കൊണ്ടംവള്ളി അയ്യപ്പക്ഷേത്രം



അതിപുരാതനത്വം കല്‍പ്പിക്കാവുന്ന മറ്റൊരു ക്ഷേത്രമാണ്‌ കൊണ്ടംവള്ളി. ഹരിഹരപുത്രനായ അയ്യപ്പനാണ്‌ ഇവിടുത്തെ പ്രതിഷ്‌ഠ. ഇതിനടുത്ത്‌ മാക്കണ്ടാരി എന്നൊരു പറമ്പുണ്ട്‌. അവിടെയായിരുന്നത്രെ മാര്‍ക്കണ്ഡേയമഹര്‍ഷി തപസ്സുചെയ്‌തിരുന്നത്‌. മഹര്‍ഷിയുടെ ഹോമകുണ്ഡത്തില്‍നിന്ന്‌ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടതാണ്‌ ഇവിടുത്തെ അയ്യപ്പന്‍ എന്നു വിശ്വസിക്കപ്പെടുന്നു. വളരെക്കാലം ജനവാസമില്ലാതെ കാടുകയറിക്കിടന്ന ഈ പ്രദേശത്തെ ഒരു സ്‌ത്രീ ഒരു ദിവസം പുല്ലരിയുമ്പോള്‍ അരിവാള്‍ മൂര്‍ച്ചകൂട്ടാന്‍ ഒരു കല്ലിന്മേല്‍ ഉരച്ചു. പെട്ടന്ന്‌ അതില്‍നിന്ന്‌ രക്തമൊഴുകാന്‍ തുടങ്ങി. പരിഭ്രാന്തയായ ആ സ്‌ത്രീ ഇന്ന്‌ പുളിയോട്ട്‌ എന്ന്‌ വിളിക്കുന്ന പുതുക്കുടി ഇല്ലത്ത്‌ ഓടിച്ചെന്ന്‌ അന്തര്‍ജ്ജനത്തോട്‌ വിവരം പറഞ്ഞു. അപ്പോള്‍ അവിടെ പുരുഷന്മാരാരും ഇല്ലാത്തതിനാല്‍ അന്തര്‍ജ്ജനം വേഗം മേപ്പാട്ടില്ലത്തെ തെക്കെ പുരയിലേക്ക്‌ ചെന്നു. ആ ഇല്ലത്തെ പുരുഷന്മാരും പുറത്തുപോയിരുന്നു. അവിടുത്തെ അന്തര്‍ജ്ജനം വേഗം പോയി മുങ്ങിക്കുളിച്ചുവന്ന്‌ വടക്കിനിയില്‍ ഈചൈതന്യത്തെ സങ്കല്‍പ്പിച്ചു. പിന്നീട്‌ വിവരം അറിഞ്ഞ്‌ എടവലത്തില്ലത്ത്‌ നമ്പൂതിരിയും പുതുക്കിടി ഇല്ലത്ത്‌ നമ്പൂതിരിയും കൂടിവന്ന്‌ ദൈവചൈതന്യമാണെന്ന്‌ മനസ്സിലാക്കി മേപ്പാട്ടില്ലത്തെ നമ്പൂതിരുയെക്കൊണ്ട്‌ പൂജകഴിപ്പിച്ചു. നുച്ചരിപൊടിച്ച്‌ ശര്‍ക്കര ചേര്‍ത്ത്‌ ഇലയില്‍ വെച്ച്‌ ചുട്ടെടുത്ത്‌ അടയായിരുന്നു ആദ്യനിവേദ്യം. ഇതുമൂലമാണെത്രെ ഈ ക്ഷേത്രത്തിലിപ്പോഴും മേപ്പാട്ട്‌ നമ്പൂതിരി ശാന്തിചെയ്യുന്നതും അയ്യപ്പന്റെ ഇഷ്ടനിവേദ്യം അടയായതും.
നാലമ്പലത്തിനുള്ളിലെ കരിങ്കല്ലില്‍ നിര്‍മ്മിച്ച ഗര്‍ഭഗൃഹത്തില്‍ ഒരു കുഴിയിലാണ്‌ വിഗ്രഹം പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. വലിയൊരു ഹോമകുണ്ഡത്തില്‍ നിന്ന്‌ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ട പോലെ ഇതുകാണപ്പെടുന്നു. വലതുകൈ വലത്തെ തുടയില്‍ മലര്‍ത്തിവെച്ച്‌ ഇടതുകൈ ഇടത്തെതുടയില്‍ കമഴ്‌ത്തി പൂണുനലുമുട്ട്‌ ഇരിക്കുന്ന അവസ്ഥയിലാണ്‌ വിഗ്രഹമുള്ളത്‌. മുന്‍ചുമരില്‍ ഇരുവശത്തുമായി കരിങ്കല്ലില്‍ തന്നെ കൊത്തിയുണ്ടാക്കിയ ദ്വാരപാലകന്മാരുടെ പ്രതിമകള്‍ അതിമനോഹരം എന്നേപറഞ്ഞുകൂടൂ. ചുമരുകളിലെല്ലാം വിവിധ കൊത്തുപണികളുണ്ട്‌. കല്ലുകള്‍ കുമ്മായമോ സിമന്റോ ചേര്‍ക്കാതെ ഉരച്ചുചേര്‍ത്ത്‌ കെട്ടിയതാണ്‌. മുന്നിലുള്ള നമസ്‌കാരമണ്ഡവും കരിങ്കല്ലില്‍ തന്നെയാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. മുകളില്‍ മനോഹരമായ ശില്‌പവേവകള്‍ കാണാം. അതിനു മുമ്പിലുള്ള വിളക്കുമാടനിര്‍മ്മാണത്തിന്‌ ധാരാളം കട്ടിമരം ഉപയോഗിച്ചിരിക്കുന്നു. അതിന്റെ മുകളിലും മനോഹരമായ കമനീയശില്‌പ വേലകള്‍ ഉണ്ട്‌. വളരെ ഉയര്‍ന്ന കന്മതിലിനുള്ളിലാണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌.

ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ അവകാശികളായ പുതുക്കുട്‌ ഇല്ലക്കാര്‍ അന്യംനിന്ന്‌ പോകാറായപ്പോള്‍ എടവലത്തില്ലത്തെ ഏല്‍പ്പിച്ചുപോയി എന്ന്‌ കരുതപ്പെടുന്നു. വളരെക്കാലം പൂജാദികളില്ലാതെ കിടന്ന ശേഷം നൂറ്റിഇരുപത്‌ കൊല്ലം മുമ്പ്‌ എടവലത്തില്ലത്തെ ത്രിവിക്രമന്‍ നമ്പൂതിരിയാണ്‌ ക്ഷേത്രം പുതുക്കിപ്പണിത്‌ കലശംനടത്തി ഉത്സവാദികള്‍ നിജപ്പെടുത്തിയത്‌. അദ്ദേഹമായിരിക്കും ബലിക്കല്‍ പുരയും ചുറ്റുമതിലും വിളക്കുമാടവും നിര്‍മ്മിച്ചിട്ടുണ്ടാവുക. ഒരു കൂത്തമ്പലവും ഇവിടെയുണ്ട്‌. നാടിന്റെ നാനാഭാഗത്തുമായി സ്വത്തുണ്ടായിരുന്നതിനാല്‍ ഒരുകാലത്ത്‌ കൊണ്ടംവള്ളി ദേവസ്വത്തിന്‌ കൊല്ലത്തില്‍ 70000ത്തിലധികം ഇടങ്ങഴി നെല്ല്‌ പാട്ടം വരവുണ്ടായിരുന്നു. അക്കാലത്ത്‌ ഓരോ മാസവും ദിവസേന വാരിയര്‍, നമ്പീശന്‍, മാരാര്‍, എന്നിവരുടെ വകയായി ഇരുനാഴി അരി നിവേദ്യേവും ദേവസ്വം വക ഉരിയരി പായസവുമാണ്‌ പതിവ്‌. കാര്‍ഷിക നിയമത്തോടെ വരവുനിന്നു. ക്ഷേത്രേശന്മാര്‍ ദാരിദ്ര്യത്തിലുമായി. പണ്ടത്തെ പ്രതാപത്തിന്റെ ഓര്‍മ്മയെന്നവണ്ണം വലിയപത്തായപ്പുര സമീപത്ത്‌ നീണ്ടുനിവര്‍ന്ന്‌ കിടക്കുന്നു.

കുറച്ചുകാലം മുമ്പുവരെ എടവലത്തില്ലത്തുകാരും താമരശ്ശേരിയിലുള്ള പുതുക്കുടിയില്ലത്തിന്റെ അവകാശികളും മൂന്നുകൊല്ലം ഇടവിട്ട്‌ ക്ഷേത്രഭരണം നടത്തിയിരുന്നു. ഇപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്നാണ്‌ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്‌. ആനയെഴുന്നള്ളിപ്പ്‌, തുള്ളല്‍, തീയ്യാട്ട്‌, കൂത്തി എന്നിവയോടെ മീനമാസത്തിലെ മകീര്യത്തിന്‌ കൊടിയേറി അയ്യപ്പന്റെ തിരുന്നാളായ ഉത്രത്തിന്‌ അവസാനിക്കുന്ന വിധം ഏഴുദിവസത്തെ ഉത്സവമായിരുന്നു പണ്ട്‌ ആഘോഷിച്ചിരുന്നത്‌. ഇന്നാട്ടില്‍ ഏറ്റവുമധികം ആനകളെ എഴുന്നള്ളിക്കുന്നത്‌ ഇവിടെയായിരുന്നത്രെ. മേലൂര്‍ക്കുന്നിലേക്ക്‌ പള്ളിവേട്ട എഴുന്നള്ളിപ്പും ഉണ്ടായിരുന്നു. 1965ലാണ്‌ ഇവിടെ അവസാനമായി ഉത്സവം ആഘോഷിക്കപ്പെട്ടത്‌.
കൊണ്ടംവള്ളിക്ഷേത്രം ആദ്യകാലത്ത്‌ ഒരു ജൈന ആരാധനാകേന്ദ്രമായിരിക്കാനാണ്‌ സാദ്ധ്യത. കൊണ്ടംപള്ളിയാണ്‌ കൊണ്ടംവള്ളിയായത്‌. കൊണ്ട എന്നാല്‍ കുന്ന്‌. പള്ളിയുടെ അര്‍ത്ഥം ആരാധനാലയം എന്നും. ബാലുശ്ശേരിക്കടുത്ത്‌ കിനാലൂരിലെ ക്ഷേത്രത്തിന്റെ ആദ്യപേര്‍ വിജയരാഗീശ്വരംപള്ളി എന്നായിരുന്നെന്ന്‌ ഇവിടെ ഓര്‍ക്കേണ്ടതാണ്‌. ജൈനരുടെ പ്രാചീനവും മുഖ്യവുമായ ദക്ഷിണേന്ത്യന്‍ ക്ഷേത്രസ്ഥാനങ്ങളെല്ലാം കുന്നിന്‍ മുകളിലായിരുന്നെന്ന്‌ പ്രസിദ്ധമാണല്ലോ. ഒരുപക്ഷെ മേലൂക്കരക്കുന്ന്‌ അവരുടെ താവളമായിരിക്കും. പാലക്കാട്‌ തൃശൂര്‍പാതക്ക്‌ സമീപമുള്ള പള്ളിഭഗവതി ക്ഷേത്രം ഒരുകാലത്ത്‌ ജൈനരുടേതായിരുന്നെന്നും ഇപ്പോള്‍ ശാസ്‌താവായി ആരാധിക്കപ്പെടുന്ന വിഗ്രഹം ചന്ദ്രപ്രഭാ തീര്‍ത്ഥങ്കരന്റേതും ഭഗവതിയായി പൂജിക്കപ്പെടുന്നത്‌ ജൈനരുടെ യക്ഷിപ്രതിമയാണെന്നും എം. ആര്‍. രാഘവവാരിയര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. മാത്രമല്ല കൊണ്ടംവള്ളിയുടെ നേരെ പടിഞ്ഞാറ്‌ മേലൂര്‍ക്ഷേത്രത്തിനടുത്ത്‌ കുറച്ചുകാലം മുമ്പ്‌ കണ്ടെത്തിയ ഒരു വിഗ്രഹത്തിന്റെ കാര്യംകൂടി ഇവിടെ പ്രസക്തമാണ്‌. 'പാതിരാക്കലപ്പന്‍' എന്നാണിതിന്റെ പേര്‍. കട്ടയാട്ട്‌മീത്തല്‍ പറമ്പിന്റെ സമീപത്ത്‌ കന്മതിലിന്‌ പുറത്താണ്‌ ഈ വിഗ്രഹം കിടന്നിരുന്നത്‌. കൊണ്ടംവള്ളി ദേവസ്വവും മേലൂര്‍ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ പുത്തലം തറവാട്ടിന്റെ ഒരു സിവില്‍ക്കേസില്‍ ഈ വിഗ്രഹം കിടന്ന സ്ഥലം അതിര്‍ത്തിയാണെന്ന്‌ കോടതി വിധിക്കുകയുണ്ടായി. കൊണ്ടെവെള്ളിയിലെ വിഗ്രഹത്തിന്റെ അതേ രീതിയില്‍ നാലടി ഉയരമുള്ള ഈ വിഗ്രഹത്തിലും പൂണുനൂലും കിണ്ടിയും കൊത്തിയിട്ടുണ്ട്‌. ഒരിക്കല്‍ ആരോ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ ഉപേക്ഷിക്കയാല്‍ ഈ വിഗ്രഹം ഇപ്പോള്‍ മേലൂര്‍ക്ഷേത്രത്തിന്‌ പടിഞ്ഞാറുവശത്തുള്ള കുന്നത്ത്‌ കുളത്തിലാണുള്ളത്‌. മലൂര്‍ ക്ഷേത്രത്തിലെ ആദ്യവിഗ്രഹം ഇതാണെന്നും വരാം. സമാനസ്വഭാവമുള്ള ഈ രണ്ട്‌ വിഗ്രഹങ്ങളുടെ സാമീപ്യംകൊണ്ടും ശ്രീകോവിലിന്റെ പ്രത്യേകത കൊണ്ടും കൊണ്ടംവെള്ളി ആദ്യകാലത്ത്‌ ഒരു ജൈനക്ഷേത്രം തന്നെയായിരുന്നെന്ന നിഗമനത്തില്‍ നമുക്കെത്തിച്ചേരാവുന്നതാണ്‌. എട്ടാം നൂറ്റാണ്ടിന്‌ ശേഷമായിരിക്കും ഇത്‌ബ്രാഹ്മണരുടെ കയ്യില്‍ എത്തിച്ചെര്‍ന്നത്‌. ഏതായാലും ചെങ്ങോട്ടുകാവിന്റെ സമ്പെത്തെന്നനിലയില്‍ സംരക്ഷിക്കപ്പെടേണ്ട ഒരു മഹാക്ഷേത്രമാണ്‌ കൊണ്ടം വെള്ളിയെന്ന കാര്യത്തില്‍ സംശയമില്ല.

No comments: