പിലാച്ചേരി





ചെങ്ങോട്ടുകാവില്‍ എല്ലാസമുദായങ്ങളുടെയും ഭക്തിസാന്ദ്രമായ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായ ഒരു കുടുംബക്ഷേത്രമാണ്‌ പിലാച്ചേരി. കൊടല്‍ നായരാണ്‌ ഇത്‌ സ്ഥാപിച്ചത്‌. പ്രസിദ്ധമായ ചെങ്ങോട്ട്‌ തറവാടിന്റെ അധിപരായിരുന്നു ഇവര്‍. സമീപത്തുള്ള കണ്ടോത്ത്‌, മേച്ചങ്കോട്ട്‌, തട്ടാണ്ടി, പാളപ്പുറത്ത്‌ എന്നീ പറമ്പുകളെല്ലാം ഒരു കാലത്ത്‌ ഇവരുടെ അധീനതയിലായിരുന്നു. കൊടല്‍ നായര്‍ വലിയ വിഷഹാരിയായിരുന്നു. ഒരു ദിവസം കാര്യസ്ഥനോടുകൂടി ചേമ്പുവിത്തു വാങ്ങാന്‍ കിഴക്കന്‍ നാട്ടിലേക്ക്‌ പോയി. സന്ധ്യയായപ്പോള്‍ ഒരു വീട്ടില്‍ കയറി രാത്രി കഴിച്ചുകൂട്ടാന്‍ അനുവാദം ചോദിച്ചു. ഒരമ്മയും മകളുമായിരുന്നു അവിടെ താമസിച്ചിരുന്നത്‌. സന്ധ്യയായാല്‍ ഒരു സര്‍പ്പം വന്ന്‌ മകളുമായി സഹവസിക്കുന്നതിനാല്‍ അന്യര്‍ക്ക്‌ താമസിക്കാന്‍ നിവൃത്തിയില്ലെന്ന്‌ അമ്മ പറഞ്ഞു. നായര്‍ അവരെ ആശ്വസിപ്പിച്ചു. അദ്ദേഹം കോണിപ്പടിയിലും നടയിലും മുറ്റത്തും മന്ത്രം ചൊല്ലി ശ്രീചക്രം വരച്ചുവെച്ചു. പതിവുപോലെ സന്ധ്യയ്‌ക്ക്‌ കുടിപാര്‍ക്കാലെത്തിയ ഉഗ്രസര്‍പ്പം മന്ത്രശക്തിയാല്‍ തലതല്ലി വീണുമരിച്ചു. നായര്‍ പിറ്റേന്ന്‌ തിരിച്ചുപോരുമ്പോള്‍ അവിടെയുണ്ടായിരുന്ന ദേവചൈതന്യവും അദ്ദേഹത്തിന്റെ ഒപ്പം കൂടിയെത്രെ. താമസസ്ഥലമായ തട്ടാണ്ടിയില്‍ തിരിച്ചെത്തി കഞ്ഞികുടിക്കാനിരുന്നപ്പോള്‍ അതില്‍ തലമുടി, കരി എന്നിവയൊക്കെ ഉണ്ടായിരുന്നു. പിറ്റേന്നു പുലര്‍ച്ചെ സഹോദരി മുറ്റമടിക്കുമ്പോള്‍ തെക്കേപ്ലാവിനടുത്ത്‌ ഒരു കറുത്തരൂപം നില്‍ക്കുന്നതു കണ്ടു. 'ഇതാരാ കര്യത്തനൊ' എന്നവര്‍ ചോദിക്കുകയും ചെയ്‌തു. ഈ സംഭവങ്ങള്‍ മൂലം കൊടല്‍ നായര്‍ പ്രശ്‌നം വെപ്പിച്ചുനോക്കിയപ്പോള്‍ കിഴക്കന്‍ നാട്ടില്‍ നിന്ന്‌ കര്യാത്തന്‍ തന്റെ കൂടെ വന്നതായി തെളിഞ്ഞുകണ്ടു. പ്രതിഷ്‌ഠക്ക്‌ ഏറ്റവും ഉചിതമായി കണ്ടത്‌ പിലാച്ചേരി പറമ്പാണ്‌. അങ്ങനെയാണ്‌ പിലാച്ചേരി ക്ഷേത്രമുണ്ടാവുന്നത്‌. കാരണവന്‍മാര്‍ വേണ്ടുംവിധം ശ്രദ്ധിച്ചില്ലെങ്കിലും മുന്നൊരുക്കങ്ങളില്ലാതെ തന്നെ നാട്ടുകാര്‍ ഉത്സവം നടത്തിപ്പോന്നു. അടുത്തകാലത്ത്‌ സ്വര്‍ണ്ണപ്രശ്‌നം നടത്തി ഭക്തര്‍ അമ്പലം പുതുക്കിപണിയുകയും ഒരു കിണര്‍ കുഴിക്കുകയും ചെയ്‌തു. കുംഭം 22നാണ്‌ ഇവിടുത്തെ ഉത്സവം. വഴിപാടായി ലഭിക്കുന്ന കറുത്തപട്ടുകള്‍ ചുറ്റി വാളും പരിചയും ധരിച്ച്‌ കര്യാത്തന്റെ വെള്ളാട്ട്‌ കാണാന്‍ സന്ധ്യാസമയത്ത്‌ വന്‍ ജനക്കൂട്ടം ഉണ്ടാകും.

No comments: