മുതുകൂറ്റില്‍ ക്ഷേത്രം

ചെങ്ങോട്ടുകാവിലെ പുരാതനമായ മറ്റൊരു ക്ഷേത്രമാണ്‌ മുതുകൂറ്റില്‍. നൊച്ചോളിത്തറവാട്ടിലെ അടിയോടിമാരാണ്‌ ഇതിന്റെ ഊരാളര്‍. ഈ ക്ഷേത്രത്തിന്റെ സ്ഥാപകന്‍ ബാലുശ്ശേരിക്കോട്ടയിലെ പരദേവതയുടെ ഉത്തമഭക്തനായിരുന്നു. ദിവസേന നടന്നുപോയി തൊഴുതുമടങ്ങും. പ്രായമേറെ ആയപ്പോള്‍ ഇതിന്‌ പ്രയാസമായി. ഇതില്‍ അതീവദുഖിതനായി അദ്ദേഹം പ്രാര്‍ത്ഥിച്ചതിനാല്‍ ഒരുദിവസം പരദേവത സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട്‌ മുതുകൂറ്റില്‍പുതിയവീട്ടിലെ നാലുകെട്ടില്‍ തന്നെ കുടിവെച്ച്‌ ആരാധിച്ചാല്‍ മതിയെന്ന്‌ അരുളിച്ചെയ്‌തെത്രെ. ആ മൂര്‍ത്തിയാണ്‌ മുതുകൂറ്റില്‍ പരദേവത. സുപ്രസിദ്ധമായ കിനാലൂര്‍ ലിഖിതത്തില്‍ ആരപ്പന്‍ കുഞ്ഞിയെന്ന കുറുമ്പിയാര്‍ സ്വന്തം ഭൂമിയില്‍ ഒന്നായി മുടക്കയൂര്‌ എന്ന മൊടക്കല്ലൂരിനെ വിശേഷിപ്പിച്ചിരിക്കുന്നല്ലോ. മൊടക്കല്ലൂര്‍ ചെങ്ങോട്ടുകാവിന്‌ വളരെ ദൂരെയല്ലാതെ നേരെ കിഴക്കുഭാഗത്താണ്‌. ഈ കാര്യങ്ങള്‍ വെച്ച്‌ പരിശോധിക്കുന്ന പക്ഷം ബാലുശ്ശേരിക്കടുത്ത കിഴക്കേടത്ത്‌ സ്വരൂപത്തിലേയോ കുറുമ്പിയാരുടെ വംശത്തിലോ ഉള്ള ഒരു കാരണവരായിരിക്കണം മുതുകൂറ്റില്‍ ക്ഷേത്രസ്ഥാപകന്‍. ക്ഷേത്രത്തോടു ബന്ധപ്പെട്ട അടിയോടിക്കിടാവുമാരും കിഴക്കന്‍ പ്രദേശത്താണുള്ളത്‌. മൂത്തകൂര്‍, ഒന്നാംകൂര്‍ എന്നതൊക്കെ നാടുവാഴികളുടെ പ്രായവ്യത്യാസവും അധികാരവും കാണിക്കുന്നതാണ്‌. അതിനാല്‍ മുതുകൂറായിരിക്കണം മുതുകൂറ്റിലായത്‌ എന്ന്‌ അനുമാനിക്കേണ്ടിയിരിക്കുന്നു.
ഒരു വ്യക്തി സ്ഥാപിച്ച ക്ഷേത്രം ദേവസ്വമായി വളര്‍ന്നതിന്റെ ചരിത്രമാണ്‌ മുതൂകൂറ്റിലേത്‌. ഒരു കാലത്ത്‌ പന്തലായനി മുതല്‍ കോരപ്പുഴ വരെ 365 ഏക്കര്‍ സ്ഥലം ക്ഷേത്രം വകയുണ്ടായിരുന്നു. ചാര്‍ത്തിക്കൊടുത്തും വിറ്റുതുലച്ചും ഭാഗംവെച്ചും അവസാനം 1947ലെ ഒരു കോടതിവിധിപ്രകാരം രണ്ടര ഏക്കര്‍ സ്ഥലംമാത്രം ബാക്കി ക്ഷേത്രത്തിനുള്ളതായി കാണുന്നു. അടിയന്തിരക്കാരായ പാണന്‍, മണ്ണാന്‍, പരവന്‍ എന്നിവര്‍ക്കൊക്കെ പതിച്ചുകൊടുത്തതാണെത്രെ ആ പേരുകളുള്ള പറമ്പുകള്‍. ചിത്രാടാക്കീസിനടുത്തുള്ള വിശാലമായ ശ്‌മശാനഭൂമി ഒരു 'കുഴി'വെക്കാന്‍ സ്ഥലം ചോദിച്ചപ്പോള്‍ അനുവദിച്ചതാണെന്നാണ്‌്‌ പറയപ്പെടുന്നത്‌. അടുത്തകാലം വരെ ഉത്സവദിവസം പയറ്റുവളപ്പില്‍ ഭാഗത്തുനിന്ന്‌ ഒരു ആഘോഷവരവുണ്ടായിരുന്നു. കടല്‍ത്തീരത്തെ കുറുംബാഭഗവതി ഒരിക്കല്‍ ഇവിടുത്തെ ആല്‍ത്തറയിലിരുന്നു എന്ന സങ്കല്‌പത്തില്‍ അവിടെനിന്നും കുറെക്കാലം മുമ്പുവരെ ഒരു ആഘോഷവരവുണ്ടായിരുന്നു.

No comments: