദേഹം രക്ഷപ്പെട്ടത്‌.

1941 ആവുമ്പോഴേക്ക്‌ ഖാദിപ്രസ്ഥാനം ശക്തമായിക്കഴിഞ്ഞിരുന്നു. തക്ലിക്ക്‌ പകരം കിസാന്‍ ചര്‍ക്കപ്രചാരത്തില്‍ വന്നു. റെയിലിന്‌ പടിഞ്ഞാറുഭാഗത്തുള്ള തന്റെ പറമ്പില്‍ ശങ്കരന്‍നായര്‍ ഒരു ചര്‍ക്കാക്ലാസ്സ്‌ ആരംഭിച്ചു. ഒരു മുസ്ലീംകുട്ടിയടക്കം പതിനെട്ട്‌ യുവതികള്‍ ഈ ക്ലാസിലുണ്ടായിരുന്നു. പറമ്പില്‍ അമ്മുഅമ്മ, എളയാടത്ത്‌്‌ മീനാക്ഷിഅമ്മ, കാതോളിക്കുനി ലക്ഷ്‌മിഅമ്മ, ഒറോട്ടുകുനിയില്‍ മാധവി എന്നിവരൊക്കെ ആദ്യനൂല്‍പ്പുകാരായി. മുന്‍മന്ത്രി ഉണ്ണികൃഷ്‌ണന്റെ അമ്മയായ അമ്മുക്കുട്ടിഅമ്മ ആയുരുന്നു കുട്ടികള്‍ക്ക്‌ പരിശീലനം നല്‍കിയത്‌. ദിവസേന അവരെ ജഡ്‌കയില്‍ക്കയറ്റി കൊണ്ടുവരികയും തിരിച്ചെത്തിക്കുകയും ചെയ്യുന്ന ചുമതല മാധവന്‍നായര്‍ക്കായിരുന്നു. വളപ്പില്‍ ഗോപാലന്‍നായരും കണിയാങ്കണ്ടി കുഞ്ഞിരാമനും ഖാദി വസ്‌ത്രങ്ങള്‍ വീട്ടില്‍ കൊണ്ടുനടന്ന്‌ വില്‌പനനടത്തി.

1941-ലായിരുന്നു വ്യക്തി സത്യാഗ്രഹപരിപാടി. പട്ടാളത്തില്‍ ചേരരുത്‌, പണം കൊടുക്കരുത്‌, തെറ്റാണീയുദ്ധം നമുക്കുവേണ്ട നമുക്കുവണ്ട, ആളെക്കൊണ്ടൊ അര്‍ത്ഥംകൊണ്ടൊ സഹായിക്കരുത്‌ ബോലോഭാരത്‌മാതാക്കീജയ്‌, മഹാത്മാഗാന്ധികീജയ്‌, എന്നീ മുദ്രാവാക്യങ്ങളുമായി നിരവധി ജാഥകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇതോടനുബന്ധിച്ച്‌ തൈക്കണ്ടി വി.എം. രാമന്‍നായര്‍, ഉണ്ണിനായര്‍, ഉണിച്ചാത്തംകണ്ടി ശങ്കരന്‍ എന്നിവരെ പിടിച്ചുകൊണ്ടുപോയി മൂന്നുദിവസം വടകര ലോക്കപ്പിലിട്ടു.

തൊഴിലാളികളും ഇതിനിടെ സമരത്തില്‍ പങ്കാളികളാവാന്‍ തുടങ്ങിയിരുന്നു. ദേശീയപതാകക്കുകീഴല്‍ സംഘടിപ്പിക്കപ്പെട്ട തൊഴിലാളി സംഘടനയുടെ ആഭിമുഖ്യത്തില്‍ 1939 ഏപ്രില്‍ പതിനാലിന്‌ വെള്ളിയാഴ്‌ച കൊയിലാണ്ടിയില്‍ ചേര്‍ന്ന യോഗത്തില്‍ ചെങ്ങോട്ടുകാവില്‍ നിന്ന്‌ ധാരാളം പേര്‍ പങ്കെടുത്തു. മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും മര്‍ദ്ദനത്തില്‍ നിന്ന്‌ മോചിതരാവാന്‍ ആഹ്വാനം ചെയ്യുന്ന യോഗനോട്ടീസില്‍ രണ്ടണ, കാലണ എന്നിവയുടെ ടിക്കറ്റു വാങ്ങി സ്വാഗതസംഘാംഗമോ പ്രതിനിധിയോ ആവാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കുറുമ്പ്രനാട്‌ താലൂക്ക്‌ കിസാന്‍ സംഘത്തിന്റെ നേതൃത്വത്തിലും ധാരാളം സമ്മേളനങ്ങള്‍ നടക്കുകയുണ്ടായി. ഈ സമയമാവുമ്പോഴേക്ക്‌ കൃഷിക്കാരുടെയും തൊഴിലാളികളുടെയും മറ്റുവിഭാഗങ്ങളുടെയും സമരപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചുകഴിഞ്ഞിരുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തേണ്ട ഒരു ദിനമാണല്ലോ 1942 ഓഗസ്‌റ്റ്‌ എട്ട്‌. ബോംബെ ക്രാന്തി മൈതാനത്ത്‌ കൂടിയ നേഷനല്‍കോണ്‍ഗ്രസ്‌ സമ്മേളനം ക്വിറ്റ്‌ ഇന്ത്യ എന്ന ചരിത്രപ്രസിദ്ധമായ പ്രമേയം പാസാക്കിയത്‌ അന്നാണ്‌. സമ്മേളനം കഴിഞ്ഞ്‌ അല്‌പസമയത്തിനുള്ളില്‍ ഗാന്ധിജി, നെഹ്‌റു എന്നിവരടക്കം പ്രമുഖനേതാക്കളെല്ലാം അറസ്റ്റുചെയ്യപ്പെട്ടു. സമരം ആളിക്കത്താന്‍ കാരണമായ ഒരു തീപ്പൊരിയായിരുന്നു അത്‌. നേതാക്കളുടെ അറസ്റ്റ്‌ ഒരു വെല്ലുവിളിയായി ഇന്ത്യന്‍ജനത ഏറ്റെടുത്തു. അവര്‍ നിര്‍ഭയം സമരപാതയിലേക്ക്‌ പ്രവേശിച്ചു. ചേമഞ്ചേരിയിലും ചെങ്ങോട്ടുകാവിലും സമരാഹ്വാനം പ്രതിധ്വനിച്ചു.

കുറുമ്പ്രനാട്‌ കോണ്‍ഗ്രസ്‌ കമ്മറ്റി സിക്രട്ടറി കെ കുഞ്ഞിരാമക്കുറുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കോട്‌ കലക്ടറേറ്റിലേക്ക്‌ ആരംഭിച്ച പ്രചാരണജാഥ ഓഗസ്‌റ്റ്‌ 15ന്‌ ചെങ്ങോട്ടുകാവിലെത്തി. ജാഥയില്‍ മൂല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവ്‌ ഗോപാലന്‍ മാഹിവിമോചന സമരഭടന്‍ ഐ. കെ. കുമാരന്റെ സഹോദരന്‍ ശ്രീധരന്‍ എന്നിവരടക്കം എട്ടുപേരുണ്ടായിരുന്നു. മാധവന്‍നായരുടെ വീട്ടില്‍നിന്ന്‌ ഭക്ഷണം കഴിച്ച്‌ ഉണിച്ചാത്തന്‍കണ്ടി ശങ്കരന്‍, മാധവന്‍നായര്‍,വരിപ്പറ കുഞ്ഞിരാമന്‍നായര്‍, മാണിക്കോത്ത്‌ ഉണ്ണിനായര്‍, അടിയോട്ടില്‍ കൃഷണന്‍നായര്‍, വട്ടക്കണ്ടി എന്നിവരടങ്ങുന്ന പത്തംഗസംഘത്തോടൊപ്പം ജാഥ ചേമഞ്ചേരിയിലെത്തി. അവിടെ മാധവന്‍കിടാവ്‌, ഉപ്പശ്ശന്‍കണ്ടി കൃഷണന്‍നായര്‍, മൂശാരിക്കണ്ടി കേളപ്പന്‍നായര്‍, കുറത്തിശ്ശാല മാധവന്‍നായര്‍, കാര്‍ളിക്കണ്ടി കുഞ്ഞിരാമന്‍നായര്‍, കാരോളി അപ്പുനായര്‍, തറോല്‍ ഉണ്ണിനായര്‍, മേലേടത്ത്‌ ഉണ്ണിനായര്‍, സ്രാമ്പി കുഞ്ഞിരാമന്‍നായര്‍, ജി. കെ. പൈതല്‍, തച്ചനാടത്ത്‌ കുഞ്ഞിരാമന്‍നായര്‍, എന്നീ ധീരസമരനേതാക്കളുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തിനുശേഷം ജാഥ അത്തോളിയിലെത്തി നേതാക്കളെയെല്ലാം അവിടെ നിന്ന്‌ അറസ്‌റ്റുചെയ്‌തു. ബാക്കിയുള്ളവര്‍ തിരിച്ചുപോരുകയും ചെയ്‌തു.

നാടു തിളച്ചുമറിയുകയായിരുന്നു നേതാക്കളുടെ അറസ്‌റ്റും മര്‍ദ്ദനവും, ഉടനെ എന്തെങ്കലും ചെയ്യണമെന്ന തീവ്രവികാരം സമരസേനാനികളിലുണര്‍ത്തി കേളപ്പന്‍നായര്‍ അതീവരഹസ്യമായ ഒരു യോഗത്തിന്‌ ഏര്‍പ്പാടുചെയ്‌തു. നോട്ടീസ്‌ നാലുഭാഗത്തേക്കും പോയി. പല ഭാഗങ്ങളില്‍ നിന്നും ആളുകളെത്തി. മാധവന്‍കിടാവിന്റെ നേതൃത്വത്തില്‍ നടന്ന ആ യോഗത്തില്‍വെച്ച്‌ തീവെപ്പ്‌, പാലംപൊളി മുതലായ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടത്തി പ്രതിഷേധത്തിലൂടെ സര്‍ക്കാരിനെ ഭയപ്പെടുത്തണമെന്ന അഭിപ്രായം ഐകകണ്‌ഠ്യേന അംഗീകരിക്കപ്പെട്ടു.

ഉടനെ ആയതിനുള്ള ഒരുക്കങ്ങളും തുടങ്ങി. നിയോഗിക്കപ്പെട്ട പ്രകാരം മാധവന്‍നായര്‍ കോഴിക്കോട്‌ നെടുങ്ങാടി ബേങ്കിലെ മാനേജര്‍ ശര്‍മ്മയുടെ വീട്ടില്‍ പോയി ഒരുകുപ്പി പെട്രോളും ചാപ്പാടന്‍കണ്ടി കുഞ്ഞിരാമന്‍നായരോട്‌ അരക്കുപ്പിമണ്ണെണ്ണയും വാങ്ങി പൂക്കാട്ടിലുള്ള ബേങ്കില്‍ സൂക്ഷിച്ചുവെച്ചു. ആഗസ്‌ത്‌ 19 രാത്രി പത്തുമണി. ഉള്ള്യേരി മുതലായ സ്ഥലങ്ങളില്‍ നിന്നപോലും വന്നവരടക്കം എല്ലാവരും പൂക്കാട്‌ സമാധമഠത്തിലെത്തി കേമ്പ്‌ ചെയ്‌തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ജീപ്പ്‌ പതിവായി രാത്രി കോരപ്പുഴവരെ പെട്രോളിംഗ്‌ നടത്താറുണ്ടായിരുന്നു. ജീപ്പ്‌ തിരിച്ചുപോയശേഷം സംഘം രജിസ്‌ട്രാഫീസിന്റെ പിന്നിലെ മരത്തിന്റെയും പീടികയുടെയും മറവില്‍ ഒളിച്ചിരുന്നു. സര്‍വ്വത്ര ഭദ്രം.രണ്ടുക്ലാര്‍ക്കുമാരും ഒരു കാവല്‍ക്കാരനും അകത്ത്‌ ഉറങ്ങുന്നു. മുട്ടിവിളിച്ച്‌ വാതില്‍ തുറപ്പിച്ച്‌ അവരെ പുറത്തുകൊണ്ടുവന്നു.

മൂന്നുവേര്‍ അവര്‍ക്കുകാവലിരുന്നു. ബാക്കിയുള്ളവര്‍ അകത്തുകടന്ന്‌ കടലാസുകള്‍ കൂട്ടിയിട്ട്‌ തീ കൊളുത്തി. തീ ആളിപ്പടര്‍ന്നു. പിന്നീട്‌ അവര്‍ റെയില്‍വെസ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. പ്ലാറ്റ്‌ഫോമിലെ പണിസാധനങ്ങള്‍ സൂക്ഷിക്കുന്ന പെട്ടിയുടെ പൂട്ട്‌ ഉപ്പശ്ശന്‍കണ്ടി പൊട്ടിച്ച്‌ ദൂരത്തേക്ക്‌ വലിച്ചെറിഞ്ഞു. കട്ടപ്പാരകളും മറ്റ്‌ സാധനങ്ങളും എടുത്ത്‌ എല്ലാവരും തെക്കോട്ടുനീങ്ങി. ഒവുപാലം കട്ടപ്പാരയിട്ട്‌ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒരു ഗുഡ്‌സ്‌ വണ്ടിയുടെ വെളിച്ചം അകലെക്കണ്ട്‌ ആ ഉദ്യമത്തില്‍ നിന്ന്‌ അവര്‍ പിന്തിരിഞ്ഞു. ചിലര്‍ തിരുവങ്ങൂരിലേക്ക്‌ പോയി വില്ലേജ്‌ ഓഫീസിനും റെയില്‍വേസ്റ്റേഷനും തീവെച്ചു. ശങ്കരന്‍നായരും മാധവന്‍നായരും നാലുമണിയാവുമ്പോഴേക്കും ചെങ്ങോട്ടുകാവിലെത്തി പ്ലക്കാട്ട്‌ വീട്ടില്‍ ചെന്ന്‌ കിടന്നുറങ്ങി രാവിലെ പതിവുപോലെ ബാങ്കിലെത്തുകയും ചെയ്‌തു.

പിറ്റെദിവസം നേരം പുലര്‍ന്നപ്പോഴേക്കും രജിസ്‌ട്രാഫീസ്‌ പരിസരം ജനസമുദ്രമായിരുന്നു. നോക്കുന്നിടത്തെല്ലാം പോലീസും എം.എസ്‌.പിയും. പ്രധാനനേതാക്കളെല്ലാം ഒളിവില്‍പ്പോയി. ദിവസങ്ങളോളം പോലീസ്‌ നാടെങ്ങും ഒടിനടന്ന്‌ വട്ടക്കണ്ടിയടക്കം കാണുന്നവരെയെല്ലാം പിടിച്ചുമര്‍ദ്ദിച്ചു. മാധവന്‍നായര്‍ക്കും ശങ്കരന്‍നായര്‍ക്കും വാറണ്ട്‌ ഉണ്ടാകുമെന്ന്‌ കോണ്‍ഗ്രസ്‌ അനുഭാവിയായ ഒരു പോലീസുകാരനില്‍നിന്ന്‌ വിവരം ലഭിച്ചതിനാല്‍ ഒക്ടോബര്‍ എട്ടിന്‌ ശങ്കരന്‍നായര്‍ ബോംബെക്കും ഇരുപത്തിഅഞ്ചിന്‌ മാധവന്‍നായര്‍ തമിഴ്‌നാട്ടിലേക്കും വണ്ടികയറി. മൂന്നുകൊല്ലം കഴിഞ്ഞ്‌ 1945ല്‍ വാറണ്ട്‌ പിന്‍വലിച്ചതറിഞ്ഞ്‌ ഒളിവുജീവിതത്തിനുശേഷം ഇരുവരും തിരിച്ചെത്തുകയും പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്‌തു.

1940-വരെ ഇന്നാട്ടിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനം ടൗണ്‍ കേന്ദ്രീകരിച്ചായിരുന്നു നടന്നിരുന്നത്‌. ഇന്നത്തെ ഷസ്‌ലി ബേക്കറി നില്‍ക്കുന്നിടത്ത്‌ കിട്ടന്‍വൈദ്യരുടെ ഔഷധശാലയായിരുന്നു. മുമ്പിലെ കാഞ്ഞിരമരം പലര്‍ക്കും ഓര്‍മ്മയുണ്ടാവും. പുറത്തുള്ള അതിന്റെ വണ്ണംകൂടിയവേരിന്‍മേലിരുന്നായിരുന്നു പലപ്പോഴും പ്രവര്‍ത്തകരുടെ ചര്‍ച്ച. സ്വാതന്ത്ര്യദാഹം നാട്ടിന്‍പുറത്തിന്റെ സിരകളില്‍ നിറഞ്ഞതോടെ ചേലിയ. എളാട്ടേരി ഭാഗങ്ങളിലും കോണ്‍ഗ്രസ്സില്‍ അംഗങ്ങള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി. എടേലാട്ട്‌ കുഞ്ഞിരാമന്‍നായര്‍, തെക്കേടത്ത്‌ കുഞ്ഞികൃഷണന്‍നായര്‍, കാളക്കനാരി ചോയി, വടക്കെവളപ്പില്‍ ഗോപാലന്‍ നായര്‍ എന്നിവരൊക്കെ ആ പ്രദേശങ്ങളില്‍ പ്രവര്‍ത്തനത്തിന്‌ മുന്‍നിരയലുണ്ടായിരുന്നു. റജിസ്‌ട്രാഫീസ്‌ തീവെപ്പിന്‌ ഉള്ളൂര്‍ക്കടവിന്റെ അക്കരെനിന്നെത്തിയ രാമുണ്ണിമസ്റ്റര്‍, ഓലയാട്ട്‌ കുഞ്ഞന്‍നായര്‍ എന്നിവരടങ്ങുന്ന സംഘത്തിനെ രഹസ്യമായി പെരുന്തല്ലിയല്‍ ഇക്കരെ എത്തിച്ചത്‌ വടക്കെവളപ്പില്‍ രാമോട്ടിയാണ്‌. തന്റെ ചായപ്പീടികയിലിരുത്തി പൊറന്തൂട്ടഞ്ചേരി കേളപ്പന്‍ ഇവര്‍ക്ക്‌ പൂളക്കിഴങ്ങും കട്ടന്‍കാപ്പിയും നല്‍കി. ഈ സംഘം തിരുച്ചുവരുമ്പോള്‍ റെയില്‍വെസ്‌റ്റേഷനിലെ ചിലപണിയായുധങ്ങളും ചാക്കിലാക്കി കൊണ്ടുവന്നിരുന്നു. അവരില്‍ ചിലര്‍ക്ക്‌ ഒളിവില്‍ പാര്‍ക്കാന്‍ സൗകര്യം ചെയ്‌തു കൊടുക്കുകയും സംഘം ഇട്ടേച്ചുപോയ ചാക്കുകെട്ട്‌ അതിരഹസ്യമായി തോണിയില്‍ കയറ്റി പുഴയില്‍ താഴ്‌ത്തിയതും കേളപ്പന്‍ തന്നെയായിരുന്നു. 1940-മുതല്‍ പ്രവര്‍ത്തനരംഗത്തുണ്ടായിരുന്ന മറ്റൊരു പ്രധാന വ്യക്തിയാണ്‌ പി.കെ. ബീരാന്‍കുട്ടി. സ്വതന്ത്രഭാരതം പത്രം നടുവണ്ണൂര്‍, ഉള്ള്യേരി, ബാലുശ്ശേരി, എന്നിവിടങ്ങളില്‍ ചിലര്‍ക്കു എത്തിച്ചുകൊടുത്തിരുന്നത്‌ ബീരാന്‍കുട്ടിയായിരുന്നു. ചേലിയയില്‍ റേഷന്‍ഷാപ്പുനടത്തിയിരുന്ന മേലൂരിലെ പുതുക്കോടന കൃഷന്‍നായരെപ്പോലുള്ള വ്യക്തികളാണ്‌ അദ്ദേഹത്തിന്‌ പ്രവര്‍ത്തിക്കാന്‍ ആവേശം നല്‍കിയത്‌.

കൃഷിക്കാരുടെ കൂട്ടായ്‌മയും ഈയവസരത്തില്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. വന്‍കിടജന്മിമാരെക്കൂടാതെ പോത്തങ്കയ്യില്‍ ഇമ്പിച്ചന്‍, കിണറുള്ളതില്‍ കൃഷണന്‍നായര്‍, കളത്തില്‍ കുട്യാലി, വളേരി പൈതല്‍ കിടാവ്‌, എന്നിങ്ങനെയുള്ള ഇടത്തരക്കാരും സ്വന്തം വയലുകളില്‍ അധ്വാനിച്ചിരുന്ന ധാരാളം ചെറുകിട കൃഷിക്കാരും നമ്മുടെ നാട്ടിലുണ്ടായിരുന്നു. 1944ലാണ്‌ ആദ്യമായി ഇവരുടെ ഒരു കൂട്ടായ്‌മ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌. രണ്ടാം ലോകമഹായുദ്ധകാലമാണ്‌. പൊതുവെ നാട്ടിലെങ്ങും ക്ഷാമം. 1944ലെ മദിരാശി ഭക്ഷ്യധാന്യ സംഭരണ നിയമപ്രകാരം ധാന്യമെടുപ്പ്‌ ഓഫീസര്‍ എല്ലാകൃഷിക്കാരില്‍ നിന്നും ലെവിയായി നെല്ലെടുക്കുകയും അവ റേഷന്‍ ഷാപ്പിലൂടെ വിതരണം നടത്തുകയും ചെയ്‌തിരുന്നു. ഇത്തരത്തിലുള്ള നെല്ലെടുപ്പില്‍ അനുഭവപ്പെടുന്ന പ്രയാസങ്ങളെപ്പറ്റി ചര്‍ച്ച ചെയ്‌ത്‌ പരിഹാരമന്യേഷിക്കാന്‍ നെല്‍കൃഷിക്കാരുടെ ഒരു യോഗം 1944 ആഗസ്‌റ്റ്‌ 22ന്‌ പൊയില്‍ക്കാവ്‌ സ്‌കൂളില്‍ ചേരുകയുണ്ടായി. കിണറുള്ളകണ്ടി കുഞ്ഞിരാമന്‍നായരായിരുന്നു യോഗാദ്ധ്യക്ഷന്‍. ആ യോഗത്തില്‍ നിന്ന്‌ കുഞ്ഞിരാമന്‍നായര്‍ പ്രസിഡണ്ട്‌, വരിപ്രകുഞ്ഞിരാമന്‍നായര്‍ കാര്യദര്‍ശി, കുറുവട്ടഞ്ചേരി രാമന്‍കിടാവ്‌ ഖജാന്‍ജിയായി ഒമ്പതംഗ എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയും രൂപീകരിച്ചു കര്‍ഷകകുടുംബത്തിലെ അംഗങ്ങള്‍ക്ക്‌ മുക്കാല്‍ റാത്തല്‍ നെല്ലിനൂപകരം ഒരു റാത്തല്‍ വീതം അനുവദിക്കുക, ലെവി എടുക്കാന്‍ മേനോനുപകരം മേനോനടക്കം അഞ്ചോ ഏഴോ അംഗങ്ങളടങ്ങിയ ഒരു വില്ലേജ്‌ കമ്മറ്റിയെ നിയമിക്കുക, കൃഷിക്കാര്‍ക്ക്‌ റേഷന്‍കാര്‍ഡ്‌ അനുവദിക്കുക എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ട്‌ അടിയോട്ടില്‍ കൃഷണന്‍നായര്‍ അവതരിപ്പിച്ച പ്രമേയം പാസാക്കി മദ്രാസ്‌ റേഷന്‍കണ്‍ട്രോളര്‍ ദിവാന്‍ ബഹദൂര്‍, എസ്‌.ജി.ഗ്രൗണ്ട്‌, മലബാര്‍ കലക്ടര്‍ ജില്ലാറേഷനിംഗ്‌ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക്‌ അയച്ചുകൊടുക്കുകയും ചെയ്‌തു. അന്നു യോഗത്തില്‍ ഹാജരായ 42 കൃഷിക്കാരും കോണ്‍ഗ്രസ്‌ അനുഭാവികളോ പ്രവര്‍ത്തകരോ ആയിരുന്നു. മാത്രമല്ല ഒന്നുരണ്ടുപേരൊഴിച്ച്‌ ബാക്കിയെല്ലാവരും അവനവന്റെ വയലില്‍ അധ്വാനിക്കുന്നവരായിരുന്നു. അതിനാല്‍ ചെങ്ങോട്ടുകാവിലെ ആദ്യ കര്‍ഷകസംഘം കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലായിരുന്നുവെന്ന്‌ പറയാം.
1946 ആവുമ്പോഴെക്ക്‌ ശക്തമായ ഒരു കര്‍ഷകപ്രസ്ഥാനം മലബാറില്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. മലബാര്‍കിസാന്‍കോണ്‍രഗ്രസ്സ, കുറുമ്പ്രനാട്‌കിസാന്‍കോണ്‍കോണ്‍ഗ്രസ്സ്‌ എന്നിവയുടെ കീഴില്‍ ചെങ്ങോട്ടുകാവിലും സജീവപ്രവര്‍ത്തനങ്ങള്‍ ഉണ്ടായി. 16-10-46ന്‌ ചേര്‍ന്ന പന്തലായനി കാര്‍ഷികോല്‌പാദന പരസ്‌പര സഹായ സംഘത്തില്‍ (പി.സി.സി. സൊസൈറ്റി) എം.ശങ്കരന്‍ നായര്‍ ചെങ്ങോട്ടുകാവിന്റെ പ്രതിനിധിയായി. വലിയ ജന്മിമാരോടെന്നപോലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നാമമാത്ര കൃഷിക്കാരുടെ വീട്ടിലും കയറി പരിശോധിക്കുന്നത്‌ അവസാനിപ്പിക്കണമെന്നും കൃഷിക്കാരുടെ വീട്ടിലും കയറി പരിശോധിക്കുന്നത്‌ അവസാനിപ്പിക്കണമെന്നും കൃഷിക്കാരുടെ ചെലവിനുള്ള നെല്ല്‌ തട്ടിക്കഴിച്ച്‌ ബാക്കിമാത്രമേ പാട്ടമായി അനുവദിക്കാവൂ എന്നും സൊസൈറ്റിയും കൃഷിക്കാരുടെ സംഘടനയും പലപ്രാവശ്യം നിവേദനം നടത്തി. മാത്രമല്ല ഉദ്യോഗസ്ഥനായ മേനോന്‍ അവിഹിതമായി ജന്മിമാരെ സഹായിക്കുന്നതിനാല്‍ റേഷന്‍ഷാപ്പിലൂടെ പാവങ്ങള്‍ക്ക്‌ കിട്ടുന്നനെല്ലില്‍ വലിയൊരുഭാഗം പതിരാണെന്ന കാര്യവും ചെങ്ങോട്ടുകാവ്‌ കര്‍ഷകകോണ്‍ഗ്രസ്സ്‌ പന്തലായനിസൊസൈറ്റിക്ക്‌ നിരവധി പ്രാവശ്യം പരാതിയായി അയച്ചിരുന്നു.
പുരോഗമനപരമായ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മലബാര്‍ കര്‍ഷകകോണ്‍ഗ്രസ്സ്‌ മദിരാശി ഗവര്‍മെന്റിന്‌ സമര്‍പ്പിച്ച പ്രമേയം 2-9-46ന്‌ ചെങ്ങോട്ടുകാവിലെ കൃഷിക്കാരുടെ യോഗം ചര്‍ച്ചചെയ്യുകയുണ്ടായി. 1935-ലെ മലബാര്‍കൂടിയായ്‌മനിയമം കൊണ്ട്‌ കൃഷിക്കാര്‍ക്ക്‌ ഒരുഗുണവും ഉണ്ടായിട്ടില്ലെന്നും ജന്മിമാര്‍ നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച്‌ കൃഷിക്കാരെ ദ്രോഹിക്കുകയാണെന്നും നിര്‍ബാധം ഒഴിപ്പിക്കല്‍ നടത്തുന്നുണ്ടന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.കൃഷഭൂമിയില്‍ ശാശ്വതവും സ്ഥിരവുമായ കൈവശാവകാശം കൃഷിക്കാരന്‌ ലഭിക്കണമെന്ന്‌ പ്രമേയത്തില്‍ ആവശ്യപ്പെടുകയും ചെയ്‌തു. പ്രമേയത്തിലെ ഇന്നും പ്രസക്തിയുള്ള ചില ആവശ്യങ്ങള്‍ തികച്ചും കൗതുകകരമാണ്‌. കൃഷിക്കാരുടെ കടങ്ങള്‍ ഗവണ്‍മെന്റ്‌ ഏറ്റെടുത്ത്‌ ഗഡുക്കളായി പിരിച്ചെടുക്കുക, നിലനികുതി നിര്‍ത്തി കാര്‍ഷികാദായത്തിന്മല്‍ നികുതി ചുമത്തുക, സ്‌കൂള്‍കുട്ടികളെ പണിയെടുപ്പിക്കുന്നത്‌ നിരോധിക്കുക, കര്‍ഷകതൊഴിലാളികള്‍ക്ക്‌ ജാതി അയിത്തം മുതലായ അസമത്വങ്ങള്‍ നീക്കി തുല്‌്യാവകാശങ്ങള്‍ നല്‌കുക. ആചാരവാക്കുകള്‍ ഉള്‍പ്പെട്ട ആധാരങ്ങള്‍ സ്വീകരിക്കാതിരിക്കുക, നിലവിലുള്ള കടം റദ്ദ്‌ ചെയ്‌ത്‌ു, വില്‌പിക്കപ്പെട്ട ഭൂമികള്‍ തിരികെകൊടുപ്പിക്കുക എന്നീ ആവശ്യങ്ങള്‍ അറുപത്‌ കൊല്ലം മുമ്പുള്ള ഒരു യോഗത്തിലെ പ്രമേയമാണെന്ന്‌ വിശ്വസിക്കാന്‍ പ്രയാസമാണ്‌.

കേരളപ്പിവിക്കുശേഷം ഉണ്ടായ പലപ്രധാന ഭൂപരിഷ്‌കരണ നിയമനടപടികള്‍ക്കും അന്നത്തെ പ്രമേയങ്ങള്‍ പ്രേരണയായിട്ടുണ്ടന്ന്‌ നിസ്സംശയം പറയാം. ജന്മിയുടെ അവകാശം ഗവര്‍മെന്റ്‌ ഏറ്റെടുത്ത്‌ പ്രതിഫലമായി കണക്കാക്കുന്ന പാട്ടം അഞ്ചുകൊല്ലം കൊണ്ട്‌ വസൂല്‍ചെയ്‌ത്‌ കൃഷിക്കാരന്‌ ഉടമസ്ഥാവകാശം കൊടുക്കണം എന്ന ആവശ്യമാണ്‌ 1957-ലെ ജന്മിത്വംനിര്‍ത്തല്‍നിയമത്തിന്‌ പ്രേരണയായത്‌. പ്രമേയത്തിലെ മറ്റൊരാവശ്യം കൃഷിക്കാവശ്യമായ ജലാശയങ്ങള്‍ പ്രതിഫലം കൂടാതെ പിടിച്ചെടുത്ത്‌ റിപ്പയര്‍ ചെയ്‌ത്‌ നിലനിര്‍ത്തുക എന്നതായിരുന്നു. കടക്കെണിമൂലം കൃഷിക്കാര്‍ ആത്മഹത്യചെയ്യുന്നതും ജലാശയങ്ങള്‍ മണ്ണിട്ട്‌ തൂര്‍ത്ത്‌ കൃഷിനാശം ഉണ്ടാക്കുന്നതും സ്വപ്‌നത്തില്‍ കൂടി കാണാന്‍ കഴിയാത്ത ആകാലത്ത്‌ കര്‍ഷകകോണ്‍ഗ്രസ്സിന്റെ ക്രാന്തദര്‍ശിത്വത്തെ എത്ര അഭിനന്ദിച്ചാലാണ്‌ മതിയാവുക. 29-1-47ന്‌ വടകര കോട്ടപ്പള്ളിനിന്ന്‌ തുടങ്ങിയ കുറുമ്പ്രനാട്‌ താലൂക്ക്‌ കിസാന്‍ കോണ്‍ഗ്രസിന്റെ അഞ്ച്‌പേരടങ്ങിയ ഒരു സ്‌ക്വാഡ്‌ ജാഥക്ക്‌ 18-2-47ന്‌ എടക്കുളം മേലൂര്‍ഭാഗങ്ങളില്‍ ആവേശകരമായ സ്വീകരണമാണ്‌ കര്‍ഷകര്‍ നല്‍കിയത്‌.
1946ല്‍ പൗരസ്വാതന്ത്ര്യസംസ്ഥാപനസംഘം എന്നൊരു സംഘടന രൂപീകരിക്കപ്പെട്ടു. ചേമഞ്ചേരി എടക്കുളം ഭാഗങ്ങളില്‍ കണ്ടുവരുന്ന സാമുദായിക അസമത്വങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും പരിഹാരം നല്‍കാനാണ്‌ ഈ സംഘടനയെന്ന്‌ 19-08-46ല്‍ പ്രസിദ്ധീകരിച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു. ചില കോയ്‌മകളുടെ അന്യായപ്രവൃത്തിയില്‍ പ്രതിഷേധിക്കാനും അടിമച്ചങ്ങല പൊട്ടിച്ചെറിയാനും ഈ സംഘടന ആഹ്വാനം നല്‍കി. ചില സവര്‍ണ്ണര്‍ നടത്തുന്ന മര്‍ദ്ദനത്തിനോടുള്ള പ്രതിഷേധമായിരുന്നു ഈ നോട്ടീസിന്നാധാരം. ഏതായാലും ഇതിനുഫലമുണ്ടായി. അയിത്തോച്ചാടന പ്രവര്‍ത്തനത്തില്‍ മുന്നിട്ടിറങ്ങിയ സവര്‍ണരായ ധീരസേനാനികളും അടിമത്തനുകത്തില്‍ നിന്ന്‌ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ധൈര്യം ലഭിച്ച ചില അധ:കൃതരും ഒന്നായി ക്ഷേത്രപ്രവേശനജാഥ സംഘടിപ്പിച്ചു. പുുലയസമുദായത്തിലെ കുങ്കര്‍, പറയകുടുംബാംഗം രാമന്‍, വേട്ടുവനായ മന്ദന്‍, അരയാംഗം അച്യുതന്‍, മലയന്‍ ചെക്കിണി, വണ്ണാന്‍ ചെക്കോട്ടി, എന്നിങ്ങനെ പല ജാതിക്കാരും കൂടിച്ചേര്‍ന്നസംഘം സി.കെ.ഗോവിന്ദന്‍നായരുടെ കീഴില്‍ പിഷാരികാവില്‍ തൊഴുതശേഷം പൊയില്‍ക്കാവിലെത്തി കുളത്തില്‍ കുളിച്ച്‌ ദര്‍ശനം നടത്തി പ്രസാദം വാങ്ങി കാഞ്ഞിലശ്ശേരി ക്ഷേത്രത്തിലേക്ക്‌ പോയി. അവിടെ തടയാന്‍ ചിലര്‍ കാത്തുനിന്നിരുന്നു. പൂജാരി ഭയന്ന്‌ ശ്രീകോവിലടച്ച്‌ ഓടിപ്പോയി. ജാഥാംഗങ്ങള്‍ കൈകാലുകള്‍ കഴുകി ദര്‍ശനം നടത്തി കര്‍പ്പൂരം കത്തിച്ചു. എതിര്‍ക്കാന്‍ നിന്നവരും ഭയന്ന്‌ മടങ്ങിപ്പോയി. പണിക്കോട്ടില്‍ ചന്തുക്കുട്ടിനായര്‍ ഹരിജനങ്ങളെ കോളൂര്‍ക്ഷേത്രത്തില്‍ നിര്‍ബന്ധിച്ചു കുളിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ പല ക്ഷേത്രങ്ങളിലുമുണ്ടായി.
ഇക്കാലമാവുമ്പോഴേക്ക്‌ കോണ്‍ഗ്രസില്‍ ഒരു വലിയമാറ്റം നടന്ന്‌ കഴിഞ്ഞിരുന്നു. ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ സോഷ്യലിസ്‌റ്റ്‌ ആശയങ്ങളില്‍ ആകൃഷ്ടരായി. അങ്ങനെയാണ്‌ കിസാന്‍ മസ്‌തൂര്‍ പ്രജാപാര്‍ട്ടി രംഗത്തുവരുന്നത്‌. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഇന്ത്യയിലെ സോഷ്യലിസ്‌റ്റുകളില്‍ ഒരുവിഭാഗം റഷ്യയെ സഹായിക്കണമെന്ന ആശയക്കാരായിരുന്നു. അവരാണ്‌ കമ്മ്യൂണിസ്‌റ്റുകാരായത്‌. ജനാധിപത്യത്തിലൂടെ സോഷ്യലിസം കൈവരിക്കാമെന്ന്‌ സോഷ്യലിസ്‌റ്റുകളും സായുധവിപ്ലവത്തിലൂടെ സമത്വസുന്ദരമായ ഒരിന്ത്യ കെട്ടിപ്പെടുക്കാമെന്ന്‌ കമ്മ്യൂണിസ്റ്റുകാരും വിശ്വസിച്ചു. ഈ ആശയയുദ്ധങ്ങളിലൂടെ ചന്തുക്കുട്ടിനായരോടൊപ്പം പലരും സജീവകമ്മ്യൂണിസ്റ്റുകാരായി. 1942ല്‍ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തിന്റെ പേരില്‍ പല തീവ്രപ്രവര്‍ത്തനങ്ങളും നടന്നപ്പോള്‍ അതിലെ ചില പ്രതികളെ പോലീസുകാര്‍ക്ക്‌ കാണിച്ചുകൊടുത്തത്‌ ചില കമ്മ്യൂണിസ്‌റ്റുകാരായിരുന്നു എന്നൊരാക്ഷേപം ഇന്നും ചെങ്ങോട്ടുകാവിലുണ്ട്‌. ഏതായാലും ക്വിറ്റിന്ത്യാ സമരത്തോട്‌ കമ്മ്യൂണിസ്‌റ്റുകാര്‍ പൊതുവെ അനുകൂലമല്ലായിരുന്നു എന്നതാണ്‌ വസ്‌തുത. സ്വാതന്ത്ര്യസമരം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചുവരുമ്പോഴാണ്‌ ആന്ധ്ര, മദിരാശി, കര്‍ണ്ണാടക അടക്കമുള്ള മദ്രാസ്‌ സ്‌റ്റേറ്റ്‌ കോണ്‍ഗ്രസ്സ്‌ സമ്മേളനം പഴനിയില്‍ വെച്ച്‌ നടക്കുന്നത്‌. ഗന്ധിജി, നെഹ്‌റു, രാജേന്ദ്രപ്രസാദ്‌, രാജാജി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത ആ സമ്മേളനത്തില്‍ ചെങ്ങോട്ടുകാവില്‍ നിന്ന്‌ ആറുപേര്‍ പങ്കെടുത്തു. മനത്താനത്ത്‌ ശങ്കരന്‍ നായര്‍, മാണിക്കോത്ത്‌ മാധവന്‍നായര്‍, എടച്ചേരി കൃഷ്‌ണന്‍ വൈദ്യര്‍, വളപ്പില്‍ ഗോപാലന്‍ നായര്‍, വരിപ്ര കുഞ്ഞിരാമന്‍ നായര്‍, മാണിക്കോത്ത്‌ ഉണ്ണി നായര്‍ എന്നിവരായിരുന്നു ആറുപേര്‍. എ.ഐ.സി.സി. മെമ്പറായിരുന്ന സി.കെ. ഗോവിന്ദന്‍നായര്‍ നല്‍കിയ പാസ്സുമായി നേതാക്കളെക്കണ്ട്‌ ഒരാഴ്‌ചക്കുശേഷം വര്‍ദ്ധിതവീര്യരായിട്ടാണ്‌ അവര്‍ തിരിച്ചെത്തിയത്‌.
കുഞ്ഞിരാമന്‍ നായര്‍ക്ക്‌ ഇതിനിടെ ദേശായി എന്നൊരു സ്ഥാനപ്പേര്‌ ലഭിച്ചിരുന്നു. ഗാന്ധിജിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രച്ചിരുന്നത്‌ മഹാദേവദേശായിയായിരുന്നല്ലോ. അതുപോലെ അണിയറയിലിരുന്ന്‌ ഈ നാട്ടിലെ സമരപരിപാടികളുടെ സംഘാടനം നടത്തുന്ന കുഞ്ഞിരാമന്‍ നായരെ, മമ്മളി വെച്ചുചേര്‌ ഒരു യോഗത്തില്‍ കേളപ്പന്‍ ലായരാണ്‌ ആദ്യമായി ദേശായി എന്നുവിളിച്ചത്‌. ആ പേരില്‍ അദ്ദേഹം പിന്നീട്‌ അറിയപ്പെടുകയും ചെയ്‌തു. ഏഴെട്ടുകൊല്ലം തുടര്‍ച്ചയായി ചെങ്ങോട്ടുകാവിലെ കോണ്‍ഗ്രസ്സ്‌ പ്രസിഡണ്ടായിരുന്നു അദ്ദേഹം.
അന്ന്‌ കോണ്‍ഗ്രസ്സില്‍ അംഗത്വത്തിന്‌ നാലണ മെമ്പര്‍ഷിപ്പ്‌ എടുക്കണം. മദ്യപിക്കില്ലെന്നും സദാചാരവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും അസത്യം പറയില്ലെന്നും ഗാന്ധിജി നിര്‍ദ്ദേശിച്ച പതിനൊന്നിനപരിപാടികള്‍ക്കനുസരിച്ച്‌ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുമെന്നും പ്രതിജ്ഞയെടുക്കണം. പ്രതിജ്ഞയനുസരിച്ച്‌ ജീവിക്കണമെന്നത്‌ പരമപ്രധാനമായിരുന്നു. വെളുത്ത മുറിയന്‍ കൈക്കുപ്പായവും കരയും കുറിയുമില്ലാത്ത മുണ്ടുമായിരുന്നു അക്കാലത്ത്‌ സ്വാതന്ത്ര്യസമരഭടന്മാരുടെ വേഷം.
കള്ളുകുടിപ്പവര്‍ക്കും മല്ലുധരിപ്പവര്‍ക്കും
ഉള്ളില്‍ വിവേകമേകനല്ലോ ശ്രമിച്ചിടേണ്ടൂ
ഭ്രാന്തജലം മോന്തിടുകില്‍ ബന്ധംപലതും അമാന്തം
ബന്ധുജനങ്ങള്‍ തമ്മിലടിപിടികടിപിടി
മദ്യം കുടിച്ചിടൊല്ല മദ്യം കുടിച്ചിടൊല്ല
എന്നുപാടിയാണ്‌ ആവേശഭരിതരായ പ്രവര്‍ത്തകര്‍ കള്ളുഷാപ്പ്‌ പിക്കറ്റിങ്ങിലും വിദേശവസ്‌ത്രബഹിഷ്‌കരണത്തിലും പങ്കെടുത്തത്‌. പതിനായിരക്കണക്കിന്‌ ധീരഭടന്മാരുടെ ചോരചിന്തിയ സഹനസമരത്തിനുശേഷം ആ സുദിനം പിറന്നു. `ലോകം മുഴുവന്‍ അന്ധകാരത്തില്‍ ആണ്ടിരിക്കുന്ന ഈ വേളയില്‍ ഇന്ത്യയിതാ വെളിച്ചത്തിലേക്കും പുതുജീവിതത്തിലേക്കും ഉണര്‍ന്നെഴന്നേല്‍ക്കുന്നു` എന്ന പ്രസിദ്ധമായ പ്രസംഗത്തോടെ ആഗസ്‌റ്റ്‌ 14ന്‌ അര്‍ദ്ധരാത്രി ചെങ്കോട്ടയ്‌ക്കടുത്ത പാര്‍ക്കില്‍ ജവഹര്‍ലാല്‍ നെഹ്‌റു ദേശീയപതാക ഉയര്‍ത്തിയതോടെ ഭാരതത്തിന്റെ ചിരകാലസ്വപ്‌നം യാഥാര്‍ത്ഥ്യമായി. മഹത്തായ സ്വാതന്ത്ര്യലബ്ധിക്കുവേണ്ടി തങ്ങളുടെ ജീവിതത്തെ ബലികഴിച്ച മാതൃഭൂമിയെ സ്‌നേഹിച്ചതിന്‌ സങ്കടങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ച്‌ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ എല്ലാസ്‌ത്രീകളുടെയും പുരുഷന്‍മാരുടെയും കുട്ടികളുടെയും മുമ്പില്‍ രാഷ്ട്രം ആ നിമിഷത്തില്‍ ആദരപൂര്‍വ്വം തലകുനിച്ചുനിന്നു.
ഏതൊരു ഉന്നത ലക്ഷ്യത്തിനുവേണ്ടിയാണോ വരും തലമുറക്കുവേണ്ടി ഇന്ത്യന്‍ ജനത സമരഹോമാഗ്നിയില്‍ തങ്ങളുടെ ജീവിതവും യുവത്വവും ആരോഗ്യവും സമ്പത്തും അര്‍പ്പിച്ചത്‌, ആ ധീരരുടെ പിന്‍ഗാമികള്‍ അതൊക്കെ സൗകര്യപൂര്‍വ്വം വിസ്‌മരിച്ചു. പുത്രപൗത്രര്‍ക്കുവേണ്ടി തങ്ങള്‍ക്കുണ്ടായ നഷ്ടങ്ങളെല്ലാം സമരസേനാനികള്‍ ലാഭങ്ങളായിക്കരുതി. പിന്നീടുവന്നപലരും അതൊക്കെ തങ്ങളുടെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്‌തു എന്നത്‌ ഇന്ത്യയുടെ ദു:ഖമായി അവശേഷിക്കുന്നു.

കടപ്പാട്‌ :
എ.പി.സുകുമാരന്‍ കിടാവ്‌

No comments: