കോളൂള്‍ ശ്രീ സുബ്രഹ്മണ്യം ക്ഷേത്രം

ഗ്രാമത്തിലെ ഏക സുബ്രഹ്മണ്യ ക്ഷേത്രമാണ്‌ കോളൂര്‍. വില്ലേജ്‌ ഓഫീസിന്‌ പടിഞ്ഞാറുഭാഗത്താണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. ഒരിക്കല്‍ പഴനിക്ക്‌ സമീപമുള്ള മുരുകഭക്തരായ ഒരു ബ്രാഹ്മണദമ്പതിമാര്‍ എന്തോ കാരണവശാല്‍ നാടുവിടാന്‍നിര്‍ബന്ധിതരായി. അവര്‍ സഞ്ചരിച്ച്‌ കോളൂര്‍ക്കുന്നിന്റെ അടുത്തെത്തി താമസമാക്കിയെന്നും പിന്നീട്‌ ഇപ്പോഴുള്ള സ്ഥലത്ത്‌ ഒരു കോവില്‍ കെട്ടി ആരാധന തുടങ്ങിയെന്നും പറയപ്പെടുന്നു. അടുത്തുള്ള വീടുകള്‍ക്ക്‌ മഠം, എരഞ്ഞിമഠം എന്നൊക്കെ പേര്‌ വന്നത്‌ ഇതിന്നാലാകാം. ക്ഷേത്രം പിന്നീട്‌ നമ്പിമാരുടെ കയ്യിലായി. ഒതേനന്‍ പൊയില്‍ക്കാവ്‌ ക്ഷേത്രകാര്യങ്ങള്‍ വ്യവസ്ഥപ്പെടുത്തിയ ശേഷവും ഇവിടം വളരെക്കാലം അനാഥമായിത്തന്നെക്കിടന്നു. അടുത്തകാലം വരെ പൊറ്റമ്മല്‍ നമ്പീശന്‍മാരായിരുന്നു ഉടമസ്ഥര്‍. സാമൂതിരി നമ്പിമാരെ അമര്‍ച്ച ചെയ്‌തശേഷം ഈ ക്ഷേത്രം കാര്യസ്ഥനായ നമ്പീശന്‌ നല്‍കിയതായിരിക്കും. നമ്പിമാരുടെ കാര്യസ്ഥരായ കോളുര്‍ തറവാട്ടുകാര്‍ക്കാണ്‌ ആദ്യം ലഭിച്ചതെന്നും പിന്നീട്‌ സെറ്റില്‍മെന്റ്‌ രേഖകള്‍ തയ്യാറാക്കുന്ന അവസരത്തില്‍ അധികാരം നമ്പീശന്മാര്‍ക്ക്‌ കിട്ടിയതാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. ഏതായാലും 1909ലെ ഒരാധാരത്തില്‍ പൊറ്റമ്മല്‍ പാര്‍വ്വതി അമ്മ മകന്‍ നമ്പീശന്‍ അധികാരി നീലകണ്‌ഠനമ്പിയുടെ മുക്താര്‍ പ്രകാരം ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള നിലവും വടക്കെപറമ്പും കുളച്ചുറ്റും പൊളിച്ചെഴുതി ചാര്‍ത്തിക്കൊടുത്തതായി കാണുന്നുണ്ട്‌. അതിനാല്‍ വളരെക്കാലമായി ക്ഷേത്രം നമ്പീശന്മാരുടേതാണെന്ന്‌ കണക്കാക്കാം.

കോള്‌ എന്ന പദത്തിന്‌ കച്ചവടസ്ഥലം എന്നര്‍ത്ഥമുണ്ട്‌. കൊടും കോളൂര്‍ കൊടുങ്ങല്ലൂരായ പോലെ കൊല്ലൂര്‍ മുതലായ സ്ഥലങ്ങളുമായി കോളൂരിന്‌ ബന്ധമുണ്ടോ എന്ന്‌ ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക്‌ പരിശോധിക്കാവുന്നതാണ്‌. കോളൂര്‍ എന്നത്‌ അചിരേണ ഒരു പ്രദേശത്തിന്റെ പേരായിത്തീര്‍ന്നു. അടുത്തുതന്നെയാണ്‌ കോളൂര്‍ക്കുന്നും കോളൂര്‍ തറവാടും. ചെങ്ങോട്ട്‌കാവിലും പരിസരങ്ങളിലും മുമ്പ്‌ സുബ്രഹ്മണ്യ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു എന്ന കേള്‍വിയും അമ്പതുകൊല്ലംമുമ്പ്‌ വരെ നമ്മുടെ നാട്ടില്‍ കാവട്‌പൂജയും കാവടിയെടുക്കലും സാധാരണമായിരുന്നു എന്ന കാര്യവും ചിന്തിക്കുമ്പോള്‍ കോളൂര്‍ക്ഷേത്രം പളനിയുമായി ബന്ധപ്പെട്ടിരുന്നു എന്ന്‌ മനസ്സിലാക്കാം.
ബ്രാഹ്മണസദ്യ പ്രധാന ഇനമായ വൃശ്ചികമാസത്തിലെ ഷഷ്‌ഠിആഘോഷം ആയിരുന്നു പണ്ടെത്തെ പ്രധാന ഉത്സവം. ആദ്യം ഇവിടെ കരിങ്കല്‍ത്തൂണോടുകൂടിയ ഒരു ചെറിയ ശ്രീകോവില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ചില ദുര്‍നിമുത്തങ്ങള്‍ കണ്ടെതിനാല്‍ എഴുപത്‌ കൊല്ലം മുമ്പ്‌ പൊറ്റമ്മല്‍ നമ്പീശന്‍ മര അഴികളോടുകൂടിയ ക്ഷേത്രം നിര്‍മ്മിച്ചു. വലിയ ബലിക്കല്ലം നമസ്‌കാരമണ്ഡപവും മുമ്പില്‍ കാണുന്നുണ്ട്‌. പൂജാദികളില്ലാതെ ജീര്‍ണ്ണിച്ച്‌ അനാഥാവസ്ഥയില്‍ കിടന്നശേഷം ഇരുപത്‌ കൊല്ലം മുമ്പ്‌ സ്ഥലത്തെ ചില പൗരമുഖ്യരുടെ പരിശ്രമത്താല്‍ നമ്പീശന്‍ ചെയര്‍മാനായി ഒരു ജനകീയകമ്മറ്റി ഉണ്ടാക്കുകയും സ്വര്‍ണ്ണപ്രശ്‌നം നടത്തി ക്ഷേത്രം പുതുക്കിപ്പണിയുകയും ചെയ്‌തു. കുട്ടികെളെയും പശുക്കളെയും നടയ്‌ക്കിരുത്തുക എന്നൊരു വഴിപാട്‌ ഇവിടെ പണ്ടുണ്ടായിരുന്നു. രോഗം വന്നാല്‍ പ്രാര്‍ത്ഥിക്കയും പിന്നീട്‌ നടയില്‍ കൊണ്ട്‌ വന്നിരുത്തി ഒരു സംഖ്യ വിലയെന്ന നിലയില്‍ നല്‍കി പൂജാരി നിര്‍ദ്ദേശിക്കുമ്പോള്‍ തിരികെ കോണ്ടുപോകുകയും ചെയ്യും. സുബ്രഹ്മണ്യ പ്രീതിക്കായി ഇപ്പോള്‍ അകലെ നിന്നും ധാരാളം ഭക്തരെത്തുന്നുണ്ട്‌.

No comments: