പൊയില്‍കാവ്‌ ഹൈസ്‌കൂള്‍


സമീപപ്രദേശങ്ങളിലൊന്നും ഹൈസ്‌കൂളില്ലാത്തതിനാല്‍ നമ്മുടെ നാട്ടിലെ കുട്ടികള്‍ക്ക്‌ വളരെക്കാലം ഉപരിപഠനം ഒരു വിദൂര സ്വപ്‌നമായി അവശേഷിച്ചു. അക്കാലത്ത്‌ പഠനത്തിന്‌ ഫീസ്‌ ചുമത്തിയിരുന്നതിനാല്‍ പലര്‍ക്കും ഹൈസ്‌കൂള്‍വിദ്യാഭ്യാസം കിട്ടാക്കനിയായി. സാമ്പത്തികസ്ഥിതി അനുവദിക്കുന്നവര്‍ മാത്രം കൊയിലാണ്ടി, എലത്തൂര്‍ മുതലായ സ്ഥലങ്ങളിലെ ഹൈസ്‌കൂളുകളില്‍ ചേര്‍ന്നുപഠിച്ചു. ഈ ദുരവസ്ഥ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ പ്രേമികളെ കുറച്ചൊന്നുമല്ല ദു:ഖിപ്പിച്ചത്‌. ഇക്കാര്യം ഗൗരവമായി ചര്‍ച്ചചെയ്യപ്പെട്ടു. കാലം 1956 ആണ്‌. കേരളപ്പിറവി ആയിട്ടില്ല. ഈ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. വിദ്യാഭ്യാസകച്ചവടം തുടങ്ങിയിട്ടില്ല. പണവും സ്വാധീനവുമുണ്ടെങ്കില്‍ പത്തസെന്റലും സ്‌കൂള്‍ അനുവദിക്കുന്ന കാലവുമല്ല. ഈ സ്ഥിതിയില്‍ ഒരു ഹൈസ്‌കൂള്‍ സ്ഥാപിക്കുക ക്ഷിപ്രസാധ്യമല്ലായിരുന്നു. കര്‍ശനമായ ചട്ടവട്ടങ്ങളാണ്‌. ചുരുങ്ങിയത്‌ 10ഏക്കര്‍ ഭൂമി വേണം. ഈ അവസ്ഥയിലാണ്‌ ഇക്കാര്യത്തെപ്പറ്റി ആലോചിക്കാന്‍ 14-10-56ന്‌ പൊയില്‍ക്കാവ്‌ യു.പി സ്‌കൂള്‍ മാനേജര്‍ രാമന്‍കിടാവ്‌ പൊതുജനങ്ങളുടെ ഒരു യോഗം യു.പി സ്‌കൂളില്‍ വിളിച്ചുകൂട്ടുന്നത്‌. അതില്‍ വെച്ച്‌ കെ. രാമന്‍കിടാവ്‌ പ്രസിഡണ്ട്‌, കെ. രാഘവന്‍ കിടാവ്‌ കറസ്‌പോണ്ടന്റ്‌, പൊറ്റമ്മല്‍ ശങ്കുണ്ണിനമ്പീശന്‍, ചക്കിനാരി ഗോപാലന്‍ നായര്‍, ഇ. കുഞ്ഞപ്പനായര്‍, എന്നിവരടങ്ങുന്ന ചേമഞ്ചേരി എഡ്യുക്കേഷണല്‍ സൊസൈറ്റി രൂപീകൃതമായി. രാമന്‍കിടാവിന്റെ ഉടമസ്ഥതയിലുള്ള കുറെ സ്ഥലങ്ങള്‍ കാണിച്ച്‌ 10 ഏക്കര്‍ തികച്ച്‌ പാളപ്പുറത്ത്‌ കുഞ്ഞികൃഷ്‌ണന്‍ കിടാവ്‌ എഴുതിയ അപേക്ഷയിലൂടെ 1957ല്‍ പൊയില്‍ക്കാവ്‌ ഹൈസ്‌കൂള്‍ അനിവദിക്കപ്പെട്ടു. ആദ്യം യു.പി സ്‌കൂളിന്റെ ഒരു ഭാഗമായി പ്രവര്‍ത്തിച്ച സാകൂളിന്റെ പുതിയകെട്ടിടം 23-10-59ന്‌ കേരളഗവര്‍ണ്ണര്‍ ബി. രാമകൃഷ്‌ണറാവുവാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. പറശ്ശിനിക്കടവ്‌ ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്ന ഗോപിനാഥന്‍ മാസ്റ്റര്‍ ആദ്യ ഹെഡ്‌മാസ്റ്റര്‍ ആയി നിയമിക്കപ്പെട്ടു. കാപ്പാട്‌ സ്വദേശി എം. സൗമിനിയായിരുന്നു ആദ്യ വിദ്യാര്‍ത്ഥിനി. 1960ലെ ആദ്യ ടടഘഇ ബാച്ചില്‍ 44 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. അതില്‍ 23 പേര്‍ പാസ്സാവുകയും ചെയ്‌തു. ഇരുപതില്‍ താഴെ വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ സ്‌കൂളില്‍ ചില വര്‍ഷങ്ങളില്‍ 1500ലേറെ കുട്ടികള്‍ പഠിച്ചിരുന്നു.

അധ്യാപക നിയമനത്തിന്‌ കോഴയോ മറ്റെന്തെങ്കിലും ആനുകൂല്യങ്ങളോ ലഭിക്കാത്ത അക്കാലത്ത്‌ വിദ്യാഭ്യാസ കാര്യത്തിലുള്ള താല്‌പര്യം മാത്രമാണ്‌ ഈ സ്ഥാപനത്തിന്റെ വളര്‍ച്ചക്ക്‌ കാരണമായത്‌. അഞ്ചംകമ്മറ്റിയുടെ നിയന്ത്രണത്തിലായിരുന്നു സ്‌കൂളെങ്കിലും അധ്യാപക നിയമനം പ്രസിഡണ്ടും പിന്നീട്‌ അദ്ദേഹത്തിന്റെ അംഗീകാരത്തോടെ കറസ്‌പോണ്ടന്റും നടത്തി. മറ്റംഗങ്ങള്‍ കാലക്രമത്തില്‍ മരിക്കുകയോ നിഷ്‌ക്രയരാവുകയോ ചെയ്‌തു. പ്രസിദ്ധ ഇംഗ്ലീഷ്‌ അധ്യാപകനായിരുന്ന വി. രാമന്‍കുട്ടിനായര്‍ ഹെഡ്‌മാസ്റ്ററായിരുന്ന കാലത്ത്‌ കറസ്‌പോണ്ടന്റ്‌്‌്‌ എന്നതിന്റെ സ്ഥാനത്ത്‌ മാനേജര്‍ എന്നപദമുപയോഗിക്കുകയും അങ്ങനെ കെ. രാഘവന്‍കിടാവ്‌ അചിരേണ മാനേജര്‍ സ്ഥാനത്തെത്തുകയും ചെയ്‌തു.

പൊയില്‍ക്കാവ്‌ ഹൈസ്‌കൂള്‍ നാട്ടിന്റെ മുഖഛായമാറ്റാന്‍ ഏറെ സഹായിച്ചിട്ടുണ്ട്‌. ഉന്നത വിദ്യാഭ്യാസം ലഭിച്ചതിലൂടെ സര്‍ക്കാര്‍തലത്തിലും സ്വകാര്യമേഖലയിലും ധാരാളം യുവജനങ്ങള്‍ക്ക്‌ തൊഴിലവസരങ്ങള്‍ ലഭ്യമായി. നാടിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും കൂടുതല്‍ പേര്‍ക്ക്‌ വിദ്യാഭ്യാസസൗകര്യങ്ങള്‍ ലഭിക്കുകയും ചെയ്‌തു.

No comments: