മേലൂര്‍ ശ്രീ രാമകൃഷ്‌ണാശ്രമംചെങ്ങോട്ടുകാവില്‍ ഏറ്റവും പഴക്കമുള്ളതാണ്‌ മേലൂരിലെ ശ്രീരാമകൃഷ്‌ണാശ്രമം. വളരെക്കാലം മുമ്പ്‌ ഇതിന്റെ സ്ഥാനത്ത്‌ ഒരു യോഗിമഠവും സുബ്രഹ്മണ്യ കോവിലും ഉണ്ടായിരുന്നു. അതൊക്കെ നശിച്ചതിനുശേഷം 1910ല്‍ കൃഷ്‌ണന്‍നായര്‍ എന്നൊരു ഭക്തന്‍ ഒരു ഭജനമഠം സ്ഥാപിച്ച്‌ ഏറെനാള്‍ നാമജപം, പൂജ എന്നിവ നടത്തിക്കഴിഞ്ഞു. ഒരാശ്രമം സ്ഥാപിക്കാനായി ഈ സ്ഥലം വിട്ടുകൊടുക്കാന്‍ അദ്ദേഹം തയ്യാറായി.

ആ കാലത്ത്‌ ശ്രീരാമകൃഷ്‌ണ മിഷന്റെ പ്രഥമാദ്ധ്യക്ഷനും തുളസിമഹാരാജ്‌ എന്ന പേരില്‍ പ്രസിദ്ധനുമായിരുന്ന ശ്രീമദ്‌ നിര്‍മ്മലാനന്ദസ്വാമികള്‍ വിവേകാനന്ദ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട്‌ ദക്ഷിണേന്ത്യന്‍ പര്യടനം ആരംഭിച്ചുകഴിഞ്ഞിരുന്നു. 1913ല്‍ അദ്ദേഹം വടകരയെത്തി. മഠം പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സമീപിച്ചു. അവരുടെ അഭ്യര്‍ത്ഥന അനുസരിച്ച്‌ 1914 ഏപ്രില്‍ 9ന്‌ മഠം ശ്രീരാമകൃഷ്‌ണാശ്രമം ഏറ്റെടുക്കുകയും 1915ല്‍ പ്രതിഷ്‌ഠനടത്തി ഇതിനെ ശ്രീരാമകൃഷ്‌ണാശ്രമമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തു.

ഹിമാലയത്തിലെ വസിഷ്‌ഠഗുഹയില്‍ ആദ്ധ്യാത്മിക മണ്ഡലത്തില്‍ വളരെക്കാലം വിളങ്ങിനിന്ന സ്വാമി പുരുഷോത്തമാനന്ദ ആദ്യകാലത്ത്‌ നീലകണ്‌ഠ ഭക്തര്‍ എന്ന പേരില്‍ ഇവിടെയുണ്ടായിരുന്നു. ശേഖരാനന്ദജി മുതലായ മുന്‍കാല സന്യാസിമാരാണ്‌ മലബാര്‍ പര്യടനത്തിലൂടെ ധനശേഖരണം നടത്തി ഇന്നുള്ള കെട്ടിടവും പിന്നീട്‌ ലൈബ്രറിയും ഉണ്ടാക്കിയത്‌. അക്കാലത്ത്‌ കോഴിക്കോട്ടും തലശ്ശേരിയിലും മാത്രമെ നല്ല ലൈബ്രറി ഉണ്ടായിരുന്നുള്ളൂ. 1924ലെ വെള്ളപ്പോക്ക ദുരന്തത്തിലും രണ്ടാംലോക യുദ്ധകാലത്തെ കൊടുംക്ഷാമത്തിലും ഉത്തരകേരളത്തിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഈ ആശ്രമം കേന്ദ്രീകരിച്ചാണ്‌ നടന്നത്‌. 1950മുതല്‍ ഇവിടെ ഭാഗവതസപ്‌താഹം, പൂജകള്‍ എന്നിവയോടെ വിശേഷ ദിവസങ്ങള്‍ ആചരിക്കാറുണ്ടായിരുന്നു. ഇതിനിടെ കോഴിക്കോട്ട്‌ ശ്രീരാമകൃഷ്‌ണാശ്രമം സ്ഥാപിതമായതോടെ ഈ ആശ്രമത്തില്‍ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുതുടങ്ങി.

1957ല്‍ കോഴിക്കോട്‌ ആശ്രമഅധിപതിയുടെ സമ്മതത്തോടെ കെ. കേളപ്പന്റെ കീഴില്‍ ഈ ആശ്രമം സര്‍വ്വോദയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി. പ്രധാന പ്രവര്‍ത്തകനായ എ.വി. ശ്രീകണ്‌ഠപൊതുവാളുടെ നേതൃത്വത്തില്‍ അമ്പര്‍ ചര്‍ക്കാ പരിശീലനം, ഭൂദാനപരിപാടികള്‍, നാടകാവതരണം, എന്നിവയൊക്കെ ഈ ആശ്രമത്തില്‍ കുറെക്കാലം സജീവമായി നടന്നു. പ്രവര്‍ത്തന രഹിതമായ കുറച്ചുകൊല്ലങ്ങള്‍ക്കുശേഷം ബേലൂര്‍ മഠത്തിലേക്ക്‌ നിവേദനം നല്‍കിയതിനാല്‍ റിട്ട: എഞ്ചിനീയര്‍ മാധവന്‍പിള്ള മഠാധിപതിയായി വരികയുണ്ടായി. അദ്ദേഹമാണ്‌ ആന്തട്ടക്ഷേത്രനവീകരണത്തിന്‌ ഏറെ സഹായിച്ചത്‌.

1987ല്‍ ഗോലോകാനന്ദസ്വാമികള്‍ ആശ്രമാധിപനായശേഷം ആശ്രമപ്രവര്‍ത്തനം ഒരു പുതിയ കര്‍മ്മ പഥത്തിലേക്ക്‌ പ്രവേശിച്ചു. ഭാരതീയര്‍ ഒന്നാമതും രണ്ടാമും മൂന്നാമതും കൃഷിക്കാരനാണെന്ന രാഷ്ട്രപിതാവിന്റെയും ശ്രീ വിവേകാനന്ദസ്വാമികളുടെയും ഉപദേശം ശിരസ്സാവഹിച്ച്‌ അഞ്ചുകൊല്ലം സ്വാമികള്‍ നടത്തിയ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ചെങ്ങോട്ടുകാവില്‍ ഒരു പുതിയ കാര്‍ഷിക സംസ്‌കാരത്തിന്റെ വിത്തുകള്‍ പാകി. സെമിനാറുകള്‍ നടത്തിയും കാര്‍ഷികകൂട്ടായ്‌മകള്‍ ഉണ്ടാക്കിയും നടീല്‍ വസ്‌തുക്കള്‍ സൗജന്യനിരക്കില്‍ നല്‍കിയും ആത്മീയതയും ഭൗതിക ഉന്നതിയും ഒരു പോലെ ജീവിതവിജയത്തിന്‌ അനുപേക്ഷണീയമാണെന്ന അവബോധം അദ്ദേഹം ജനഹൃദയങ്ങളില്‍ വളര്‍ത്തിയെടുത്തു.


No comments: