തെക്കയില്‍





ദേശവാസികളുടെ സജീവസാന്നിദ്ധ്യം കൊണ്ട്‌ പൊതുക്ഷേത്രമായി മാറിയ ഒന്നാണ്‌ എളാട്ടേരി തെക്കയില്‍ ഭഗവതി ക്ഷേത്രം. ആദ്യ നടത്തിപ്പുകാരായ തിയ്യസമുദായക്കാര്‍ തന്നെയാണ്‌ ഇപ്പോഴും ഇതിന്‍രെ ഊരാളന്മാര്‍. കൊടുങ്ങല്ലൂരിലെ ദേവീചൈതന്യമാണ്‌ ഇവിടെയുള്ളത്‌. മുമ്പ്‌ എളാട്ടേരി പ്രദേശത്തുള്ളവര്‍ പതിവായി രാത്രി സമീപത്തുള്ള പുഴയില്‍ മീന്‍ പിടിക്കാന്‍ പോകാറുണ്ടായിരുന്നു. ഒരു ദിവസം മുണ്ട്യാടത്ത്‌, ഐരാണി എന്നീ വീടുകളിടെ രണ്ട്‌ ചെറുപ്പക്കാര്‍ മൂന്‍പിടിക്കാന്‍ പോയി. അവര്‍ക്ക്‌ നേതൃത്വം നല്‍കിക്കൊണ്ട്‌ സമീപത്തെ പ്രമുഖ നായര്‍തറവാടായ കോതമോളി വടക്കേടത്തെ ജ്യേഷ്‌ഠസഹോദരനും ഉണ്ടായിരുന്നു. മീന്‍ പിടിച്ചുകൊണ്ടിരിക്കെ പുഴയിലൂടെ ഒരു പെട്ടി ഒഴുകി വരുന്നതു കണ്ടു. നായര്‍ പ്രമാണിയുടെ നിര്‍ദ്ദേശാനുസരണം അവരത്‌ പിടിച്ചെടുക്കുകയും ഉള്ളില്‍ എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ സമീപത്തുള്ള പൂതപ്പാറയില്‍ കൊണ്ടുചെന്ന്‌ കരിങ്കല്‍ക്കഷണം കൊണ്ട്‌ പെട്ടി കുത്തിപ്പൊട്ടിക്കുകയും ചെയ്‌തു. ഭയങ്കരമായശബ്ദത്തോടെ പെട്ടിപൊട്ടി പാറപിളര്‍ന്ന്‌ പോയത്രെ. പെട്ടന്ന്‌ ഐരാണിയിലെ യുവാവിന്‌ വെളിച്ചപ്പാടുണ്ടായി. ദേശവാഴിയും സ്ഥാനിയുമായ പുത്തലുത്തുന്നവലെ കണ്ട്‌ വിവരമുണര്‍ത്തിക്കാന്‍. എല്ലാവരും കൂടി പടിഞ്ഞാറോട്ട്‌ ഓടി. പെട്ടിയില്‍ ദേവീചൈതന്യമാണ്‌ എന്ന്‌ മനസ്സിലായ പുത്തലത്തുന്നവല്‍ അദ്ദേഹത്തിന്റെ കീഴിലുള്‌ല തിരുമംഗലത്ത്‌ തെക്കയില്‍ എന്ന പറമ്പില്‍ പ്രതിഷ്‌ഠിക്കാനുള്ള ഏര്‍പ്പാട്‌ ചെയ്യുകയും അങ്ങിനെ അന്നുമുതല്‍ ദേവി തെക്കയില്‍ ഭഗവതി എന്നറിയപ്പെടുകയും ചെയ്‌തു. തിരുമംഗലം ബ്രാഹ്മണരുടെ വാസസ്ഥലമായതിനാലാണ്‌ അതിന്‌ സമീപമുള്ള ഈ സ്ഥലം തന്നെ തിരഞ്ഞെടുത്തത്‌.

അക്കാലത്ത്‌ കൊടുങ്ങല്ലൂരില്‍ ഭഗവതിക്ക്‌ അമ്മസ്ഥാനവും മകള്‍സ്ഥാനവും പ്രത്യേകമുണ്ടായുരുന്നത്രെ. മകളെ പുജിച്ചിരുന്ന ക്ഷേത്രം ശാന്തികാരന്റെ ചില അനാശാസ്യ പ്രവൃത്തികള്‍ മൂലം അശുദ്ധമാകയും അയാളും കുടുംബവും ദേവിയുടെ കടുത്ത കോപത്തിന്‌ പാത്രീഭവിക്കുകയും ചെയ്‌തു. മാത്രമല്ല തുടര്‍ന്ന്‌ പ്രദേശത്താകെ ദുര്‍ന്നിമിത്തങ്ങളും ആപത്തുകളും ഉണ്ടാവാന്‍തുടങ്ങി. ഇതിന്റെ ഫലമായി ചില മഹാതാന്ത്രികന്മാര്‍ കൂടിച്ചേര്‍ന്ന്‌ ദേവീചൈതന്യത്തെ ആവാഹിച്ച്‌ ഒരു നാളികേരത്തിലാക്കി പെട്ടിയില്‍ അടച്ച്‌ പുഴയില്‍ ഒഴുക്കിക്കളഞ്ഞു. ഈ പെട്ടിയാണ്‌ എളാട്ടേരിയിലെത്തിയത്‌. പെട്ടി പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതുമൂലം വടക്കേടത്ത്‌ കാരണവര്‍ ക്ഷേത്രത്തിന്റെ കോയ്‌മയായി. അദ്ദേഹത്തിന്റെ മരണശേഷം തോട്യാടത്ത്‌ താമസിച്ചിരുന്ന അനുജനാണ്‌ കോയ്‌മസ്ഥാനം ലഭിച്ചത്‌. പൂതപ്പാറയില്‍ വെച്ച്‌ പെട്ടി പൊട്ടിച്ചശേഷം ഇറങ്ങിവരുമ്പോള്‍ ആദ്യം അവര്‍കണ്ട ദീപനാളം ചെറുകുന്ന്‌ വീട്ടിലേതായിരുന്നെത്രെ. അതിനാല്‍ചെറുകുന്ന്‌ വീട്ടുകാര്‍ക്ക്‌ മുന്‍തിരിക്കാര്‍ എന്ന പദവി ലഭിച്ചു. താലപ്പൊലിക്ക്‌ മുമ്പിലെ തിരി ഇവരാണ്‌ വഹിക്കുന്നത്‌. പെട്ടി പുഴയില്‍നിന്ന്‌ എടുത്തുകൊടുത്തത്‌ മുണ്ട്യാടത്തെ യുവാവായതിനാല്‍ ആ വീട്ടുകാര്‍ക്കാണ്‌ ദേവിയെ പൂജിക്കാന്‍ അവകാശം ലഭിച്ചത്‌. ഐരാണിക്കാരന്‍ പെട്ടിതുറക്കുകയും അയാള്‍ക്ക്‌ നിയോഗമുണ്ടാവുകയും ചെയ്‌തതിനാല്‍ ആ കുടുംബക്കാര്‍ പാരമ്പര്യകോമരക്കാരായി. വിജനവും അന്ധകാരാവൃതവുമായ സ്ഥലങ്ങളിലൂടെ അവരെല്ലാം ഓടിവരുമ്പോള്‍ ബഹളവും ആര്‍പ്പുവിളിയും കേട്ട്‌ ആദ്യം ചൂട്ടുകറ്റയുമായെത്തിയത്‌ കൊരട്ടിയിലെ ഒരു ചെറുപ്പക്കരനായിരുന്നത്രെ. അതിനാല്‍ താലപ്പൊലിക്ക്‌ പന്തക്കുറ്റിപിടിക്കാന്‍ കൊരട്ടിക്കാര്‍ നിയുക്തരായി. ഇവര്‍ പില്‍ക്കാലത്ത്‌ സന്താനങ്ങളില്ലാതെ കുറ്റിയറ്റുപോവുകയാണ്‌ ചെയ്‌തത്‌.

ഇപ്പോള്‍ തെക്കയില്‍ ക്ഷേത്രത്തില്‍ മാസത്തില്‍ ഒരു ദിവസം ബ്രാഹ്മണപൂജയും ബാക്കി ദിവസങ്ങളില്‍ ഊരാളന്മാരുടെ പൂജയും നടക്കുന്നു. ഒരു കാലത്ത്‌ ഇവിടെ ആട്‌, കോഴി എന്നിവയെ ബലി നല്‍കുന്ന മദ്ധ്യമപൂജയും ഗീതം നൃത്തം കളമെഴുത്ത്‌ പാട്ട്‌ എന്നിവയും ഉണ്ടായിരുന്നു. വളരെക്കാലം പാരമ്പര്യ കുടുംബക്കാര്‍ നടത്തിയ ചെറിയ പൂജകള്‍ക്ക്‌ ശേഷം കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഉദാരമതികളുടെ സഹായത്തോടെ ക്ഷേത്രം പുനരുദ്ധരിക്കുകയും ജനകീയ കൂട്ടായ്‌മയോടെ വിപുലമായി ഉത്സവം ആഘോഷിക്കുകയും ചെയ്യുന്നുണ്ട്‌. ചോമപ്പന്റെ കാവുകയറ്റം, താലപ്പൊലി എന്നിവയോടെ മീനം മേടം മാസങ്ങളില്‍നിശ്ചയിച്ച്‌ നടത്തുന്ന ഉത്സവം ഗുരുതിയോടെ സമാപിക്കുന്നു. താലപ്പൊലിയുടെ തലേദിവസമാണ്‌ കാവൂട്ട്‌ എന്ന അതിപ്രധാന ചടങ്ങ്‌. മുപ്പത്തി മുക്കോടി ദേവഗണങ്ങള്‍ക്കായി മുപ്പത്തിമൂന്നും അഷ്ടദിക്‌ പാലകര്‍ക്കായി എട്ടും ഭഗവതിക്കായി ഒന്നും അങ്ങിനെ നാല്‍പ്പത്തിരണ്ട്‌ സ്ഥാനങ്ങളില്‍ വിവിധ പൊടികളും പന്തവുമുപയോഗിച്ച്‌ നടത്തുന്നകാവുട്ട്‌ ഭീതിയും ഭക്തിയും ജനി്‌പ്പിക്കുന്ന ഒരു അനുഷ്ടാനമാണ്‌. കേരളത്തില്‍ കൊടുങ്ങല്ലൂരിന്‌ പുറമെ ഈ ക്ഷേത്രത്തില്‍ മാത്രമേ കാവൂട്ട്‌ നടത്താറുള്ളൂ എന്നാണ്‌ അറിവ്‌. ചാമുണ്ഡേശ്വരി, കുട്ടിച്ചാത്തന്‍, ഭൈരവന്‍, ഗുളികന്‍ എന്നീ മൂര്‍ത്തികളും ഇവിടെ പ്രതിഷ്‌ഠിക്കപ്പെട്ടിട്ടുണ്ട്‌.

താലപ്പൊലി നടക്കുന്ന ഭഗവതിക്ഷേത്രങ്ങളില്‍ ആചരിക്കുന്ന ഒരനുഷ്‌ഠാനമാണ്‌ ചോമപ്പന്റെ ഊരുതെണ്ടലും കാവുതയറ്റവും. മണ്ണാന്‍ സമുദായക്കാര്‍ക്കാണ്‌ ഇതിന്റെ അവകാശം. പുതിയാവില്‍ കുഞ്ഞിക്കുട്ടി എന്ന പ്രസിന്ധചോമപ്പന്റെ അവകാശികളാണ്‌ ഇപ്പോള്‍ ഈ നാട്ടില്‍ ഇത്‌ അനുഷ്‌ഠിക്കുന്നത്‌. ഇരുപത്തി ഒന്ന്‌ പണം അടച്ച്‌ ബന്ധപ്പെട്ട ക്ഷേത്രത്തില്‍ നിന്ന്‌ അംഗീകാരംകിട്ടിയാലേ ചോമപ്പന്‍ കെട്ടാന്‍ പാടുള്ളൂ. താലപ്പൊലി നിശ്ചയിച്ചുകഴിഞ്ഞാല്‍ ചോമപ്പന്‍ ഊരുതെണ്ടാന്‍ തുടങ്ങും. ഭഗവതിയുടെ പ്രതിപുരുഷന്‍ എന്ന നിലയില്‍ ക്ഷേത്രത്തില്‍ താലപ്പൊലി നിശ്ചയിച്ചിരിക്കുന്നു എന്ന്‌ വിളംബരപ്പെടുത്തുകയാണ്‌ ഊരുതെണ്ടലിലൂടെ ചെയ്യുന്നത്‌. സംഘത്തില്‍ ഒരു ചെണ്ടക്കാരന്‍, ഒരു ഇലത്താളക്കാരന്‍, ദക്ഷിണയായിക്കിട്ടുന്ന അരിയും മറ്റും എടുക്കാന്‍ ഒരാള്‍ എന്നിവരുണ്ടാകും. ചന്ദനം, അരിച്ചാന്ത്‌, മഞ്ഞള്‍ ഇവയൊക്കെ നെറ്റിമേലണിഞ്ഞ്‌ വെള്ളവസ്‌ത്രത്തിനുമേല്‍ വീരാളിപ്പട്ട്‌ ചുറ്റി കാലിന്മേല്‍ മണികളുള്ള കച്ച(ചിലമ്പ്‌) ഓലക്കുട, പള്ളിവാള്‍ എന്നിവയാണ്‌ ചോമപ്പന്റെ വേഷം. മുമ്പ്‌ വാള്‍ കൊണ്ട്‌ നെറ്റിമേല്‍ വെട്ടി ചോരയൊലിപ്പിച്ചുകൊണ്ടായിരുന്നു നടന്നിരുന്നത്‌. അതായിരിക്കും ചോമപ്പന്‍ എന്നു വിളിക്കാന്‍ കാരണം. ചോരയും ചുകന്ന പട്ടുമണിഞ്ഞ്‌ഒറ്റച്ചെണ്ടയും ഇലത്താളവും ചേര്‍ന്ന ശബ്ദവുമായി ചോമപ്പന്‍ സഞ്ചരിക്കുമ്പോള്‍ ഭീതിജനകമായ ഒരന്തരീക്ഷം സൃഷ്ടിക്കപ്പെടും. ചെണ്ടശബ്ദം കേള്‍ക്കുമ്പോഴേക്കും വീട്ടുകാര്‍ നൂറും മഞ്ഞളും ചേര്‍ത്ത്‌ കിണ്ണത്തില്‍ ഗുരുതിയും വിളക്കും നിറനാഴിയും തയ്യാറാക്കി വെക്കും. ചോമപ്പന്‍ മുറ്റത്തുനിന്ന്‌ ഗുരുതി തേവി ഉരുളി കമിഴ്‌ത്തി വിളക്കിനടുത്തുവന്ന്‌ കുറച്ച്‌ അരിയെടുത്ത്‌ പൊലിച്ചുകൊണ്ട്‌ പാടുന്നു
ആടിന ദേവിയെഴുന്നള്ളമ്മാ
അഗ്നിയായി ജ്വലിച്ചാളമ്മാ
സ്വര്‍ണ്ണനാള്‍ പിറന്നാളമ്മാ
വന്‍പുള്ള വലിയനായ്‌ കോഴിതന്‍ കൊങ്ങന്നൂര്‌
ആടിയിറങ്ങി വായമ്മാ
മധിരയിലെ യോഗി ചോമപ്പന്റെ
വാളും തോലും ഏന്തിവാ അമ്മാ
കണ്ണകി, കോവിലന്‍, കൊടുങ്ങല്ലൂരമ്മ, കൊങ്ങന്നൂര്‍ ഭഗവതി എന്നിവരെയൊക്കെ ഈ പാട്ടില്‍ സ്‌മരിക്കുന്നതിനാല്‍ നമ്മുടെ നാട്ടിലെ ദേവീസങ്കല്‍പത്തിന്‌ ഇവരുമായി ബന്ധമുണ്ടന്ന്‌ കരുതാം. ചോമപ്പന്‍ പൊലിച്ച്‌ പാടുമ്പോള്‍ പള്ളിവാള്‍ വിറപ്പിച്ച്‌ കൊണ്ടിരിക്കും. പൊലി കഴിഞ്ഞ്‌ ദക്ഷിണവാങ്ങി തിരിച്ചുപോകുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട ഊരാളന്മാരുടെയോ സ്ഥാനികളുടെയോ വീട്ടിലാണ്‌ ആദ്യം പോകുക. അതിനുശേഷം മറ്റ്‌ വീടുകളിലും പോകുന്നു. തെക്കയില്‍ ക്ഷേത്രത്തില്‍ കൊടിയേറ്റദിവസവും പൊയില്‍ക്കാവില്‍ മീനം ഒന്നിനുമാണ്‌ കാവുകയറ്റം. അന്നു വൈകുന്നേരം വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിലേക്ക്‌്‌്‌ വരുന്നു. പൊടിക്കളം എന്ന്‌്‌്‌ പേരുള്ള ഒരു ചെറിയ പന്തല്‍ ക്ഷേത്രത്തിനടുത്ത്‌്‌്‌ തയ്യാറാക്കിയിരിക്കും. കാവുകയറിയ ശേഷം ഉത്സവം കഴിയും വരെ ചോമപ്പന്‍ ഇവിടെയാണ്‌ കഴിയേണ്ടത്‌്‌. പൊടിക്കളത്തില്‍ സുദര്‍ശനം, ഓങ്കാരം, എന്നിങ്ങനം വിവിധ മന്ത്രചക്രങ്ങള്‍ പൊടികൊണ്ട്‌ വരച്ചുണ്ടാക്കുന്നു. കളപൂജ, കളംപാട്ട്‌്‌്‌ എന്നിവ എല്ലാദിവസവും രാത്രി ഉണ്ടാകും. ക്ഷേത്രത്തിലെ വിളക്കെഴുന്നള്ളിപ്പ്‌്‌്‌ കഴിഞ്ഞാല്‍ ചോമപ്പന്റെ തിരിയുഴിച്ചില്‍ ആരംഭിക്കുന്നു. കത്തിച്ച പന്തങ്ങളുമായുള്ള ഒരഭ്യാസപ്രകടനമാണ്‌ ഇത്‌്‌്‌. അവസാന ദിവസം ഗുരുതിയോടെയാണ്‌ ചടങ്ങുകള്‍ സമാപിക്കുന്നത്‌്‌. ഉത്തമം, മധ്യമം എന്നിങ്ങനെ രണ്ടുവിധത്തില്‍ ഗുരുതി നടക്കാറുണ്ട്‌്‌്‌. ഉത്തമപൂജയെങ്കില്‍ തേങ്ങവെട്ടും. മധ്യമത്തിലാണെങ്കില്‍ കോഴി ബലി കൊടുക്കും.

No comments: