നെല്ലൂളി

പൊയില്‍ക്കാവിലെ ഒരു ഊരാളകുടുംബമാണ്‌ അയ്യപ്പെരി നെല്ലൂളി. നെല്ലൂളിക്കുന്നിന്റെ വടക്കുഭാഗത്തുള്ള ഈ വീട്ടില്‍ ബ്രഹ്മരക്ഷസ്സിന്റെ ഒരു മണ്ഡകമുണ്ട്‌. ഇതിന്‌ വടക്കുവശത്താണ്‌ നശിച്ചുപോയ പ്ലാക്കാട്ട്‌ ഇല്ലംപറമ്പ്‌. നെല്ലൂളിക്കാര്‍ ഈ ഇല്ലത്ത്‌ ജോലിക്ക്‌ പോകാറുണ്ടായിരുന്നു. ഒരു ദിവസം ജോലിക്ക്‌ ചെന്ന അവിടുത്തെ രണ്ടുചെറുപ്പക്കാര്‍ ഇല്ലത്തുനിന്നും ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ണിനമ്പൂതിരി അവരുടെ അടുത്തെത്തി. നിഷ്‌കളങ്കനായ ആ കുട്ടി ബാലചാപല്യത്താല്‍ ആ ഇലയില്‍ നിന്നും അല്‌പം ചോറെടുത്ത്‌ തിന്നു. ജോലിക്കാര്‍ പരിഭ്രാന്തരായി. എന്താണ്‌ സംഭവിക്കുക. തങ്ങള്‍ കുറ്റക്കാരായിത്തീരുമോ എന്നവര്‍ ഭയന്നു. ക്രോധാകുലനായ വലി.നമ്പൂതിരി പണിക്കാരോട്‌ കുട്ടിയെ എടുത്തുകൊള്ളാന്‍ പറഞ്ഞിട്ട്‌ വാതിലടച്ചുകളഞ്ഞു. ആ കല്‌പനക്കുമുമ്പില്‍ മറ്റെല്ലാവരും നിസ്സഹായരായി. നിവൃത്തിയില്ലാതെ നെല്ലൂളിക്കാര്‍ ഉണ്ണിയെ തങ്ങളുടെ വീട്ടില്‍ കൊണ്ടുവന്ന്‌ വളര്‍ത്തി. അവന്‍ വലുതായി മരിച്ചപ്പോള്‍ (എന്തോ കാരണവശാല്‍ അവിടെനിന്ന്‌ വധിക്കപ്പെട്ടു എന്നും കേള്‍ക്കുന്നുണ്ട്‌) ബ്രഹ്മരക്ഷസ്സായിത്തീര്‍ന്നു. കുറെക്കാലം കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക്‌ സന്താനനാശം വന്നുതുടങ്ങി. ബാലമരണവും ഗര്‍ഭമലസലും തുടര്‍ച്ചയായി ഉണ്ടായി. ബ്രഹ്മരക്ഷസ്സിന്റെ ഉപദ്രവമാണെന്ന്‌ മനസ്സിലായപ്പോള്‍ ഒരു മണ്ടകമുണ്ടാക്കി കുടിവെച്ചു. എല്ലാവര്‍ഷവും പ്ലാക്കാട്ടില്ലാക്കാരുടെ പിന്‍ഗാമുകളായ വസന്തപുരം നമ്പൂതിരിമാര്‍ തന്നെ നിര്‍ബന്ധമായും പൂജ നടത്തുന്നു. പൂജ വൈകിയാല്‍ വീട്ടുകാര്‍ക്ക്‌ പല അനിഷ്ടങ്ങളും സംഭവിക്കാറുണ്ടത്രെ.

No comments: