മണലില്‍ തൃക്കോവില്‍





ചേലിയയിലുള്ള മണലില്‍തൃക്കോവില്‍ ക്ഷേത്രം ശ്രീകൃഷ്‌ണക്ഷേത്രമെന്ന നിലയില്‍ വളരെ പ്രസിദ്ധമാണ്‌. പ്രസിദ്ധ ചരിത്രകാരനായ എം. ആര്‍. രാഘവവാരിയരുടെ കുടുംബത്തിനാണ്‌ ഇതിന്റെ ഉടമസ്ഥാവകാശം. ഇവരുടെ പൂര്‍വ്വീകര്‍ കുറുമ്പ്രനാട്‌ രാജാവിന്റെ ഗുരുക്കന്‍മാരായിരുന്നു. എഴുത്തച്ഛന്‍ എന്ന സ്ഥാനപ്പേരും അവര്‍ക്ക്‌ രാജാവില്‍ നിന്ന്‌ ലഭിച്ചിരുന്നു. ഒരു എഴുത്തച്ഛന്‌ ഗുരുദക്ഷിണയായി ലഭിച്ചതാണ്‌ എടക്കര നെല്ലൂളിതൃക്കോവില്‍ എന്ന ഭവനപ്പേരുള്ള മണലില്‍തൃക്കോവില്‍ ക്ഷേത്രം. ചുറ്റുപാടുമുള്ള കണ്ടലില്‍ എന്ന പ്രദേശമെല്ലാം ഇതിനോട്‌ ചേര്‍ന്നതായിരുന്നു. ഒരുകാലത്ത്‌ ഇവിടം കണ്ടല്‍ച്ചെടികള്‍ നിറയെ വളര്‍ന്നു നില്‍ക്കുന്ന ഒരു പുഴയോരപ്രദേശമായിരിക്കും. ടിപ്പുവിന്റെ പടയോട്ടക്കാലത്ത്‌ കുറെക്കാലേ വാരിയര്‍മാര്‍ അമ്പലപ്പുഴ പോയി പാര്‍ത്തിരുന്നു. മീനമാസത്തിലെ രേവതി നക്ഷത്രമാണ്‌ ഇവിടുത്തെ പ്രതിഷ്‌ഠാദിനം. അന്ന്‌ പശുവൂട്ട്‌ മുതലായ ചടങ്ങുകള്‍നടത്താറുണ്ട്‌. അരീക്കോട്ടുള്ള കിഴക്കുമ്പാട്‌ ശങ്കരന്‍ നമ്പൂതിരിപ്പാടാണ്‌ ഇവിടുത്തെ തന്ത്രി. സന്താനഗോപാല ഭാവമാണ്‌ ഇവിടുത്തെ കൃഷ്‌ണനുള്ളത്‌.
ഈ ക്ഷേത്രത്തെ സംബന്ധിച്ച്‌ ഒരു കഥയുണ്ട്‌. പുഴക്കരെയുള്ള കുന്നുമഠം ഇല്ലത്തിന്റെ സ്ഥാപകര്‍ ഒരു ബ്രാഹ്മണദമ്പതിമാരാണെത്രെ. അവര്‍ എന്തോ കാരണവശാല്‍ സ്വന്തം നാടുവിട്ട്‌ ഇവിടെയെത്തിയവരാണ്‌. വരുമ്പോള്‍ അവരോടുള്ള സ്‌നേഹംകൊണ്ട്‌ പല സമുദായക്കാരും കൂടെയെത്തുകയും ഇല്ലത്തിനടുത്ത്‌ താമസിക്കയും ചെയ്‌തു. ഇല്ലംപറമ്പില്‍ ഒരു ശ്രീകൃഷ്‌ണക്ഷേത്രം നിര്‍മ്മിക്കപ്പെട്ടു. കൂടെവന്ന ഒരു വാരിയര്‍ ഈ ക്ഷേത്രത്തിലെ വലിയ ആരാധകനായിരുന്നു. ബുദ്ധിവൈകല്ല്യമുള്ള അദ്ദേഹം പലപ്പോഴും യാത്രപോകയും കുറച്ചുകാലം കഴിഞ്ഞ്‌ തിരിച്ചുവരികയും ചെയ്യുന്ന പ്രകൃതക്കാരനായിരുന്നു. ഒരിക്കല്‍ ഇങ്ങനെ തിരിച്ചുവരുമ്പോഴേക്കും ടിപ്പുവിന്റെ ആക്രമണത്താലോ മറ്റോ നമ്പൂതിരിക്കുടുംബം നാടുവിടുകയും ക്ഷേത്രം തകര്‍ക്കപ്പെടുകയും ചെയ്‌തിരുന്നു. താനാരാധിച്ചിരുന്ന ക്ഷേത്രം കാണാതെ വിഷാദഗ്രസ്ഥനായ വാരിയര്‍ അവസാനം വിഗ്രഹം കണ്ടെത്തുകയും ആയത്‌ കൊണ്ടുപോയി മണതൃക്കോവില്‍ ഇന്നത്തെ സ്ഥാനത്ത്‌ ഉഴുതുമറിച്ച മണലില്‍ കുഴിച്ചിടുകയും ചെയ്‌തു. വളരെക്കാലത്തിനുശേഷം വീണ്ടും തിരിച്ചെത്തിയപ്പോഴാണ്‌ പഴയവിഗ്രഹത്തെക്കുറിച്ച്‌ ഓര്‍മ്മ വന്നത്‌. അതുകണ്ടെടുത്ത്‌ പ്രസിദ്ധ ജ്യോത്സന്‍ എടപ്പാള്‍ വാരിയരെക്കൊണ്ട്‌ പ്രതിഷ്‌ഠാകര്‍മ്മം നടത്തിച്ചുവത്രെ. കുറുമ്പ്രനാട്‌ രാജാവിന്റെ സമ്മതത്തോടെയാണ്‌ ഈ പ്രതിഷ്‌ഠ നടന്നത്‌. പ്രതിഷ്‌ഠിച്ച കര്‍മ്മത്തിന്റെ ശക്തിയാല്‍ ആ തന്ത്രിയുടെ ശക്തിയെല്ലാം ക്ഷയിച്ചതിനാല്‍ അദ്ദേഹം കാശിയിലേക്ക്‌ പോയത്രെ. പൂജക്കായി പിന്നീട്‌ പണ്ഡിത ബ്രാഹ്മണരെ കൊണ്ടുവരികയും ചെയ്‌തു. മണലില്‍ കുഴിച്ചിട്ട വിഗ്രഹമായതുകൊണ്ടാണ്‌ മണലില്‍തൃക്കോവില്‍ എന്ന പേര്‍ വന്നത്‌. ഇത്‌ പിന്നീട്‌ കുറുമ്പ്രനാട്‌ രാജാവില്‍ നിന്ന്‌ ഗുരുനാഥന്‍ എന്ന നിലയില്‍ ഇപ്പോഴത്തെ വാരിയര്‍ കുടുംബത്തിന്‌ ലഭിക്കുകയും ചെയ്‌തു. ചേലിയ നിവാസികളുടെ പ്രിയ്യപ്പെട്ട ദേവനാണ്‌ മണലില്‍തൃക്കോവിലെ മുരളീധരന്‍.

No comments: