അറയില്‍ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രം



ഏഴുകുടിക്കല്‍ തെക്കെപുരയില്‍ അറയില്‍ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രം എന്ന ഈ ക്ഷേത്രം അരങ്ങാടത്തെ മറ്റ്‌ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമാണ്‌. ക്ഷേത്രത്തിനോടനുബന്ധമായി മനോഹരമായ കാവും അതില്‍ പാമ്പുകളും ചെറുജീവികളുമുണ്ട്‌.

നാഗരാജാവ്‌, സ്വയംഭൂനാഗങ്ങള്‍,(മണിനാഗം, ശംഖുനാഗം, കരിനാഗം, അനന്തന്‍, തുടങ്ങിയവ) എന്നിവയാണിവിടുത്തെ കോട്ടയിലെ പ്രതിഷ്‌ഠകള്‍. ക്ഷേത്രത്തില്‍ ശ്രീ കുറുംബാ ഭഗവതിയാണുള്ളത്‌. ഒപ്പം ഭദ്രകാളിയുമുണ്ട്‌. അരങ്ങാടത്ത്‌ എഴുകുടിക്കല്‍ എന്നാണ്‌ ഈ പ്രദേശത്തിന്റെ പേര്‌. ആദ്യമിവിടെ മൂന്നു തറവാടുകളാണുണ്ടായിരുന്നത്‌. അതില്‍നിന്നും പിന്നീട്‌ ആളുകള്‍ വേറെ നാലു വീടുകളിലേക്ക്‌ മാറിതാമസിച്ചു. അങ്ങനെ ഏഴുകുടികളുണ്ടായി. അങ്ങനെയാണിവിടെ ഏഴുകുടിക്കലായത്‌. പൂര്‍വ്വികര്‍ പ്രതിഷ്‌ഠ നടത്തി ആരാധിച്ചിരുന്നത്‌ തെക്കെ പുരയിലാണ്‌. ഏഴുകുടികളില്‍ തെക്ക്‌ ഭാഗത്തായതിനാല്‍ തറവാടിന്‌ തെക്കെപുരയില്‍ എന്ന്‌ പേരുവന്നു. ഇതുപോലെയാണ്‌ മറ്റുള്ള തറവാടുകള്‍ക്കും പേരുവന്നത്‌. വടക്കെപുരയില്‍, നടുവിലെ പുരയില്‍ എന്നിങ്ങനെ.

തെക്ക്‌ ഭാഗത്തുനിന്നാണ്‌ ദേവി വന്നതെന്ന്‌ പറയപ്പെടുന്നു. അന്നും ഇവിടെ നാഗങ്ങള്‍ ഉണ്ടായിരുന്നു. ഇവിടെ ഇരിക്കാനായി ദേവി നാഗങ്ങളോട്‌ സ്ഥലം ചോദിച്ചു. നാഗരാജാവ്‌ സ്ഥാനം കൊടുത്തു. ഈ ഭഗവതിക്ക്‌ രണ്ട്‌ ഭാവങ്ങളായിരുന്നു. വലിയമ്മയും, ചെറിയമ്മയും. സൗമ്യഭാവമുള്ള വലിയമ്മയായ ഭഗവതി ഇവിടെകുടിയിരുന്നു. രൗദ്രഭാവമായ ചെറിയമ്മ ഭദ്രകാളിക്ക്‌ സ്ഥാനം കൊടുത്തത്‌ വലിയമങ്ങാടാണ്‌. വടക്ക്‌ കൊയിലാണ്ടി കിഴക്കെപുരയില്‍ എന്നിടത്തും ഭഗവതി കുടികൊണ്ടിരുന്നു.

ശര്‍ക്കരപ്പായസം, പാല്‍പ്പായസം എന്നിവയാണ്‌ നിവേദ്യം. ക്ഷേത്രത്തിലും കോട്ടയിലും ഉത്തമകര്‍മ്മമാണ്‌ ചെയ്യുന്നത്‌. ഇവിടെ മധ്യമകര്‍മ്മമില്ല. നാഗക്കോട്ട, പാല, ഏഴിലംപാല, പേരാല്‍, അരയാല്‍, ചേര്‌, കാഞ്ഞിരം തുടങ്ങിയ വന്‍വൃക്ഷങ്ങളാല്‍ സമൃദ്ധമാണ്‌. കോട്ടയിലെ നാഗപ്രതിഷ്‌ഠ വളരെ വ്യത്യസ്‌തമായ രീതിയിലാണ്‌ ചെയ്‌തിരിക്കുന്നത്‌. മൂന്ന്‌ പ്രതിഷ്‌ഠയാണ്‌ കാണിച്ചിരിക്കുന്നത്‌. നടുവില്‍ ഒറ്റത്തലയുള്ള നാഗരാജാവാണുള്ളത്‌. അതിന്റെ ഒരു ഭാഗത്ത്‌ അഞ്ച്‌ തലയോടുകൂടിയുള്ള അനന്തന്‍, മറ്റേഭാഗത്ത്‌ രണ്ട്‌ തലയുള്ള കരിനാഗം. പകയുള്ള ദൈവങ്ങളാണ്‌ നാഗങ്ങള്‍. ഇവരെ ഉപദ്രവിച്ചാല്‍ അതിനു തക്കതായശിക്ഷ ലഭിക്കുമെന്ന്‌ വിശ്വാസികള്‍ പറയുന്നു. നാഗ ഇനത്തില്‍ കരിനാഗത്തിനാണ്‌ കോപവും ശക്തിയും കൂടുതല്‍. അനന്തനെ വരെ വെല്ലുന്നതാണ്‌ കരിനാഗം.

മകരം 1 മുതല്‍ മകരം 8 വരെയാണ്‌ ഉത്സവം. ഈ ക്ഷേത്രത്തിന്‌ വലിയമങ്ങാട്‌ ക്ഷേത്രവുമായാണ്‌ ബന്ധമുള്ളത്‌. അവിടെയുള്ള അറയില്‍ കുറുംബഭഗവതിക്ഷേത്ര ഉത്സവദിവസം തന്നെയാണ്‌ ഇവിടെയും ഉത്സവം. 2003ല്‍ പ്രതിഷ്‌ഠാകര്‍മ്മം നടന്നശേഷം ആചാരങ്ങളില്‍ ചില വ്യത്യാസം ഉണ്ടായിട്ടുണ്ട്‌ എന്നുമാത്രം.

കൂടാതെ നാഗപ്പാട്ടും ഉണ്ട്‌. അത്‌ കുംഭ മാസത്തിലെ ആയില്യം നാളിലാണുണ്ടാവുക. നാഗപ്പാട്ട്‌ മൂന്ന്‌ ദിവസമോ, അഞ്ച്‌ ദിവസമോ, ഏഴു ദിവസമോ ആയി ആഘോഷിക്കും. വഴിപാടനുസരിച്ച്‌ നാഗത്തിന്‌ പാല്‌, മുട്ട, കഥളിപ്പഴം എന്നിവയാണ്‌ നല്‍കുക. ഉത്സവദിനങ്ങളിലും നാഗപ്പാട്ടിനും രാത്രി പുറത്തുനിന്ന്‌ നമ്പൂതിരിമാരെ കൊണ്ടുവന്നാണ്‌ പൂജചെയ്യിക്കുന്നത്‌. നാഗത്തിന്‌ കൊടുക്കല്‍ രാത്രയിലാണ്‌. പാലും, കഥളിപ്പഴവും, മുട്ടയുമാണ്‌ നാഗത്തിന്‌ കൊടുക്കുക. പൂജക്കുശേഷം കോട്ടപരിസരത്ത്‌ ആരെയും നില്‍ക്കാന്‍ അനുവദിക്കില്ല. നിവേദ്യം കഴിക്കാന്‍ വരുന്ന നാഗങ്ങള്‍ ഇവിടെ നില്‍ക്കുന്നവരെ കടിച്ചെന്നു വരാം. അടുത്ത ദിവസം നിവേദ്യങ്ങള്‍കടലില്‍ കളയും. അവയില്‍ കൊടും വിഷം ഉണ്ടാവുമെന്നാണ്‌ വിശ്വാസം. വിഷാംശത്താല്‍ പാല്‍ നീല നിറമായിട്ടുണ്ടാവും. സാധാരണയായി ക്ഷേത്രത്തില്‍ ദേവിക്ക്‌ നിവേദിച്ചതാണ്‌ പ്രസാദമായി നല്‍കുക. വിഷാംശം കാരണം ഇവിടെ അത്‌ സാധ്യമല്ലാത്തതിനാല്‍ ഭക്തര്‍ക്ക്‌ മഞ്ഞള്‍പോടിയും പായസവും കുങ്കുമവുമാണ്‌ പ്രസാധമായി നല്‍കിവരുന്നത്‌.

പാലക്കാട്ട്‌ നിന്നെത്തുന്ന പുള്ളുവര്‍ ഒന്നാം ദിവസം നാഗയക്ഷിക്കളവും രണ്ടാം ദിവസം സന്താനക്കളം, ഭൂതക്കളം എന്നിവയും നിര്‍മ്മിച്ച്‌ പുള്ളുവക്കുടം മീട്ടിപ്പാടുന്നു. കന്യകമാരായ പെണ്‍കുട്ടികള്‍ കളത്തിലിരുന്നാടുന്നു. മൂന്നാം ദിവസം കരിക്കിടി എന്ന ചടങ്ങോടെയാണ്‌ നാഗപ്പാട്ടുത്സവം സമാപിക്കുന്നത്‌. കരിക്കും മഞ്ഞളും ഉരലിലിട്ട്‌ ഇടിക്കുകയാണ്‌ ചെയ്യുന്നത്‌. നമ്മുടെ പ്രദേശത്ത്‌ നാഗപ്പാട്ട്‌ നടത്തുന്ന ഏകക്ഷേത്രമാണ്‌ ഇത്‌.

നാഗയാട്ടത്തിന്‌ പത്തിനു താഴെ പ്രായമുള്ള തറവാട്ടിലെ തന്നെ അഞ്ചില്‍ താഴെ കുട്ടികളെയാണൊരുക്കുക. പുറത്തുനിന്നുള്ളവരെ ഇതില്‍ പങ്കെടുപ്പിക്കില്ല. ഈ പെണ്‍കുട്ടികളെ 21ദിവസം ഒരു മുറിയില്‍ അടക്കും. ഭക്ഷണസൗകര്യവും മറ്റ്‌ സൗകര്യവും ഇവിടെ ചെയ്‌തുകൊടുക്കുന്നു. മറ്റാരും ഇവരെ കാണാന്‍ പാടില്ല. ഇതിന്‌ തറവാട്ടിലുള്ളവരാണ്‌ പൂജചെയ്യുക. നാഗയാട്ടത്തിനിരുത്തുമ്പോള്‍ ചുറ്റുനിന്നും കൊട്ട്‌ ആരംഭിക്കും. അതിനനുസരിച്ച്‌ ഇവര്‍ ആടാന്‍ തുടങ്ങും. ഓരോരുത്തരുടെയും ചലനം കണ്ട്‌ കയറിയ നാഗത്തെ മനസ്സിലാക്കാം. മുമ്പില്‍ വരച്ചുവെച്ച്‌ കളം കയ്യിലുള്ള പൂക്കുല കൊണ്ട്‌ മായ്‌ക്കുന്നു. അങ്ങിനെ ബാലികമാര്‍ ഇഴഞ്ഞ്‌ കളം കടക്കുന്നു. കൊട്ട്‌ മുറുകുമ്പോഴാണ്‌ ഇവര്‍ കൂടുതല്‍ ഉറയുന്നത്‌. ഏറ്റവും ഉശിരും കാണിക്കുന്നവരിലാണ്‌ കരിനാഗം കയറിയിരിക്കുക. കാണുന്നവര്‍ക്ക്‌ വളരെ അത്ഭുതാദരങ്ങള്‍ കുട്ടികളോടുണര്‍ത്തുന്ന ഒരു കാഴ്‌ചയാണിത്‌.

നാഗയാട്ടത്തിന്‌ വരയ്‌ക്കുന്ന കളത്തിന്‌ പുറമെ സന്താനക്കളം, ഭൂതക്കളം, അനന്തശയനം, നാഗയക്ഷിക്കളം എന്നിവയും ഇവിടെ വരക്കാറുണ്ട്‌. ഇവയ്‌ക്കെല്ലാം പലതരം ലക്ഷ്യങ്ങളാണുള്ളത്‌. കളങ്ങള്‍ വരയ്‌ക്കാന്‍ തെക്കുനിന്നുള്ള പിള്ളമാരെയാണ്‌ വിളിക്കുക. കളങ്ങളെല്ലാം ഉത്സവത്തിന്റെ രണ്ടാം ദിവസമാണ്‌ വരയ്‌ക്കുക.


സന്താനക്കളം


കുട്ടികലുണ്ടാവാത്തവര്‍ക്ക്‌ കുട്ടികളുണ്ടാവാനായി ചെയ്യുന്ന കളമാണിത്‌. ഉത്സവത്തിന്റെ രണ്ടാം ദിവസം രാത്രി 10മണിക്കാണ്‌ ഇത്‌്‌്‌ വരക്കുക. ഫലപ്രാപ്‌തിക്കായി വരുന്നവര്‍ ചന്ദനം, ഫലങ്ങള്‍, പുഷ്‌പങ്ങള്‍ എന്നിവ നിറച്ച താലവുമായി കളത്തെ പ്രദിക്ഷണം ചെയ്യുന്നു. അതിനുശേഷം സാധാരണക്കാരും വലംവെക്കാറുണ്ട്‌്‌്‌. സന്താനക്കളാരാധനയുടെ ഫലപ്രാപ്‌്‌തി നേടിയവര്‍ അനവധിയാണ്‌.

ഭൂതക്കളം

രാത്രി 12മണിക്ക്‌്‌്‌ ശേഷമാണ്‌ ഈ കളം തയ്യാറാവുക. എല്ലാകാര്യങ്ങളും ശരിക്ക്‌ നടക്കാന്‍ വേണ്ടിയാണ്‌ ഇത്‌്‌്‌ അനുഷ്‌ഠിക്കുന്നത്‌. പ്രാപ്‌തി വേണ്ടവര്‍ കളത്തെചുറ്റുന്നു. സാധാരണക്കാരും ഇതിനെ വലം വെക്കാറുണ്ട്‌്‌്‌.

അനന്തശയനം

21ദിവസത്തെ വ്രതമെടുത്തതിനു ശേഷമാണ്‌ ഈ കളത്തിന്‌ ചുറ്റും നടക്കുന്നത്‌്‌. രാത്രി 8മണിക്ക്‌്‌്‌ ശേഷമാണിത്‌ നടത്തുക. ദോഷങ്ങള്‍ അകലാനാണിത്‌ ചെയ്യുന്നത്‌്‌. പച്ചയും മഞ്ഞയും വെള്ളയും പൊടികളാണിതിന്‌്‌്‌ ഉപയോഗിക്കുന്നത്‌്‌.

നാഗയക്ഷിക്കളം


രാത്രി10മണിക്കു ശേഷമാണിത്‌ തയ്യാറാവുന്നത്‌്‌. നാഗരാജാവിനെ പ്രീതിപ്പെടുത്താനാണിത്‌. സര്‍വ്വൈശ്വര്യമാണ്‌ ഇതിന്റെ ഫലമായി ഉണ്ടാവുക.

ഇത്തരം കര്‍മ്മങ്ങള്‍ ചെയ്‌ത്‌ ഫലപ്രാപ്‌തി നേടാന്‍ ഇന്നും വിദേശത്തു നിന്നുപോലും ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. അവര്‍ക്ക്‌ പ്രാപ്‌്‌തിയുണ്ടാവുന്നു. കളത്തിനുവയോഗിക്കുന്ന പൊടികള്‍ വാങ്ങുകയാണ്‌ പതിവ്‌. എങ്കിലും ചില നിറങ്ങള്‍ പ്രകൃതിയില്‍ നിന്നും ഇവര്‍ നിര്‍മ്മിച്ചെടുക്കുന്നു. ശീമക്കൊന്നയുടെയും മഞ്ചാടിയുടെയും ഇലകള്‍ പൊടിച്ച്‌്‌്‌ പച്ചനിറവും, മഞ്ഞളും കളഭവും ഉപയോഗിച്ച്‌്‌്‌ മഞ്ഞനിറവും, അരിപ്പൊടി ഉപയോഗിച്ച്‌ വെള്ളനിറവും നിര്‍മ്മിക്കുന്നു.

ചടങ്ങുകള്‍ക്കുശേഷം കളപ്പൊടി വാരാനായി അനേകം പേര്‍ കാത്തുനില്‍ക്കും. കുറിയായും വെള്ളത്തില്‍ കലക്കി വീടിനകത്തും ചുറ്റുപാടുകളിലും തളിച്ച്‌ ശുദ്ധിചെയ്യുവാനും കളപ്പൊടി ഉപയോഗിക്കുന്നു. തറവാട്ടുകാരാണ്‌ ഇതിന്റെയെല്ലാം ചിലവ്‌ നിര്‍വ്വഹിക്കുന്നത്‌. പിരിവുകളും ക്ഷേത്രവരവും ഇതിനായി ഉപയോഗിക്കാറുണ്ട്‌. ഇവിടെ ചിലവിനനുസരിച്ച്‌ തന്നെ വരുമാനവും ഉണ്ടാകാറുണ്ട്‌.

സര്‍പ്പബലി ഉണ്ടാകാറുണ്ട്‌. മൂന്ന്‌ ദിവസം നീണ്ട്‌നില്‍ക്കുന്ന കര്‍മ്മങ്ങളാണ്‌ ഇതിനുള്ളത്‌. രണ്ടാം ദിവസമാണ്‌ നാഗത്തിന്നുകൊടുക്കല്‍ ഉണ്ടാവുക. പണ്ടൊക്കെ പാലും പഴവും മുട്ടയും മാത്രമാണ്‌ കൊടുക്കാറുണ്ടായിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ ഹമിസ്സ്‌ അഥവാ ബലിച്ചോറും നല്‍കാറുണ്ട്‌. ഉപ്പിടാത്ത എള്ള്‌ കൂട്ടിവയ്‌ക്കുന്ന ഉണങ്ങലരിച്ചോറാണിത്‌. ഇതിന്റെ കര്‍മ്മങ്ങള്‍ ചെയ്യാനായി പാമ്പുമ്മേല്‍ക്കാവില്‍ നിന്നും പ്രത്യേകനമ്പൂതിരിമാര്‍ എത്താറുണ്ട്‌.

പണ്ടുള്ള ശ്രേഷ്‌ഠാത്മാക്കളുടെ കുണ്ഡലിനീ ശക്തിയാണ്‌ പിന്നീട്‌ നാഗമായും അതിന്റെ ആരാധനയായും മാറിയതെന്ന്‌ പറയപ്പെടുന്നു. കുംഭമാസത്തിലെ ആയില്യം പാമ്പുകളുടെ ജന്മനക്ഷത്രമാണെന്ന്‌ പറയപ്പെടുന്നു. പാമ്പുകളുടെ കോട്ടകളിലും കാവുകളിലും അന്നേദിവസം പുള്ളുവന്‍പാട്ട്‌ അഥവ്‌ നാഗപ്പാട്ട്‌ ഉണ്ടാകും. പുള്ളുവന്‍മാരാണിത്‌ പാടുക. കേരളത്തില്‍ നാഗക്കോട്ടകളില്‍ ഉയര്‍ന്ന സ്ഥാനം കണ്ണൂരുള്ള പാമ്പുമ്മേല്‍ക്കാവിനും മണ്ണാര്‍ശാലക്കുമാണ്‌. ഇവിടെ സ്‌ത്രീകളാണ്‌ കര്‍മ്മങ്ങള്‍ ചെയ്യുന്നത്‌.
..................................
ഹിന്ദു-മുസ്ലീം സൗഹൃദത്തിന്റെ അവിശ്വസനീയവും അഭനന്ദനീയവുമായ സാന്നിദ്ധ്യമായി ഈ ക്ഷേത്രം നിലകൊള്ളുന്നു. ഒരു ഷെയ്‌ക്കിനെ ഇവിടെ ആരാധിച്ചുവരുന്നുണ്ട്‌. അഞ്ചുപീഠങ്ങളിലായിട്ടാണ്‌ വലിയമ്മ, രണ്ടുഗുരുക്കന്മാര്‍, ഷെയ്‌ക്ക്‌ എന്നിവരെ സങ്കല്‍പ്പിച്ചിരിക്കുന്നത്‌. ഷെയ്‌ക്കിന്റെ പീഠം മുറ്റത്ത്‌ ക്ഷേ
ത്രത്തോട്‌ തൊട്ടുതന്നെയാണ്‌. മുസ്ലീം ഭക്തര്‍ ഇവിടെ വന്ന്‌ ആരാധന നടത്തുന്നു. നമ്മുടെ നാട്ടിന്റെ സാംസ്‌കാരികപ്പെരുമയുടെ ഉത്തുംഗശൃംഗമാണ്‌ ഈ ക്ഷേത്രം.
............................

-കടലോരം (തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 2007-2009 ബാച്ച്‌ ജര്‍ണലിസം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പഠന ഗ്രന്ഥം)
www.mediafolk.info


No comments: