വസന്തപുരം





ചെങ്ങോട്ടുകാവ്‌ ടൗണിന്‌ പടിഞ്ഞാറ്‌ റെയിലിനടുത്താണ്‌ വസന്തപുരം മഹാവിഷ്‌ണുക്ഷേത്രം. വയന്തോത്ത്‌ എന്നും ഇത്‌ അറിയപ്പെടുന്നു. പ്ലാക്കാട്ട്‌ നമ്പൂതിരിക്കാണ്‌ ഇതിന്റെ ഉടമ്‌സ്ഥത. പൗരാണികത അവകാശപ്പെടുന്ന ഈ ക്ഷേത്രം ഒരുകാലത്ത്‌ ഗ്രാമക്ഷേത്രമായിരിക്കണം. സമീപ പ്രദേശത്തെ ചില പറമ്പുകള്‍ ഈ ക്ഷേത്രത്തോട്‌ ചേര്‍ന്നായിരുന്നുവെന്ന്‌ പഴമക്കാര്‍ പറയുന്നു. കല്ലുകൊണ്ടുണ്ടാക്കിയ വട്ടശ്രീകോവിലിനുള്ളിലാണ്‌ മനോഹരമായ വിഷ്‌ണു വിഗ്രഹമുള്ളത്‌. ചുമരില്‍ ധാരാളം കൊത്തുപണികളുണ്ട്‌. പുറത്ത്‌ വലിയ ബലിക്കല്ലും നാലമ്പലത്തിന്റെയും നമസ്‌കാരമണ്ഡപത്തിന്റെയും അവശിഷ്ടങ്ങളും കാണുന്നതിനാല്‍ ഒരു കാലത്ത്‌ ഇത്‌ ഒരു മഹാ ക്ഷേത്രമായിരുന്നെന്ന്‌ കരുതാം. മുഹമ്മതീയ പടയോട്ടക്കാലത്ത്‌ സംഭവിച്ചതാണെന്ന്‌ പറയപ്പെടുന്നു, വിഗ്രഹത്തിന്റെ ഒരു കൈക്ക്‌ അല്‌പം കേടുപറ്റിയിട്ടുണ്ട്‌. കുറച്ചുകാലം ഈ ക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്ക്‌ ആരാധന നിരോധിക്കപ്പെട്ടിരുന്നു. വിഷ്‌ണുക്ഷേത്രമെന്ന പ്രത്യേകതയോടെ തന്നെ ധാരാളം ഭക്തര്‍ പ്രത്യേകിച്ചും സ്‌ത്രീകള്‍ ഇപ്പോഴിവിടെ എത്തുന്നുണ്ട്‌. അഷ്ടമിരോഹിണി മുതലായ വിശേഷ ദിവസങ്ങള്‍ ഗോപൂജ പോലുള്ള പരിപാടികളോടെ വിപുലമായി പൊതുജനസഹകരണത്തോടെ ആഘോഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്‌.