ആന്തട്ട ഗവ.യു.പി സ്‌കൂള്‍

ചെങ്ങോട്ടുകാവിലെ ഏറ്റവും പഴക്കമുള്ള യു.പി സ്‌കൂളെന്ന ബഹുമതി ആന്തട്ട ഗവ.യു.പി സ്‌കൂളിന്‌ അവകാശപ്പെടാവുന്നതാണ്‌. 1920ല്‍ നാട്ടെഴുത്ത്‌പള്ളിക്കൂടമായി തുടങ്ങിയ ഇത്‌ 1926ല്‍ യു.പി സ്‌കൂളായി. കിഴക്കുഭാഗത്തുള്ള വാഴയില്‍ പറമ്പിലായിരുന്നു ആദ്യം ഈ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്‌. ആദ്യം കുറുമ്പ്രനാട്‌ താലൂക്ക്‌ ബോര്‍ഡിന്റെയും പിന്നീട്‌ മലബാര്‍ ഡിസ്‌ട്രിക്ട്‌ ബോര്‍ഡിന്റെയും കീഴിലായിരുന്നു ഇതിന്റെ നടത്തിപ്പ്‌. സമീപപ്രദേശത്തൊന്നും യു.പി സ്‌കൂള്‍ ഇല്ലാത്തതിനാല്‍ അരിക്കുളം, കീഴരിയൂര്‍എന്നിവിടങ്ങളില്‍ നിന്നുംപോലും വിദ്യാര്‍ത്ഥികളെത്തിയിരുന്നു. അതുകൊണ്ടുതന്നെ ഏറ്റവും മുതിര്‍ന്ന കുട്ടികളായിരുന്നു ഉയര്‍ന്ന ക്ലാസ്സുകളില്‍ ഉണ്ടായിരുന്നത്‌. സ്‌കൂള്‍ കുറെക്കാലം ആന്തട്ടക്കുളത്തിന്‌ സമീപം ചെറയോമനക്കിടാവിന്റെ പറമ്പില്‍ പ്രവര്‍ത്തിച്ചു. ഉടമ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തിനാല്‍ കെട്ടിടം സുരക്ഷിതമല്ലാതായി. അതിനാല്‍ കുറച്ചുകാലം കൊയിലാണ്ടി ഫിഷറീസ്‌ യു. പി സ്‌കൂളില്‍ ഷിഫ്‌ട്‌ ആയി പ്രവര്‍ത്തിക്കേണ്ടിവന്നു. പിന്നീടാണ്‌ ഗവര്‍മെന്റ്‌ സ്ഥലം അക്വയര്‍ ചെയ്‌ത്‌ സ്‌കൂള്‍ ഇങ്ങോട്ട്‌ മാറ്റിയത്‌. ഇന്നത്തെ സൗകര്യപ്രദമായ കെട്ടിടം നിര്‍മ്മിച്ചത്‌
1997-98കാലത്ത്‌ ജനകീയാസൂത്രണപദ്ധതി പ്രകാരമാണ്‌. ഈ സ്‌കൂളിലെ ആദ്യ വിദ്യാര്‍ത്ഥി കോരന്‍കണ്ടത്തില്‍ കുഞ്ഞിരാമനാണ്‌. പ്രസിദ്ധ അദ്ധ്യാപകര്‍ പലതും ആന്തട്ട യു. പി സാകൂളിലൂണ്ടായിരുന്നു. പഴയതലമുറയില്‍പ്പെട്ട എത്രയോ പേര്‍ ആന്തട്ടസ്‌കൂളിനെപ്പറ്റിയുള്ള മധുരസ്‌മരണകള്‍ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ടാവാം.

No comments: