മനയിടത്തു പറമ്പില്‍

അരങ്ങാടത്തിനു വടക്കുഭാഗത്തുള്ള മനയടത്തുപറമ്പില്‍ അനേകവര്‍ഷങ്ങളുടെ ചരിത്രമുണ്ടെന്ന്‌‌ കരുതുന്നു. മുമ്പ്‌ പറമ്പില്‍ ഭഗവതി ക്ഷേത്രമെന്ന്‌‌ അറിയപ്പെട്ടിരുന്ന ഇത്‌‌ ഇടക്കാലത്ത്‌ അന്നപൂര്‍ണ്ണേശ്വരിക്ഷേത്രമായി. മനയടത്ത്‌ എന്ന പേരില്‍ നിന്നുതന്നെ ഇത്‌ ഒരു ബ്രാഹ്മണ ഇല്ലവുമായി ബന്ധപ്പെട്ടതാണ്‌ എന്ന്‌‌ അനുമാനിക്കാവുന്നതാണ്‌. ബുക്കാനന്റെ യാത്രാ വിവരണത്തില്‍ കോവില്‍ക്കണ്ടിയുടെ തെക്കുഭാഗത്ത്‌‌ ബ്രാഹ്മണരുടെ ഒരു താവളമുണ്ടായിരുന്നതായി വിവരിക്കുന്നുണ്ട്‌‌. ഈ പ്രദേശത്തെ എല്ലാ ഇല്ലങ്ങളുടെയും ഒരു കൂട്ടായ്‌മയായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്‌്‌. അക്കൂട്ടത്തില്‍ഇവിടെയുള്ള മനയും പെട്ടിട്ടുണ്ടാവാം.

ഏകദേശം നൂറ്‌‌കൊല്ലം മുമ്പ്‌‌ പറമ്പിന്റെ ഉടമസ്ഥനായ മനയടത്ത്‌‌കോരു എന്തോ അനുഭവങ്ങളുടെ പേരില്‍ ഇവിടെ ഭഗവതിയെ സങ്കല്‍പ്പിച്ച്‌‌ ഒരു മണ്ടകമുണ്ടാക്കി പൂജിക്കാന്‍ തുടങ്ങി. ഇവിടെയുണ്ടായിരുന്ന പ്രധാന ബ്രാഹ്മണനെ സങ്കല്‍പ്പിച്ച്‌‌ ബ്രഹ്മരക്ഷസ്സിനെയും ആരാധിച്ചുപോന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം ഫലസിന്ധിയുമുണ്ടായത്രെ. നാഗരാജാവ്‌, നാഗയക്ഷി, നാഗകാളി, എന്നിവയെ സങ്കല്‍പ്പിച്ച്‌‌ ചിത്രകൂടങ്ങളുള്ള ഒരു വലിയകാവ്‌‌ ഇപ്പോഴും ഇതിനോട്‌ ചേര്‍ന്ന്‌‌ ഉണ്ട്‌‌. കാലക്രമത്തില്‍ കോരുവിന്റെ കുടുംബാംഗങ്ങള്‍ തന്നെ വിധിയാംവണ്ണം പൂജകള്‍ നടത്തിപ്പോന്നു. സ്ഥാപകനായ ബ്രാഹ്മണന്റെ കാലിന്‌ സ്വാധീനക്കുറവുള്ളതിലാണെത്രെ ബ്രഹ്മരക്ഷസ്സിന്റെ കോമരം മുടന്തിയാണ്‌ നടക്കുക. മുമ്പ്‌ ഉത്സവദിവസം കുളിച്ചാറാട്ട്‌ നടന്നിരുന്നത്‌ അല്‌പം അകലെയുള്ള ചീനംവെള്ളി എന്ന പള്ളിക്കുളത്തിലായിരുന്നു. ആ കുളം മുമ്പ്‌ ക്ഷേത്രത്തോട്‌ ബന്ധപ്പെട്ടതായിരുന്നു എന്നു വേണം വിചാരിക്കാന്‍. മനയിടത്ത്‌ എന്നത്‌ മനയുടെ അടുത്തൊ ഇടത്തൊ ആവാം. ടിപ്പുവിന്റെ പടയോട്ടക്കാലത്ത്‌ അക്രമികള്‍ എത്തിയപ്പോള്‍ ഇവിടെയുള്ള ബ്രാഹ്മണര്‍ ഇസ്ലാംമതത്തില്‍ ചേര്‍ക്കപ്പെട്ടതായിരിക്കാം. അല്ലെങ്കില്‍മറ്റുചില ക്ഷേത്രങ്ങള്‍പോലെ ഇതു നമ്പിമാരുടെ കീഴിലുള്ളതായിരുന്നെന്നും അവര്‍ ഒഴിഞ്ഞുപോകുമ്പോള്‍ കോരുവിന്റെ പൂര്‍വ്വീകരെ ഏല്‌പിച്ചതാവാമെന്നും വരാം.

1965ല്‍ പൊതുജനങ്ങളുടെ ഒരു കമ്മറ്റി രൂപീകരിച്ച്‌ 15സെന്റ്‌ സ്ഥലം ക്ഷേത്രത്തിന്‌ സ്വന്തമായി വാങ്ങി. ഏഴുദിവസത്തെ അഷ്ടമംഗല്ല്യ പ്രശ്‌നം നടക്കുകയും തുടര്‍ന്ന്‌ പീഠസങ്കല്‍പ്പംമാറ്റി വിഗ്രഹപ്രതിഷ്‌ഠ നടത്തുകയും ചെയ്‌തു. കോമരത്തിന്റെ നിയോഗപ്രകാരമാണ്‌ ഇവിടെ ദാരിദ്ര്യ നിവാരിണിയായ അന്നപൂര്‍ണ്ണേശ്വരിയുടെ സാന്നിദ്ധ്യം കൂടിയുണ്ടെന്ന്‌ തെളിഞ്ഞതും തുടര്‍ന്ന്‌ ദേവിയെ പ്രതിഷ്‌ഠിച്ചതും. ഒരു കൈയ്യില്‍ ചോറ്റുപാത്രവും മറുകയ്യില്‍ കോരികയുമായി അന്നംകൊടുക്കുന്ന അമ്മയായിട്ടാണ്‌ ദേവിയുടെ ഭാവം. ആദ്യത്തെ ഭഗവതിപ്രതിഷ്‌ഠ കളരിയുമായി ബന്ധപ്പെട്ടിരുന്നതിനാല്‍ മധ്യമപൂജയാണ്‌ മുമ്പ്‌ വിധിക്കപ്പെട്ടിരുന്നത്‌. ഭഗവതി, അന്നപൂര്‍ണ്ണേശ്വരി, ബ്രഹ്മരക്ഷസ്സ്‌, ഗണപതി, ശിവന്‍, നീറ്റില്‍ കരുവന്‍, എന്നിങ്ങനെ പ്രതിഷ്‌ഠകളുള്ള ക്ഷേത്രസമുച്ചയത്തില്‍ ഇപ്പോള്‍ ബ്രാഹ്മണരാണ്‌ പൂജകള്‍ നടത്തുന്നത്‌. കുംഭം 13മുതല്‍ 17വരെയാണ്‌ ഉത്സവം. പ്രായവ്യത്യാസമില്ലാതെ മുന്നൂറോളം പേര്‍ പങ്കെടുക്കുന്ന താലപ്പൊലിയും രണ്ടദിവസത്തെ വിപുലമായ സമൂഹസദ്യയും ഉത്സവത്തിന്റെ പ്രത്യേകതകളാണ്‌. താലപ്പൊലി ദിവസം പുലര്‍ച്ചെയുള്ള നാന്തകം എഴുന്നള്ളിപ്പും രക്തചന്ദനം ഉപയോഗിച്ചുള്ള ഗുരുതി തര്‍പ്പണവും സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു.

പറമ്പില്‍ ക്ഷേത്രവുമായി ബന്ധമുണ്ടെന്നു കരുതേണ്ടതും കാലാന്‌കരത്തില്‍ നശിച്ചുപോയതുമായ മറ്റൊരു ക്ഷേത്രത്തെപ്പറ്റിയും ഇവിടെ പറയേണ്ടതുണ്ട്‌. ഇവിടെ നിന്ന്‌ കിഴക്കുമാറി റെയിലിനടുത്തുള്ള തെയ്യുള്ളതില്‍ എന്ന പറമ്പിലായിരുന്നു ഈ ക്ഷേത്രം ഉണ്ടായിരുന്നത്‌. തോട്ടുമുഖത്ത്‌ താമസിച്ചിരുന്ന പ്രമുഖ തിയ്യത്തറവാട്ടുകാരായിരുന്നു ഇതിന്റെ ഉടമസ്ഥര്‍. രണ്ടുദിവസങ്ങളിലായി 101തിറകള്‍ കെട്ടിയാടുന്ന ഈ പറമ്പില്‍ ഇന്ന്‌ ഏതാനും കരിങ്കല്‍ത്തറകളും വിശാലമായ ഒരു നാഗക്കാവും മാത്രമെ അവശേഷിച്ചിട്ടുള്ളൂ. കാവിനുള്ളില്‍ ചിത്രകൂടവും ഉണ്ട്‌. അങ്കക്കാരന്‍ എന്ന വിശേഷപ്പെട്ട തിറ കെട്ടിയാടിയത്‌ കണ്ണൂരില്‍ നിന്ന്‌ വരുന്നവരായിരുന്നത്രെ. വാഴത്തട കൂട്ടിയിട്ട്‌ വാള്‍ കൊണ്ട്‌ വെട്ടിമുറിക്കുന്ന ചടങ്ങുള്ളതുകൊണ്ട്‌ ഈ തിറ അങ്കത്തിന്‌ പോയി മരണമടഞ്ഞ ഒരു യോദ്ധാവിന്റെ ഓര്‍മ്മക്കായി കെട്ടിയാടുന്നതാണെന്ന്‌ കരുതാം. ഒരു കുളത്തിന്റെ അവശിഷ്ടവും ഇവിടെയുണ്ട്‌. മനയിടത്തില്ലത്തെ വരവ്‌ എന്ന പേരില്‍ പറമ്പില്‍ ക്ഷേത്രത്തില്‍നിന്ന്‌ ഒരു ആഘോഷവരവ്‌ ഉണ്ടായിരുന്നു. എഴുപത്‌ കൊല്ലം മുമ്പ്‌ തറവാട്ടംഗമായ കുട്ടിപ്പറമ്പില്‍ വേലുവിന്റെ നേതൃത്വത്തില്‍ കാലിച്ചന്തയോടുകൂടി അവസാന ഉത്സവം നടന്നത്‌ പ്രായമേറിയവരില്‍ ചിലര്‍ ഇന്നും ഓര്‍ക്കുന്നുണ്ട്‌.

No comments: