ആലങ്ങാട്ട്‌ ക്ഷേത്രം



സ്വകാര്യ കുടുംബക്ഷേത്രമായിരുന്നെങ്കിലും ജനപങ്കാളിത്തം കൊണ്ട്‌ ഗ്രാമക്ഷേത്രമായി മാറിയ കുറെ ആരാധനാലയങ്ങള്‍ നമുക്കുണ്ട്‌. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ്‌ ചേലിയയിലെ ആലങ്ങാട്ട്‌ ക്ഷേത്രം. ഇതിന്റെ യഥാര്‍ത്ഥ പേര്‌ തെക്കെ എടേലാട്ട്‌ എന്നാണ്‌. എലത്തൂരുള്ള ആലങ്ങാട്ട്‌ ക്ഷേത്രവുമായാണ്‌ ഇതിന്‌ ബന്ധം. ഒരു ദിവസം അഭ്യാസിയായ ഒരു പണിക്കര്‍വിശന്ന്‌ ദാഹിച്ച്‌ ആ ക്ഷേത്രത്തിലെത്തി. പൂജ കഴിഞ്ഞാല്‍ നിവേദ്യം തരാമെന്ന്‌ ശാന്തിക്കാരന്‍ പറഞ്ഞെങ്കിലും കാത്തുനില്‍ക്കാതെ വടക്കോട്ട്‌ നീങ്ങിയ പണിക്കരുടെ കൂടെ പരദേവതാ ചൈതന്യവും പോന്നത്രെ. പണിക്കര്‍ നടന്ന്‌ നടന്ന്‌ ചേലിയയിലെത്തി ഭഗവതി ക്ഷേത്രമുള്ള എടേലാട്ട്‌ വീടിന്റെ പടിഞ്ഞാറെ മതില്‍കയറി മുറ്റത്തെത്തി. വിശന്നിരിക്കുന്ന അദ്ദേഹത്തെ കണ്ട്‌ മീത്തലെ വീട്ടിലെ ഒരി സ്‌ത്രീ പാലും, മണ്ണന്‍പഴവും കൊണ്ടുചെന്ന്‌ കൊടുത്തു. പണിക്കര്‍ഉടനെ വെളിച്ചപ്പെടുകയും വാള്‍കൊണ്ടു ഇന്നത്തെ പരദേവതാ ക്ഷേത്രത്തിന്റെ സ്ഥാനം കാണിച്ചുകൊടുക്കുകയും അചിരേണ അവിടെ ക്ഷേത്രമുണ്ടാകയും ചെയ്‌തു. ഇതു കൊണ്ടാണത്രെ ഇവിടെ ഇപ്പോഴും നിവേദ്യത്തിന്‌ മണ്ണന്‍പഴം ഉപയോഗിക്കുന്നത്‌. ആലങ്ങാട്ട്‌ ക്ഷേത്രത്തില്‍ അയ്യപ്പനും ഉണ്ട്‌. ആദ്യം നാല്‍പ്പത്തൊന്ന്‌ വീട്ടുകാര്‍ക്കായിരുന്നു ഉടമസ്ഥാവകാശം. പിന്നീട്‌ പന്ത്രണ്ടായി ചുരുങ്ങി. മനത്താനത്ത്‌, ചെട്ട്യാങ്കണ്ടി, കിണറ്റിങ്കര, ഏറങ്കാട്ട്‌, മീത്തലെവീട്ടില്‍, കലയാമ്പറമ്പത്ത്‌, നെടിയാമ്പറമ്പത്ത്‌, എന്നിവരാണ്‌ അതില്‍ പ്രമുഖര്‍. കിണറ്റുങ്കര തറവാട്ടുകാര്‍ക്ക്‌ ആലങ്ങാട്ടേക്കുവേണ്ടി പ്രത്യേക വയലുകള്‍ തന്നെയുണ്ടായിരുന്നു. എല്ലാ തറവാട്ടുകാരും മാസത്തില്‍ ആറിടങ്ങഴി നെല്ല്‌, ഇരുനാഴി എണ്ണ, ശാന്തിക്കാരന്‌ എട്ടണ, എന്നിവ കൊടുക്കേണ്ടിയിരുന്നു. സാമൂതിരി വംശത്തിലെ ഒരു ഇളംമുറത്തമ്പുരാനുമായുള്ള സംബന്ധത്തിലൂടെയാണെത്രെ മീത്തലെ വീട്ടുകാര്‍ക്ക്‌ പ്രധാന ഉടമസ്ഥത ലഭിച്ചത്‌. മകരമാസത്തിലെ അവസാന ദിവസത്തിന്‌ രണ്ടുനാള്‍ മുമ്പാണ്‌ ഉത്സവം. കൊടിയേറ്റത്തിന്‌ മുളമുറിക്കല്‍, പന്തലിടല്‍ എന്നിവ നിശ്ചിത ദിവസം നാട്ടുകാര്‍ നിര്‍വ്വഹിക്കുന്നു. രണ്ടുദിവസം അരങ്ങോലവരവും ഒരാഴ്‌ച നട്ടത്തിറയും അവസാന ദിവസം തേങ്ങയേറും പാട്ടും ഉണ്ടാകും. കാറകുരനായര്‍ എന്ന കറോലപ്പണിക്കരാണ്‌ തേങ്ങയേറും പാട്ടും നടത്തുന്നത്‌. നാല്‌പതുവീട്ടുകാരുടെ വകയായി മണ്ഡലകാലത്ത്‌ നാല്‌പതു ദിവസവും മണ്ഡലവിളക്കും ഉണ്ടാകാറുണ്ട്‌. വേട്ടുവരുടെ ഉപ്പും തണ്ടും വരവ്‌, ആയിരത്തിരി താലപ്പൊലി, എന്നിവടോടെ നടത്തുന്ന ആലങ്ങാട്ടുത്സവം ജനകീയപങ്കാളിത്തം കൊണ്ട്‌ പ്രസിദ്ധമാണ്‌. ഒരിക്കല്‍ ആലങ്ങാട്ടെ കോമരം വെളിച്ചപ്പെട്ടുവെങ്കിലും ഒന്നും സംസാരിച്ചില്ല. ഇയ്യക്കുറ്റിവീട്ടിലെ ഒരു മുസ്ലീം മന്ത്രവാദി അടയ്‌ക്കയില്‍ സിലോണ്‍മന്ത്രം ചെയ്‌ത്‌ ദേവതയുടെ നാവടക്കിയതു മൂലമാണെത്രെ ഇങ്ങനെ സംഭവിച്ചത്‌. പക്ഷെ ദൈവചൈതന്യത്തെ തളച്ചിടാന്‍ സാധിച്ചില്ല. ആ വീട്ടിലെ ചുമര്‍പൊട്ടിക്കീറി ചൈതന്യം വീണ്ടും ക്ഷേത്രത്തില്‍ തിരിച്ചെത്തി. ആ വീട്ടുകാര്‍ പിന്നീട്‌ ക്ഷേത്രത്തിലേക്ക്‌ വഴിപാട്‌ നല്‌കാറുണ്ടായിരുന്നു.

No comments: