ഉണിച്ചിരാംവീട്‌

എളാട്ടേരിയിലെ ഏറ്റവും പഴക്കമുണ്ടെന്ന്‌ കരുതുന്ന ഒരു ക്ഷേത്രമാണ്‌ ഉണിച്ചിരാംവീട്‌ നാഗക്ഷേത്രം. ഭഗവതി, ഗുളികന്‍, ഗുരു എന്നിവയും ഉണ്ട്‌. ഈ ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും പൊതുജനസഹകരണത്തോടെ ഉത്സവം നടക്കുന്നു. പണ്ട്‌ ഏറ്റവും വലിയ ജന്മികുടുംബമായിരുന്നു ഈ വീട്ടുകാര്‍. ടിപ്പുവിന്റെ കാലത്ത്‌ വംശനാശം വന്നെന്നാണ്‌ പറയപ്പെടുന്നത്‌. കുറെക്കാലം മുമ്പ്‌ മേപ്പാട്ടില്ലക്കാര്‍ കാടു വെട്ടിയപ്പോള്‍ ഇതോടനുബന്ധിച്ചുള്ള ഒരു പരദേവതാക്ഷേത്രം കണ്ടുകിട്ടുകയുണ്ടായി. അവിടെ എല്ലാവര്‍ഷവും മേടമാസത്തിലെ അത്തത്തിന്‌ മേപ്പാട്ടില്ലം വകയായി കളമെഴുത്തുപാട്ടു നടത്തുന്നുണ്ട്‌. ഇതിന്റെ ഊരാണ്മ ഉണിച്ചിരാംവീടിനുതന്നെയാണ്‌.
വസൂരി രോഗം വന്ന്‌ മരണപ്പെട്ട ഒരു കുട്ടിയുടെ ആത്മാവ്‌ വേറൊരു കുട്ടിയില്‍ ആവേശിച്ച്‌ തനിക്ക്‌ ഗുരുതിയും ഇരിപ്പിടവും വേണമെന്ന്‌ ആവശ്യപ്പെട്ടതിലൂടെ ഉണ്ടായതാണ്‌ കോയാന്റെ വളപ്പില്‍ ക്ഷേത്രം. വസൂരി ബാധിച്ച്‌ മരിച്ചവരെ ഭണ്ഡാരമൂര്‍ത്തി എന്നാണ്‌ പറയുക. ഈ മൂര്‍ത്തിക്കായി ഒരു മണ്ഡപം സ്ഥാപിക്കയും ഗുളികന്‍ കളരി ഭഗവതി എന്നിവയ്‌ക്ക്‌ പ്രതിഷ്‌ഠ ഉണ്ടാക്കുകയും ചെയ്‌തു. പിന്നീട്‌ ഇവര്‍ക്കായി വെള്ളാട്ടും തിറയും ഉണ്ടായി. പ്രശ്‌നവിധി അനുസരിച്ച്‌ ഈയിടെ ഭണ്ഡാരമൂര്‍ത്തിയെ കൊടുങ്ങല്ലൂരില്‍ ലയിപ്പിക്കുകയും അവിടുത്തെ ചൈതന്യം സങ്കല്‍പ്പിച്ച്‌ പ്രതിഷ്‌ഠ നടത്തുകയും ക്ഷേത്രങ്ങള്‍ പുതുക്കിപ്പണിയുകയും ചെയ്‌തിട്ടുണ്ട്‌. ദിവസപൂജയും മാര്‍ച്ച്‌ ഏപ്രില്‍ മാസത്തില്‍ ഉത്സവവുമുള്ള ഈ ക്ഷേത്രത്തില്‍ ഇപ്പോള്‍ ധാരാളം ഭക്തജനങ്ങള്‍ എത്തിച്ചേരുന്നുണ്ട്‌.

No comments: