പുളിയേരി



ആവിക്കരപുളിയേരി തറവാട്ടുകാരുടെ കുലദൈവമാണ്‌ പുളിയേരി തലച്ചില്ലോന്‍. ഇവിടെ അസുരാളനുമുണ്ട്‌(കര്യാത്തന്‍), കുലവനുമുണ്ട്‌. പാശുപതാസ്‌ത്രലബ്ധിക്കായി കഠിനതപസ്സനുഷ്ടിക്കുന്ന അര്‍ജ്ജുനനെ പരീക്ഷിച്ച്‌ അനുഗ്രഹിക്കാനായി പരമേശ്വരന്‍ കാട്ടാളവേഷത്തില്‍ കാട്ടിലെത്തി. ദുര്യോധന നിയോഗമനുസരിച്ച്‌ അര്‍ജ്ജുനനെ അപകടപ്പെടുത്താന്‍ പന്നിയുടെ വേഷത്തില്‍ മൂകാസുരനും അവിടെ വന്നുചേര്‍ന്നു. അസുരന്‍ അര്‍ജ്ജുനന്റെ നേരെയടുത്തപ്പോള്‍ ശിവനും അര്‍ജ്ജുനനും ഒരേസമയം ശരമയച്ചു അവനെ വധിച്ചു. തങ്ങളുടെ അമ്പുകൊണ്ടാണ്‌ പന്നി ചത്തതെന്ന്‌ രണ്ടുപേരും തര്‍ക്കിച്ചു. ശണ്‌ഠമൂത്ത്‌ യുദ്ധമായി. അദൃശയായി നിന്ന പാര്‍വ്വതീദേവി, അര്‍ജ്ജുനനയക്കുന്ന അമ്പുകളെല്ലാം ചെത്തിപ്പൂക്കളാക്കിത്തീര്‍ത്തു. ഇതുകണ്ട്‌ കോപാകുലനായ അര്‍ജ്ജുനന്‍ വില്ലുകൊണ്ട്‌ ശിവന്റെ തലക്കടിച്ചു മുറിവേല്‌പിച്ചു. മുറിവേറ്റ ശിവന്റെ ഈ രൂപമാണ്‌ തലച്ചില്ലോന്‍. മുമ്പ്‌ കന്നിയിലും തുലാത്തിലും ഇവിടെ വെള്ളാട്ട്‌ ഉണ്ടാകുമായിരുന്നു. സ്വര്‍ണ്ണശലാകകള്‍ ഘടിപ്പിച്ച കൂമ്പന്‍ തൊപ്പിയും, വാള്‍, കുന്തം, കഠാര എന്നിവയുമായി സ്വര്‍ണ്ണമോതിരങ്ങളും വളകളും വര്‍ണ്ണപ്പകിട്ടുള്ള വീരാളിപ്പട്ടുകളും ധരിച്ച പടയാളി വേഷമാണ്‌ വെള്ളാട്ടിന്‌. വാളെടുത്ത്‌ നൃത്തം ചെയ്‌തുകൊണ്ട്‌ മേല്‍ക്കയ്യില്‍ വെട്ടിവെട്ടി മറിവേല്‍പ്പിക്കുന്നതും ക്രുദ്ധനായി കുന്തമെടുത്ത്‌ സ്വന്തം വയറ്റില്‍ കുത്താനോങ്ങുന്നതും അതുതടയാന്‍ നാലഞ്ചു ശക്തരായ ചെറുപ്പക്കാര്‍ മല്‍പ്പിടുത്തംനടത്തുന്നതും ഒരേസമയം ഭക്തിയും ഭീതിയും ജനിപ്പിക്കുന്ന കാഴ്‌ചയാണ്‌. കുടുംബാംഗങ്ങളുടെയും സമീപവാസികളുടെയും സഹകരണത്തോടെ വര്‍ഷങ്ങള്‍ കൂടുമ്പോഴേ ഇവിടെ ഉത്സവമുള്ളൂ. സമീപമുള്ള പൂളായിവീടുമായും ഇതിന്‌ ബന്ധമുണ്ട്‌. വാഴത്തടകൊണ്ട്‌ തണ്ടാന്മാര്‍ നിര്‍മ്മിക്കുന്ന വിളക്കുമാടം എന്ന ക്ഷേത്രമാതൃക അസുരാളന്റെ തിറ വെട്ടിമുറിക്കുന്ന ഒരു അനുഷ്‌ഠാനവും ഉത്സവത്തിനുണ്ട്‌. കത്തുന്ന പന്തത്തിന്റെ വെളിച്ചത്തില്‍ ആടിത്തിമര്‍ക്കുന്ന പരദേവതത്തെയ്യം അവിസ്‌മരണീയമായ കലാരൂപമാണ്‌.

പേരാമ്പ്രയ്‌ക്കടുത്ത പാണ്ടിക്കോട്ട്‌ ക്ഷേത്രത്തിലെ മൂര്‍ത്തിതന്നെയാണ്‌ പുളിയേരിയിലെ തലച്ചില്ലോന്‍. ഈ ക്ഷേത്രം കൂത്താളി നായുവാഴിയുടെ കീഴിലായിരുന്നു. കൂത്താളി, പാലേരി, അവിയാട്ട്‌ നായന്മാര്‍ അഥവാ പയ്യോര്‍മലപ്രഭുകുടുംബം സ്വതന്ത്ര നാടുവാഴികളായിരുന്നു. ഇവിടേയ്‌ക്ക്‌ വിവാഹം കഴിപ്പിച്ചയച്ച പുളിയേരിയിലെ ഒരു പെണ്‍കുട്ടി ഒരിക്കല്‍ തറവാട്ടിലേക്ക്‌ വരുമ്പോള്‍ ഒരു നായയുടെ വേഷത്തില്‍ ദേവചൈതന്യം കൂടെപോന്നെന്നും അതാണ്‌ പുളിയേരിയിലെ തലച്ചില്ലോന്‍ എന്നും ഒരു കഥയുണ്ട്‌. എന്നാല്‍ മുന്‍ അദ്ധ്യായത്തില്‍ സൂചിപ്പിച്ച ആവിക്കരത്തറവാട്ടിലെ ഒരു നായര്‍ പടയാളി പാണ്ടിക്കോട്ട്‌ ഉള്‍പ്പെട്ട പയ്യോര്‍മല രാജവംശത്തില്‍ നിന്ന്‌ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചുകൊണ്ടുവന്ന്‌ പുളിയേരി കുടിയിരുത്തിയെന്നും അങ്ങനെ ആവിക്കരപുളിയേരി എന്ന തറവാടുണ്ടായി എന്നുമാണ്‌ വിശ്വസിക്കേണ്ടത്‌. താനാരാധിച്ചുവന്ന ദേവനെ പുതിയതറവാട്ടിലെ കുലദേവതയായി സ്വീകരിച്ചതായിരിക്കും. ഈ തറവാട്‌ ക്രമേണ ശക്തി പ്രാപിച്ച്‌ പുനത്തുന്നവല്‍ എന്ന സ്ഥാനത്തിന്റെ മൂലസ്വരൂപമായിത്തീര്‍ന്നതാകാം. പാണ്ടിക്കോട്ടും പുളിയേരിയും മാത്രമേ വെള്ളാട്ടിന്‌ വെള്ളിക്കഠാരി ആയുധമായി ഉപയോഗിക്കുന്നുള്ളൂ.

2 comments:

Unknown said...

ജനുവരി 9 ന് ഈ ആവിക്കര പുളിയേരി തലച്ചില്ലോന്‍ ക്ഷേത്രത്തില്‍ പുനപ്രതിഷ്ട നടക്കുന്നു...

Unknown said...

Very Informative.