മേലൂര്‍ ശിവക്ഷേത്രം

ചെങ്ങോട്ടുകാവിലെ ഏക ശിവക്ഷേത്രമെന്ന ബഹുമതി മേലൂര്‍ക്ഷേത്രത്തിനാണ്‌ ഉള്ളത്‌. തികച്ചും നമ്പിമാരുടെ ഉടമസ്ഥതയിലായിരുന്നു ഇത്‌. ഇവരില്‍ ഏറ്റവും പ്രധാനി ഒളിയമ്മനനമ്പിയായിരുന്നു. അവരുടെ വംശനാശത്തിനുശേഷം ആരും തിരിഞ്ഞ്‌ നോക്കാതെ വളരെക്കാലം ഈ ക്ഷേത്രം കാടുപുടിച്ച്‌ അനാഥമായിക്കിടന്നു.

ഇതിനിടയിലാണ്‌ പുത്തലംതറവാട്ടുകാര്‍ക്ക്‌ കാഞ്ഞിലശ്ശേരിക്ഷേത്രത്തില്‍ കടക്കുവാന്‍ പാടില്ലാതായത്‌. അവര്‍ ക്ഷേത്ര നടത്തിപ്പ്‌ ഏറ്റെടുക്കുകയും അങ്ങനെ ഇതിന്റെ ദുര്‍ദ്ദശ അവസാനിക്കുകയും ചെയ്‌തു. ഇവിടെ ദേവസ്വം വക സ്വത്തില്ല. എഴുപത്തിഅഞ്ചുകൊല്ലം മുമ്പ്‌ അഷ്ടബന്ധകലശത്തോടെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുകയും, മേടത്തിലെ അശ്വതിക്ക്‌ ശുദ്ധികലശത്തോടെ ആരംഭിച്ച്‌ തിരുവാതിരനാളില്‍ ആറാട്ടോടെ അവസാനിക്കുകയും ചെയ്യുന്ന വിധത്തില്‍ ഉത്സവാദിച്ചടങ്ങുകള്‍ ക്രമീകരിക്കുകയും ചെയ്‌തിരുന്നു. കുളുച്ചാറാട്ട്‌ ആന്തട്ടകുളത്തിലായിരുന്നു നടത്തിയിരുന്നത്‌. തലേദിവസം ആന്തട്ട കുളത്തിലേക്ക്‌ എഴുന്നെള്ളിപ്പും ഉണ്ടായിരുന്നു. പരമേശ്വരന്‍ ആന്തട്ട ഭഗവതിയെ കൂട്ടിക്കൊണ്ട്‌ വരികയും പിറ്റേദിവസം തിരിച്ചെഴുന്നെള്ളിക്കുകയും ചെയ്യുന്നു എന്ന വിശ്വാസമായിരുന്നു ഈ ചടങ്ങിന്റെ ആധാരം. മൂന്നുവര്‍ഷമായി ഇങ്ങിനെ ആചരിക്കാറില്ല. ഉത്സവസമയത്തിലും വ്യത്യാസം വന്നിട്ടുണ്ട്‌.

പുത്തലംസ്ഥാനിയുടെ കീഴിലായതിനാല്‍ ആന്തട്ടയും മേലൂരും തമ്മില്‍ സുദൃഡമായ ഒരു ബന്ധം ഉണ്ടെന്നാണ്‌ കരുതേണ്ടത്‌. ആദ്യ ഉടമസ്ഥനായിരുന്ന നമ്പിയെ ബ്രഹ്മരക്ഷസ്സായി ഇവിടെ കുടിയിരുത്തിയിട്ടുണ്ട്‌. ഇപ്പോള്‍സ്ഥാനം ഇല്ലാത്തതിനാല്‍ 1970മുതല്‍ ഒരു കമ്മറ്റിയാണ്‌ ക്ഷേത്രഭരണം നടത്തുന്നത്‌.

No comments: