പൊയില്‍ക്കാവ്‌പൊയില്‍ക്കാവ്‌ കിഴക്കെക്കാവ്‌ ക്ഷേത്രത്തിന്റെ ഉദ്‌ഭവത്തെപ്പറ്റി ചില കഥകളുണ്ട്‌. വടകര തച്ചോളിത്തറവാട്ടിലെ രണ്ട്‌ സ്‌ത്രീകള്‍ എന്തോകാരണവശാല്‍ തെക്കോട്ടുവരുന്നവഴി ഒരാള്‍ മാവിളിയെത്തി. മറ്റെസ്‌ത്രീ നടന്ന്‌ നടന്ന്‌ പൊയില്‍ക്കാവിലെത്തി തച്ചോളിവീട്ടില്‍ കയറി വിശക്കുന്നെന്ന്‌ പറഞ്ഞു. അപരിചിതയായ അവളോട്‌ അവിടെ ഭക്ഷണമൊന്നും ഇല്ലെന്ന്‌ വീട്ടുകാര്‍ പറഞ്ഞപ്പോള്‍ ,തലേന്ന്‌ അകത്ത്‌ വെട്ടിവെച്ച വാഴക്കുല പഴുത്തിട്ടുണ്ടാകുമെന്ന്‌ അവള്‍ പറഞ്ഞെത്രെ. വീട്ടുകാര്‍ ചെന്ന്‌ നോക്കിയപ്പോള്‍ സംഗതി വാസ്‌തവം തന്നെ. അത്ഭുതാദരങ്ങളോടെ അവര്‍ സ്‌ത്രീയെ അകത്തിരുത്തി പാലും പഴവും നല്‍കി. പെട്ടന്ന്‌ അവള്‍ അപ്രത്യക്ഷയായി. അത്‌ ഭഗവതിയാണെന്ന്‌ മനസ്സിലാക്കി പിന്നീട്‌ വീട്ടുകാര്‍ ആ ചൈതന്യത്തെ കിഴക്കെക്കാവല്‍ കുടിവെച്ചെന്നും അങ്ങനെ കിഴക്കെക്കാവിലമ്മയായി പ്രതിഷ്ടിക്കപ്പെട്ടെന്നും പറഞ്ഞുവരുന്നു. ഇതില്‍ നിന്ന്‌ വ്യത്യസ്‌തമായി, അമ്മയും മകളുമാണ്‌ വന്നത്‌; അമ്മ അവരില്‍ ഭഗവതിയായി തീര്‍ന്നു; മകളെ തച്ചോളിത്തറവാട്ടിലെ ഒരംഗം വിവാഹം കഴിച്ചു;എന്ന്‌ വേറൊരു കഥയുമുണ്ട്‌. ഈ വിവാഹത്തില്‍ രണ്ട്‌ പെണ്‍കുട്ടികള്‍ ഉണ്ടായി, മൂത്തവള്‍ക്ക്‌ അഞ്ചും ഇളയവള്‍ക്ക്‌ നാലും മക്കളുണ്ടായി അവരാണെത്രെ പൊയില്‍ക്കാവിലെ ഊരാളന്‍മാരായ ഒമ്പത്‌ തറവാട്ടുകാര്‍ എന്നും പറയപ്പെടുന്നു.
പൊയില്‍ക്കാവ്‌ക്ഷേത്ര ഉത്ഭവത്തെപ്പറ്റിത്തന്നെ മറ്റൊരു കഥയും പ്രചാരത്തിലുണ്ട്‌. ക്ഷേത്രത്തിന്‌ അല്‌പം അകലെ തെക്കുഭാഗത്ത്‌ വള്ളോപ്പിള്ളി എന്നൊരു തറവാടുണ്ട്‌. അവിടുത്തെ ഒരു കാരണവര്‍ പാട്ടംപിരിക്കാന്‍ ഇടക്കിടെ ലോകനാര്‍ക്കാവ്‌ പ്രദേശത്ത്‌ പോകാറുണ്ടായിരുന്നു. പോകുമ്പോഴൊക്കെ അദ്ദേഹം ഭക്ഷണത്തിനായി ആശ്രയിച്ചിരുന്നത്‌ കാവിലമ്മയുടെ ഭക്തയായ ഒരു യുവതിയുടെ വീടായിരുന്നു. തുടര്‍ച്ചയായി ഒരന്യപുരുഷന്‍ ഈ വീട്ടില്‍വരുന്നതില്‍ രോഷം പൂണ്ട നാട്ടുകാര്‍ യുവതിക്ക്‌ ഭ്രഷ്ട്‌ കല്‌പിച്ച്‌ അവളെ നാട്ടില്‍ നിന്ന്‌ പുറത്താക്കി. വിവരമറിഞ്ഞെത്തിയ കാരണവര്‍ അശരണരായ അവളെയും കൂട്ടി തന്റെ നാട്ടിലേക്ക്‌ പുറപ്പെട്ടു. ഭക്തവല്‍സലയായ ദേവിയും ഒരു വൃദ്ധയുടെ വേഷത്തില്‍ കൂടെക്കൂടി. അവര്‍ നടന്നുനടന്ന്‌ ഇപ്പോള്‍ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തെത്തി. കുളിച്ചുവരാമെന്ന്‌ പറഞ്ഞ്‌ സ്‌ത്രീകളെ അവിടെനിര്‍ത്തി അദ്ദേഹം പടിഞ്ഞാറെക്കാവിലുള്ള കുളത്തിലേക്ക്‌ പോയി. കുളികഴിഞ്ഞ്‌ തിരിച്ചു വന്നപ്പോള്‍ വൃദ്ധയെകാണാനില്ല. അദ്ദേഹം യുവതിയെ തറവാട്ടില്‍ കൊണ്ടുപോയി വിവാഹം കഴിച്ചു. കൂടെവന്ന വൃദ്ധ, ലോകനാര്‍കാവിലമ്മയാണെന്ന്‌ പിന്നീട്‌ മനസ്സിലായപ്പോള്‍ അന്തര്‍ധാനം ചെയ്‌ത സ്ഥലത്ത്‌ ദേവിയെ പ്രതിഷ്ടിച്ച്‌ ആരാധിക്കാന്‍ തുടങ്ങുകയും പിന്നീട്‌ ഒരു ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്‌തു. ഈ സംഭവത്തിന്റെ ഓര്‍മ്മക്കാണെത്രെ കാവിലെ താലപ്പൊലിക്ക്‌ വള്ളോപ്പിള്ളിയില്‍ നിന്ന്‌ ചപ്പ്‌കൊണ്ടുവരിക എന്ന ചടങ്ങുള്ളത്‌. യുവതിയുടെ സന്തതിപരമ്പരകള്‍ ഒമ്പത്‌ ഊരാളന്മാരാവുകയും ചെയ്‌തു. വിസ്‌ത്രൃതമായ പോയിലില്‍ സ്ഥാപിക്കപ്പെട്ടതുകൊണ്ടാണ്‌ പൊയില്‍ക്കാവ്‌ എന്നപേര്‌ ക്ഷത്രത്തിനുണ്ടായതെന്ന്‌ പറയപ്പെടുന്നു. ചതുരാകൃതിയില്‍ മാളികയോടുകൂടിയ ഗോപുരവും വിശാലമായ പാട്ടുപുരയുമുള്ള ഈ ക്ഷേത്രത്തിലെ ദേവി ഭദ്രകാളിയാണ്‌. നമ്പിമാരുടെ കീഴല്‍ത്തന്നെയായിരുന്ന ഈ ക്ഷേത്രവും കുറെക്കാലം അനാഥമായ അവസ്ഥയില്‍ കിടന്നു. ഒരിക്കല്‍ തച്ചോളി ഒതേനന്‍ സാമൂതിരിയെകാണാന്‍ പോകുന്ന വഴി ഇതിലെ വന്നുവത്രെ. ക്ഷേത്രത്തിന്റെ ദുരവസ്ഥ അദ്ദേഹം കണ്ടറിഞ്ഞു. തന്റെ ഉപാസനാമൂര്‍ത്തിയായ ലോകനാര്‍കാവിലമ്മയുമായി ബന്ധപ്പെട്ട ഈ ക്ഷേത്രത്തിന്റെ പരിതാപാവസ്ഥ കണ്ട്‌ ഒതേനന്‍ ക്ഷേത്ര ഉടമസ്ഥനായ നാറാണത്ത്‌ നമ്പിക്കു ആളയച്ചു. ഭയാക്രാന്തനായ നമ്പി ഒതേനനെ കാണാനെത്തിയില്ല. കലികയറിയ ഒതേനന്‍ നമ്പിയെ വധിച്ചുവെന്നും അതിനുശേഷം ക്ഷേത്രഭരണം ഒമ്പത്‌ തറവാട്ടുകാരെ ഏല്‍പ്പിച്ചുവെന്നുമാണ്‌ ചിലര്‍ പറഞ്ഞുവരുന്നത്‌. കൈയ്യൂക്കിന്റെ മുമ്പല്‍ എന്തും സാധിക്കാവുന്ന അക്കാലത്ത്‌ ഇങ്ങനെ സംഭവിച്ചുവെങ്കില്‍ അത്ഭുതപ്പെടാനില്ല. ഈ കഥകളില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്‌. പുനം, പുത്തലം തറവാടുകള്‍, പൊയില്‍ക്കാവ്‌ ക്ഷേത്രം എന്നിവയൊക്കെ ലോകനാര്‍കാവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിശേഷിച്ചെന്റെ തച്ചോളിക്കൂട്ടം എന്ന്‌ തോറ്റത്തില്‍ തെയ്യമ്പാടിക്കറുപ്പ്‌ അരുളപ്പാട്‌ പറയുന്നുമുണ്ട്‌. പൊയില്‍ക്കാവ്‌ ക്ഷേത്രമുറ്റത്ത്‌ ഈ അടുത്തകാലംവരെയുണ്ടായിരുന്ന രണ്ടു വലിയ തറകള്‍ പുനത്തുന്നവല്‍ക്കും പുത്തനുത്തന്നവല്‍ക്കും ഇരുക്കാനുള്ളതായിരുന്നു. ഇപ്പോഴും താലപ്പൊലി നിശ്ചയിക്കുന്ന ദിവസം ഈ രണ്ട്‌ സ്ഥാനികളുടെയും പ്രതിനിധികള്‍ ഉണ്ടാവണമെന്നത്‌ നിര്‍ബന്ധമാണ്‌. പണ്ട്‌ ഒന്നേകാല്‍ പണം കിഴികെട്ടി സ്ഥാനികള്‍ക്ക്‌ നല്‍കുകയും അവര്‍ അതിന്റെ ഇരട്ടി പണം ഭണ്ഡാരത്തില്‍ നിക്ഷേപിക്കയും പതിവായിരുന്നു. ഈ ദേശത്തെ പലക്ഷേത്രങ്ങളിലെയും ഭഗവതിത്തിറയെ വടക്കത്തിയുടെ തിറ എന്നാണ്‌ പറയുക. ലോകനാര്‍ കാവിലമ്മയുടെ ഭക്തയായ ഒരു യുവതി വിവാഹബന്ധത്തിലൂടെ ഇവിടെയെത്തിയെന്നും തന്റെ ഉപാസനാമൂര്‍ത്തിയെ പൊയില്‍ക്കാവില്‍ പ്രതിഷ്‌ഠിച്ചുവെന്നും ഈ കഥകളില്‍ നിന്ന്‌ നമുക്ക്‌ അനുമാനിക്കാവുന്നതാണ്‌.

ക്ഷേത്രത്തിന്റെ തെക്കെമുറ്റത്തുള്ള തറയില്‍ ഘണ്ഡാകര്‍ണ്ണന്‍ എന്ന രാക്ഷസനെ കുടിയിരുത്തിയിരിക്കുന്നു. ദാരികവധത്തിനുശേഷം ഭാര്യയായ മനോദരി കഠിനതപസ്സനുഷ്ടിക്കുകയും ഭദ്രകാളിക്ക്‌ നിറയെ വസൂരിയുണ്ടാക്കി പ്രതികാരം ചെയ്യുകയും ചെയ്‌തു. ഇതില്‍നിന്ന്‌ ദേവിയെ രക്ഷപ്പെടുത്താന്‍ ശ്രീപരമേശ്വരന്‍ ഘണ്ഡാകര്‍ണ്ണനെ സൃഷ്ടിക്കുകയും ആ അസുരന്‍ ദേവിയുടെ ശരീരം മുഴുവന്‍ നക്കി രോഗം സുഖപ്പെടുത്തുകയും ചെയ്‌തു. മുഖത്തുനക്കാന്‍ ദേവി അനുവദിച്ചില്ലത്രെ. വിഷ്‌ണുനാമം കേള്‍ക്കാതിരിക്കാന്‍ കര്‍ണ്ണങ്ങളില്‍ മണിതൂക്കി നടന്നതുകൊണ്ടാണ്‌ ഘണ്ഡാകര്‍ണ്ണന്‍ എന്ന പേര്‍ വന്നത്‌. ഈ അസുരന്‍ പിന്നീട്‌ വലിയ വിഷ്‌ണു ഭക്തനായി തീര്‍ന്നു.
വളരെക്കാലത്തോളം ഊരാളന്മാര്‍ തന്നെയായിരുന്നു നിത്യനിദാനച്ചെലവുകള്‍ നടത്തിയത്‌. ട്രസ്‌റ്റി എന്ന നിലയില്‍ പടിഞ്ഞാറയില്‍കൃഷ്‌ണന്‍നായരുടെ സേവനം പ്രത്യേകം ഇവിടെ സ്‌മരണീയമാണ്‌. അമ്പതുകൊല്ലം മുമ്പാണ്‌ ക്ഷേത്രത്തിന്റെ സുവര്‍ണ്ണദശ ആരംഭിക്കുന്നത്‌. നവീകരണ പ്രവര്‍ത്തനങ്ങളില്‍ കാവിലമ്മയുടെ ഭക്തന്മാര്‍ കൈമെയ്‌ മറന്ന്‌ സഹകരിച്ചു. ക്ഷേത്രോല്‍സവം കുഭം 30ന്‌ രാത്രി കൊടിയേറ്റത്തോടെ ആരംഭിച്ച്‌ മീനം 6ന്‌ ആറാട്ടോടെ അവസാനിക്കുന്നു. പൊയില്‍ക്കാവിലെ വെടിക്കെട്ട്‌ വളരെ പ്രസിന്ധമാണ്‌. മുമ്പ്‌ പൂവെടിയുമുണ്ടായിരുന്നു. ഏറ്റവും വലിയ ഒരു കവുങ്ങ്‌ മുറിച്ച്‌കൊണ്ടുവന്ന്‌ അതിന്മേല്‍ താഴെനിന്ന്‌ മേല്‍പ്പോട്ട്‌ അഞ്ചോ, ഏഴോ മരത്തട്ടുകള്‍ ഉറപ്പിച്ചാണ്‌ പൂവെടി ഒരുക്കുക. ഓരോ തട്ടിലും നിരവധി അമിട്ടുകളും പൂക്കുറ്റികളും നിരത്തി കെട്ടിവെച്ചിട്ടുണ്ടാവും താഴോട്ട്‌ തൂങ്ങിക്കിടക്കുന്ന തിരിക്ക്‌ തൂ കൊളുത്തിയാല്‍ ഓരോതട്ടിലേയും ഉഗ്രശബ്ദമുള്ള അമിട്ടുകളും വര്‍ണ്ണവൈവിധ്യമുള്ള പൂക്കുറ്റികളും ക്രമമായി പൊട്ടുകയും കത്തുകയും ചെയ്യുന്നത്‌ അവിസ്‌മരണീയമായ ഒരനുഭവമാണ്‌. മീനം അഞ്ചിന്‌ ഉച്ചക്കുശേഷം ആഘോഷവരവുകളും സന്ധ്യയ്‌ക്ക്‌ ഭഗവതി തിറയും പൂക്കലശങ്ങളും ഉണ്ടാവും. ആനകളുടെ അകമ്പടിയോടെയുള്ള എഴുന്നള്ളത്ത്‌ ഉത്സവത്തിന്റെ പ്രത്യേകതയാണ്‌ വലിയവിളക്കുദിവസം കളമെഴുത്തും പാട്ടും സോപാനനൃത്തവും നടത്തുന്നു. സമാപനദിവസം പുലര്‍ച്ചെയാണ്‌ കോലംവെട്ട്‌ അഥവാ രുധിരക്കോലം എന്ന അനുഷ്‌ഠാനകല.
പൊയില്‍ക്കാവ്‌ ക്ഷേത്രത്തില്‍ ചില വര്‍ഷങ്ങള്‍ കൂടുമ്പോള്‍ താലപ്പൊലിയുണ്ടാകും. ചോമപ്പന്റെ കാവുകയറ്റം, പൂക്കാട്‌ കുഞ്ഞിക്കുളങ്ങരനിന്നുള്ള കരടി വരവ്‌, ഉണ്യമ്പലം കളരിയില്‍ നിന്നുള്ള കുന്തംവരവ്‌, കീഴനതറവാട്ടുകാരുടെ പടപ്പാച്ചില്‍, പരപ്പാച്ചില്‍ എന്നിവ താലപ്പൊലി ദിവസങ്ങളിലുള്ള പ്രത്യേക പരിപാടികളാണ്‌. മേലാറ്റൂര്‍, മൊടത്തേടത്ത്‌, കാനത്തില്‍, മുത്തോന, ഈറ്റഞ്ചേരി, വെള്ളാപ്പിള്ളി, അയ്യാപ്പെരി, വാഴോന, വൈലേരി, എന്നിവരാണ്‌ പാരമ്പര്യ ഊരാള കുടുംബങ്ങള്‍. ഇവരില്‍ പലരും താവഴികളായിത്തീര്‍ന്ന്‌ വ്യത്യാസപ്പെട്ടിട്ടുണ്ട്‌. ആദ്യത്തെ ഒമ്പത്‌ ദിവസം ഊരാളന്മാരും പത്ത്‌, പതിനൊന്ന്‌ ദിവസങ്ങളില്‍ പുനം പുത്തലം സ്ഥാനികളും പന്ത്രണ്ടാം ദിവസം സമുദായി എന്ന പേരില്‍ പൊറ്റമ്മല്‍ നമ്പീശനുമായിരുന്നു മുമ്പ്‌ ആദ്യത്തെ തോറ്റങ്ങള്‍ നടത്തിച്ചിരുന്നത്‌. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ്‌ ഇപ്പോള്‍ ക്ഷേത്രമുള്ളത്‌. വടക്കെമലബാറിലെ ഒരു പ്രധാനക്ഷേത്രമായി പൊയില്‍ക്കാവ്‌ മാറിയിരിക്കുന്നു. ചട്ടി, കലം, പായ, മുറം എന്നിവയുടെ ഒരു വിപണന മേള കൂടിയായിരുന്നു മുമ്പ്‌ പൊയില്‍ക്കാവ്‌ ഉത്സവം.
താലപ്പൊലി ദിവസം പടപ്പാച്ചില്‍ എന്ന ചടങ്ങുണ്ടെന്ന്‌ പറഞ്ഞുവല്ലൊ. കുറുവട്ടഞ്ചേരികീഴന എന്ന തറവാട്ടംഗങ്ങളാണ്‌ ഇതു നടത്തുന്നത്‌. കീഴനക്കളരിയുമായി ബന്ധപ്പെട്ടാണ്‌ ഈ ചടങ്ങ്‌ ആരംഭിച്ചത്‌. മൊകേലത്ത്‌ എന്ന പ്രഖ്യാതമായ തറവാട്ട്‌ കാരണവരാണെത്രെ ഈ കളരി സ്ഥാപിച്ചത്‌. അദ്ദേഹം കീഴനയില്‍ നിന്നാണ്‌ വിവാഹം കഴിച്ചത്‌. കീഴനയിലെ സ്‌ത്രീയില്‍ ഒരാണും ഒരുപെണ്ണും ഉണ്ടായി. മൊകേലത്തു കാര്‍ക്ക്‌ പ്രത്യേകം കളരിയുണ്ടായിരുന്നു. കുട്ടികള്‍ വളര്‍ന്നപ്പോള്‍ കളരി അഭ്യാസത്തിന്‌ ആഗ്രഹമുണ്ടായി. അക്കാലത്ത്‌ ഏറ്റവും വിഖ്യാതമായ ഒരു കളരിയായിരുന്നു ഉണ്യമ്പലം കളരി. കാരണവര്‍ ഉണ്യമ്പലത്തുനിന്ന്‌ ഒരു ഗുരുവിനെ കൊണ്ടുവന്നു കുട്ടികളെ പരിശീലിപ്പിക്കാന്‍ ഏര്‍പ്പാടുണ്ടാക്കി. മൊകേലത്തുകാര്‍ പൊയില്‍ക്കാവിലെ ഊരാളന്മാരില്‍പ്പെട്ടതാണ്‌. അതിനാല്‍ കീഴനക്കളരിയില്‍ പഠിച്ചവരെ പൊയില്‍ക്കാവ്‌ ദേവിക്ക്‌ ഉത്സവദിവസം അകമ്പടി സേവിക്കുക എന്നകര്‍മ്മത്തിന്‌ നിര്‍ദ്ദേശിക്കയും അതിനെത്തുടര്‍ന്ന്‌ താലപ്പൊലിക്ക്‌ കീഴനതറവാട്ടുകാര്‍ ഇന്നും ആ ധര്‍മ്മം നിറവേറ്റുകയുമാണ്‌ ചെയ്‌തുവരുന്നത്‌. കുഞ്ഞിക്കുളങ്ങര തെരുവില്‍നിന്ന്‌ വൈകുന്നേരം എത്തുന്നതിനു മുമ്പാണ്‌ കീഴനക്കാര്‍ ഹാ എന്ന ശബ്ദത്തോടെ പൊയില്‍ക്കാവിലേക്ക്‌ പായുന്നത്‌. കരടി എന്നത്‌ ശത്രുവാണെന്ന്‌ കരുതി തുരത്തുകയാണെന്നും ഗണപതിയായിക്കരുതി സ്വീകരിക്കുകയാണെന്നും പടപ്പാച്ചില്‍ക്കാരെപ്പറ്റി പറയുന്നുണ്ട്‌.
പൊയില്‍ക്കാവ്‌ ക്ഷേത്ര ഉത്സവത്തിന്റെ അവസാന ദിവസം മുറ്റത്തുവെച്ച്‌ നടക്കുന്ന ഒരനുഷ്ടാനകലയാണ്‌ കോലംവെട്ട്‌ അഥവാ രുധിരക്കോലം. ചോരപ്പുഴയൊഴുകുന്ന ഒരു യുദ്ധത്തിന്റെ പ്രതീകാത്മക പ്രകടനമാണ്‌ ഈ അനുഷ്ടാനകല. അസുരരാജാവായ ദാരികന്‍ വരബലത്താല്‍ ദേവകളെപ്പോലും പരാജയപ്പെടുത്തി സമസ്‌ത ലോകങ്ങളും കീഴടക്കി മത്തനായിരിക്കുമ്പോള്‍ ദേവരക്ഷക്കായി പരമേശ്വര ചൈതന്യത്തില്‍ നിന്നുളവായ ഭദ്രകാളി യുദ്ധം ചെയ്‌ത്‌ ദാരികനെ വധിക്കുന്നത്‌ ഈ അനുഷ്‌ഠാനകലയില്‍ അഭിനയിക്കപ്പെടുകയാണ്‌. അമ്മാവനും മരുമകനുമായ തെയ്യമ്പാടി കുറുപ്പന്മാരാണ്‌ ഇതില്‍ പങ്കെടുക്കുന്നത്‌. വലിയകുറുപ്പ്‌ കുളിച്ചുവന്ന്‌ ശ്രീകോവിലിന്റെ മുമ്പില്‍നിന്ന്‌ അട്ടഹസിച്ചശേഷം വേഷംകെട്ടിത്തുടങ്ങുന്നു. മുഖത്തും ശരീരത്തിലും ചാന്തുതേച്ച്‌ കണ്ണില്‍ മഷിയെഴുതി തലയില്‍ വെള്ളത്തുണി കെട്ടി അരയറ്റം വരെ മുടിയുള്ള ഭഗവതിക്ക്‌ കാതിലും കഴുത്തിലും ആഭരണങ്ങളുമുണ്ടാകും. ഞൊറിവെച്ചുടുത്ത തറ്റുമുണ്ടും വെള്ളത്താടിയും കിരീടവുമണിഞ്ഞ ദാരികന്റെ മുഖത്ത്‌ അരിപ്പൊടി കൊണ്ട്‌ ചുട്ടികുത്തിയിരിക്കും. ഭഗവതിയുടെ കയ്യില്‍ വെട്ടുവാള്‍എന്ന്‌ പേരുള്ള അറ്റം വളഞ്ഞതും ദാരികന്റെ കയ്യില്‍ താര്‌ എന്ന്‌ വിളിക്കപ്പെടുന്നതുമായ ഒന്നരയടി നീളമുള്ള വെളുത്ത ഇരുമ്പ്‌ ആയുധങ്ങള്‍ ഉണ്ടാവും. ഇടയ്‌ക്ക, ചേങ്ങില, പാണി എന്നീ വാദ്യങ്ങള്‍ കോലംവെട്ടില്‍ ഉപയോഗിക്കുന്നു. വേഷപ്പകര്‍ച്ച പൂര്‍ത്തിയായാല്‍ ആദ്യം ദാരികന്‍ പ്രവേശിച്ച്‌ വാദ്യക്കാരുടെ അടുത്ത്‌ചെന്ന്‌ നൃത്തം ചെയ്യുന്നു. ചില ശബ്ദങ്ങള്‍ പുറപ്പെടുവിച്ച്‌ ദൂരെപോയി നില്‍ക്കുകയും ചെയ്യുന്നു. ദാരികന്‍ ഭഗവതിയെ വെല്ലുവിളിക്കുകയാണ്‌. ഉടനെ ഭഗവതി ഇറങ്ങിവന്ന്‌ മൂന്ന്‌ പ്രാവശ്യം ഉച്ചത്തില്‍ കൂക്കുന്നു. അതുകേട്ട്‌ ദൂരെ നില്‍ക്കുന്ന ദാരികന്‍ പരിഹാസസ്വരത്തില്‍ ഹ്വാ എന്ന്‌ പ്രതികരിക്കുന്നു. ക്രുദ്ധയായ ഭഗവതി ദാരികന്റെ നേരെ പാഞ്ഞുചെല്ലുന്നു. യുദ്ധം തുടങ്ങുകയായി.

തന്റെ ആയുധം കൊണ്ട്‌ വെട്ടി വെട്ടി മുന്നോട്ടു നീങ്ങുന്ന ഭഗവതിയെ തടുത്തുകൊണ്ട്‌ ദാരികന്‍ കാണികളുടെ ഇടയിലൂടെ പിന്നോട്ടു നീങ്ങുന്നു. ഓം,ഓം,ഓം,ഓം,ഹ്വാ എന്ന്‌ ദാരികന്‍ പറഞ്ഞുകൊണ്ടിരിക്കും. കുറച്ചുനേരത്തിനുശേഷം ഓം ഹ്വാ എന്ന്‌ മൂന്ന്‌ പ്രാവശ്യം പറഞ്ഞ്‌ ദാരികന്‍ താല്‍ക്കാലികമായ്‌ യുദ്ധത്തില്‍ നിന്ന്‌ പിന്തിരിയുന്നു. ഭഗവതി വാദ്യക്കാരുടെ അടുത്തുപോയി നൃത്തം ചെയ്യുകയും ഒടുവില്‍ ഉച്ചത്തില്‍ കൂക്കുകയും ചെയ്യുന്നു. ഹ്വാ എന്ന പരിഹസ സ്വരം കേട്ട്‌ ആദ്യത്തേതിലും ക്രോധത്തോടെ ഭഗവതി ഓടിവരുകയും യുദ്ധം വീണ്ടും തുടരുകയും ചെയ്യുന്നു. പരാജയഭീതി പൂണ്ട ദാരികന്‍ എവിടെയോ ഒളിക്കുന്നു. ഭഗവതി അകത്തുപോയി വാള്‍, ശൂലം എന്നിവ എടുത്തുവന്ന്‌ ഇപ്പോള്‍ ഹിംസിച്ചുകളയും എന്ന്‌ തോന്നുമാറ്‌ കാണികളുടെ ഇടയിലൂടെ ഓടിനടന്ന്‌ കൂക്കുകയും ദാരികനെ തിരയുകയും കണ്ടുകിട്ടാതെ വാദ്യക്കാരുടെ അടുത്ത്‌ ചെന്ന്‌ ക്രോധം പ്രകടിപ്പിക്കുകയും ചെയ്യുന്നു. പിന്നീട്‌ ഒരു സംഘത്തേയുംകൂട്ടി പടിഞ്ഞാറെക്കാവില്‍ പോയി തിരഞ്ഞുവരുന്നു. ഇനിയുള്ള ഭാഗം ക്ഷേത്രമതില്‍ക്കെട്ടിന്‌ പുറത്താണ്‌ നടക്കുന്നത്‌. ഭഗവതി നൃത്തത്തിനുശേഷം അവിടെ കൂമ്പാരാകൃതിയില്‍ തയ്യാറാക്കിവെച്ച വാഴത്തടകള്‍ വെട്ടിമുറിക്കുകയും ശിരച്ഛേദം എന്ന നിലയില്‍ ദാരികന്റെ മുടി ഉരിഞ്ഞെടുക്കുകയും ചെയ്യുന്നതോടെ കോലംവെട്ട്‌ അവസാനിക്കുന്നു. തെക്കന്‍ഗ്രാമപ്രദേശങ്ങളില്‍ പ്രചാരമുള്ള മുടിയേറ്റ്‌ എന്ന കലാരൂപത്തോട്‌ സാദൃശ്യമുള്ളതാണ്‌ കോലംവെട്ട്‌ എന്ന അനുഷ്‌ഠാനകല.
പൊയില്‍ക്കാവിലെ ക്ഷേത്ര ഊരാളന്മാരെ അഞ്ചും നാലും എന്ന്‌ ഭാഗിച്ച്‌ പറയാറുണ്ട്‌. ഇവരില്‍ രണ്ട്‌ നാല്‌ ആറ്‌ എന്നീ ഊരാളന്മാര്‍ക്ക്‌ ട്രസ്റ്റി സ്ഥാനം കിട്ടാറില്ല. ഇങ്ങനെ രണ്ട്‌ തരമായതിനെപ്പറ്റിയുള്ള ഒരു കഥകൂടി പറയാം കോലം വെട്ടിന്‌ ഭഗവതിയായി അമ്മാവനും ദാരികനായി മരുമകനും അഭിനയുക്കുന്നു എന്ന്‌ പറഞ്ഞുവല്ലോ. അമ്മാവന്‍ കുറുപ്പ്‌ കുളിച്ച്‌ വരുമ്പോള്‍ താളിച്ചണ്ടി, തലമുടി എന്നിവയില്‍ ചവിട്ടി അശുദ്ധമാവുമെത്രെ. ശരീരത്തില്‍ ഭഗവതി ആവേശിക്കാതിരിക്കാനുള്ള ഒരു മുന്‍കരുതലാണിത്‌. പക്ഷെ പണ്ട്‌ ചിലകാലങ്ങളില്‍ അപൂര്‍വ്വമായെങ്കിലും കളി കാര്യമായി ദാരികവധം നടക്കാറുണ്ടെത്രെ. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഊരാളന്മാര്‍ ചേര്‍ന്ന്‌ നഷ്ടപരിഹാരമായി ദാരികന്‍ കെട്ടിയ കുറിപ്പിന്റെ കുടുംബത്തിന്‌ തലത്തൂക്കം പൊന്നുകൊടുക്കണമെന്നായിരുന്നു നിബന്ധന. ഒരിക്കല്‍ ഇങ്ങനെ ദാരികവധം നടന്നപ്പോള്‍ കുടുംബാംഗങ്ങള്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ടു. നാലുപേര്‍ തങ്ങള്‍ക്ക്‌ ഇതിന്‌ ബാന്ധ്യതയില്ലെന്നും കൈവശം പൊന്നില്ലെന്നുമൊക്കെ ഒഴിവുകഴിവുപറഞ്ഞ്‌ ആവശ്യം നിരസിച്ചു. മറ്റുള്ളവര്‍ ആവുന്നപോലെയൊക്കെ കൊടുക്കുകയും ചെയ്‌തു. അതില്‍പ്പിന്നെ ഈ നാല്‌ ഊരാളകുടുംബക്കാര്‍ ആഭിജാത്യം കുറഞ്ഞവരായി ഗണിക്കപ്പെട്ടു എന്നാണ്‌ കഥ.
ഒരിക്കല്‍ കോലംവെട്ടിനുശേഷം കുറുപ്പന്മാര്‍ തങ്ങളണിഞ്ഞ വസ്‌ത്രങ്ങള്‍ അലങ്കാരങ്ങളോടും ഞൊറികളോടും കൂടി അഴിച്ചിടുകയും ബന്ധപ്പെട്ട വെളുത്താടന്‍ അവയൊക്കെ അലക്കാന്‍ വേണ്ടി തന്റെ വീട്ടിലേക്ക്‌ കൊണ്ടുപോവുകയും ചെയ്‌തു. അതിനുശേഷം അവര്‍ പതിവുപോലെ വിഴുപ്പ്‌ വസ്‌ത്രങ്ങള്‍ ശേഖരിക്കാനും അലക്കിയവ കൊടുക്കുവാനുമായി സമീപമുള്ള വീടുകളിലേക്ക്‌ പോയി. ഈ അവസരത്തില്‍ മക്കളായ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഈ വസ്‌ത്രങ്ങള്‍ എടുത്തണിഞ്ഞു. പെണ്‍കുട്ടി ഭഗവതിയായും ആണ്‍കുട്ടി ദാരികനായും കൊടുവാളും അരിവാളും എടുത്ത്‌ കോലംവെട്ട്‌ അഭിനയിച്ച്‌ കളിക്കാന്‍ തുടങ്ങി. കളിയുടെ അവസാനം ആവേശം കയറി ഭഗവതി ദാരികനെ വെട്ടിക്കൊന്ന്‌ കിണറ്റിലിട്ടു പെണ്‍കുട്ടിയും കൂടെച്ചാടി. അച്ഛനമ്മമാര്‍ വന്നപ്പോള്‍ കുട്ടികളുടെ മൃതശരീരങ്ങളാണ്‌ കിണറ്റില്‍ കണ്ടത്‌. അങ്ങാടിക്ക്‌ സമീപമുള്ള വെളുത്താടന്‍ വീട്‌ എന്ന പറമ്പിലാണെത്രെ ഈ സംഭവം നടന്നത്‌. പിന്നീട്‌ ആള്‍ത്താമസമില്ലാതായ ഇവിടുത്തെ കിണറ്റിലെ വെള്ളത്തിന്‌ വളരെക്കാലം രക്തനിറമായിരുന്നു എന്ന്‌ ചിലര്‍ പറയുന്നു.

No comments: