ആന്തട്ട ക്ഷേത്രം



പുത്തലം തറവാട്ടുകാരുടെ കുടുംബക്ഷേത്രമാണ്‌ ആന്തട്ട. ആന്തണ തിട്ടയാണ്‌ ആന്തട്ടയായത്‌ എന്ന്‌ ചിലര്‍ അഭിപ്രായപ്പെടുന്നു. വടക്കുവശത്തുള്ള മഠം പറമ്പും കിഴക്കുള്ള ഇല്ലംപറമ്പും ബ്രാഹ്മണരുടെ സങ്കേതമായിരുന്നു. മഠത്തില്‍ ജൈനസന്യസിമാര്‍ പാര്‍ത്തിരുന്നു എന്നും ഒരിക്കല്‍ വില്വമംഗലം സ്വാമുയുടെ സാന്നിദ്ധ്യം ക്ഷേത്രത്തിലുണ്ടായിരുന്നെന്നും കരുതപ്പെടുന്നു. ആദ്യ പുത്തലുത്തുന്നവലായ ചേകവന്‍(ശേഖരന്‍) മുതകൂറ്റില്‍ പരദേവതയുടെ ഇഷ്ടഭക്തനായി അവിടെ ഭജനമിരിക്കാറുണ്ടായുരുന്നെന്നും അദ്ദേഹമാണ്‌ പരദേവതയെ ആന്തട്ടയില്‍ കുടിയിരുത്തിയതെന്നുമാണ്‌ ഭക്തര്‍ വിശ്വസിക്കുന്നത്‌.

ചെങ്ങോട്ടുകാവിലെ ഏറ്റവും വലിയ കുളമാണ്‌ ആന്തട്ടയിലേത്‌. ഭംഗിയായി പടുത്തുകെട്ടിയിരുന്ന ഈ കുളം ഇന്ന്‌ ഇടിഞ്ഞ്‌ പൊളിഞ്ഞ മലിനജലം വന്നുചേരുന്ന ദുസ്ഥിതിയിലാണുള്ളത്‌. കൊരയങ്ങാട്‌, മേലൂര്‍ എന്നീ ഉത്സവത്തോടനുബന്ധിച്ചുള്ള കുളിച്ചാറാട്ട്‌ ഈ കുളത്തിലായിരുന്നു നടത്തിയിരുന്നത്‌. ഭഗവതിയാണ്‌ മുഖ്യ പ്രതിഷ്‌ഠ.

ക്ഷേത്രം വകയായുള്ള 'ആന്തട്ടക്കഞ്ഞി' അയല്‍ പ്രദേശങ്ങളില്‍പ്പോലും പണ്ട്‌ പ്രസിദ്ധമായിരുന്നു. അറുപത്‌ കൊല്ലം മുമ്പുവരെ ഉണ്ടായിരുന്ന ഈ കഞ്ഞികുടിക്കാന്‍ ബ്രാഹ്മണര്‍ അടക്കം നിരവധിപേര്‍ എത്തുമായിരുന്നെത്രെ. ധാരാളം നെല്ല്‌ പാട്ടമായി വരവുള്ളതിനാല്‍ കുംഭം ഒന്നുമുതല്‍ ഒരുമാസം മുഴുവന്‍ പുത്തലം സ്ഥാനികള്‍ വരുന്നവര്‍ക്കൊക്കെ കഞ്ഞികൊടുത്തു. കഞ്ഞിയുണ്ടാക്കുന്നത്‌ ഒരു പ്രത്യേകരീതിയിലാണ്‌. ചെറൂറ്റിനി അരിയാണ്‌ ഇതിന്‌ ഉപയോഗിക്കുക. അരിയിട്ട്‌ തിളക്കുമ്പോള്‍ വറ്റ്‌ ഊറ്റി കൊട്ടയിലാക്കി വെക്കുന്നു. വറുത്ത ചെറുപയറ്‌ പരിപ്പും ചുക്കുമിട്ടവെള്ളത്തില്‍ ആ വറ്റിട്ട്‌ വീണ്ടും തിളപ്പിച്ച്‌ കഞ്ഞിയാക്കുന്നു. തേങ്ങാപ്പാല്‍ ചേര്‍ത്ത കഞ്ഞി ഇലയും തടയുമിട്ടാണ്‌ വിളമ്പുക. കൂടെ മുതിരയും ചക്കയും കൂട്ടിയുണ്ടാക്കിയ പുഴുക്കും മാങ്ങയും ഇളവനും ചേര്‍ത്തുണ്ടാക്കിയ 'വെന്നി' എന്ന കറിയുമുണ്ടാകും.

ഒരിക്കല്‍തച്ചോളി ഒതേനന്‍ കോഴിക്കോട്ടേക്ക്‌ പോകുന്ന വഴിക്ക്‌ ഈ പ്രദേശത്ത്‌ എത്തിയെന്നും ആന്തട്ടക്കഞ്ഞിയും പുനത്തുംപടിക്കലെ ചോറും കഴിച്ചശേഷം ആവിക്കരപ്പണിക്കരുടെചോറിനേക്കാള്‍ കൊടക്കാട്ട്‌ പണിക്കരുടെ കഞ്ഞിയാണ്‌ കേമം എന്ന്‌ അഭിപ്രായപ്പെടുകയും ചെയ്‌തെത്രെ. വളരെക്കാലം ജീര്‍ണ്ണാവസ്ഥയില്‍ കിടന്ന ശേഷം അടുത്തകാലത്ത്‌ ശ്രീരാമകൃഷ്‌ണാശ്രമത്തിന്റെ സഹായത്തോടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന്‌ ക്ഷേത്രം നവീകരിക്കുകയുണ്ടായി. ഇപ്പോള്‍ ഒരു കമ്മറ്റിയാണ്‌ ക്ഷേത്രഭരണം നടത്തുന്നത്‌. പണ്ടുകാലത്ത്‌ ഉത്സവത്തിന്‌ വിവിധ അനുഷ്‌ഠാനകലകളും തീരപ്രദേശത്തുകാരുടെ കോല്‍ക്കളിയും ഉണ്ടായിരുന്നു. കുംഭം 20നാണ്‌ ആന്തട്ട ഉത്സവം.




No comments: