കുറുംബാ ഭഗവതി ക്ഷേത്രം

അരങ്ങാടത്ത്‌ പുളിയന്റെ ചുവട്ടില്‍ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിന്‌ 500 വര്‍ഷത്തോളം പഴക്കമുണ്ട്‌. ക്ഷേത്രത്തിലെ ദേവപ്രതിഷ്‌ഠ അഞ്ച്‌ വര്‍ഷം മുമ്പുവരെ നടുവിലെപുരയില്‍ എന്ന തറവാട്ടിലായിരുന്നു. തെക്കുഭാഗത്തുനിന്നാണ്‌ ദേവി ഇങ്ങോട്ടുവന്നത്‌. കറുത്തരാമന്‍ എന്നയാളുടെ കൂടെയാണ്‌ ദേവി വന്നതെത്രെ. തെക്കന്‍ കേരളത്തിലായിരുന്നു കറുത്തരാമന്‍ വസിച്ചിരുന്നത്‌. ഇയാളുടെ മകനും അവിടുത്തെ രാജാവും തമ്മില്‍ കലഹമുണ്ടായി. രാജകോപത്തെപേടിച്ച്‌ അവര്‍ കോട്ട്‌ക്കുളത്തെത്തി (കാസര്‍ഗോഡ്‌). കറുത്തരാമന്‍ അരയനായദേവീ ഉപാസകനായിരുന്നു. അതിനാല്‍ കറുത്തരാമന്‍ ജലമാര്‍ഗ്ഗം കോട്ടിക്കുളത്തേക്ക്‌ ചെന്നപ്പോള്‍, ദേവി കരമാര്‍ഗ്ഗം അവിടേക്ക്‌ ചെന്നു. വരുന്നവഴി ദേവി വിശ്രമിച്ച സ്ഥലങ്ങളെല്ലാം പിന്നീട്‌ ക്ഷേത്രങ്ങളായി മാറി. അങ്ങനെ കേരളത്തില്‍ 1001 ശിവക്ഷേത്രങ്ങളും 108 ദുര്‍ഗ്ഗലയങ്ങളുമുണ്ടായി. ഇതില്‍ പ്രധാനപ്പെട്ടത്‌ കൊടുങ്ങല്ലൂരാണ്‌. (ആദ്യത്തേതും)
ഏതാണ്ട്‌ ആയിരം വര്‍ഷങ്ങള്‍ക്കുമുമ്പ്‌, വീട്ടില്‍വെച്ച്‌ ആരാധിച്ച മൂര്‍ത്തികളെ പിന്നീട്‌ ക്ഷേത്രത്തിലേക്ക്‌ ആവാഹിക്കുകയായിരുന്നു. 1919ല്‍ നടത്തിയ സ്വര്‍ണ്ണപ്രശ്‌നത്തില്‍ ആരാധനാമൂര്‍ത്തികളെ ക്ഷേത്രത്തിലേക്ക്‌ മാറ്റണമെന്ന്‌ കാണ്‍കയാല്‍ അതുപ്രകാരം 1983ല്‍ ക്ഷേത്രത്തിലേക്ക്‌ മാറ്റി പ്രതിഷ്‌ഠിച്ചു. ആദ്യം ബാലാലയത്തിലേക്കാണ്‌ മാറ്റിയത്‌. പിന്നീട്‌, സൊസൈറ്റി ആക്ട്‌ പ്രകാരം രജിസ്റ്റര്‍ ചെയ്‌ത ശേഷമാണ്‌ ക്ഷേത്രത്തിലേക്ക്‌ മാറ്റിയത്‌. 1994 മിഥുനം 30ന്‌ ക്ഷേത്രപ്രതിഷ്‌ഠ നടന്നു. രണ്ട്‌ ഭഗവതി, രണ്ട്‌ ഗുരുദേവന്മാര്‍, കിരാതമൂര്‍ത്തി (വേട്ടയ്‌ക്കൊരുമകന്‍), ചാത്തന്‍(കൊച്ചുശാസ്‌താവ്‌), ഭണ്ഡാരമൂര്‍ത്തി, നാഗം, ഗുളികന്‍ എന്നിവയാണ്‌ ഇവിടുത്തെ പ്രധാനമൂര്‍ത്തികള്‍. കുംഭം 6ന്‌ ഉത്സവം ആരംഭിക്കുന്നു(ഫെബ്രുവരി 18ന്‌) ഫെബ്രുവരി 28നാണ്‌ സമാപനം. ഗജവീരന്മാരുടെ എഴുന്നള്ളത്തും താലപ്പൊലിയും ഉത്സവത്തിന്‌ മാറ്റുകൂട്ടാനുണ്ടാവും. ക്ഷേത്രപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്‌ ക്ഷേത്ര കമ്മറ്റിയാണ്‌. നാന്തകവാളില്‍ ഭഗവതിയെ ആവാഹിച്ച്‌ കൊണ്ടുപോകും. കാരണം ദേവിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ആയുധം നാന്തകമാണ്‌. മലര്‍, ശര്‍ക്കരപ്പായസം, ത്രിമധുര തുടങ്ങിയവയാണ്‌ ദേവിയുടെ നിവേദ്യം. പാരമ്പര്യമായി തറവാട്ടുകാരാണ്‌ പൂജാവിധികള്‍ ചെയ്‌തുവരുന്നത്‌.
ഇവിടെ ഇപ്പോള്‍കോമരമില്ല. പകരം തറവാട്ടിലെ ഒരാള്‍തന്നെ സ്ഥിരമായി ഉത്സവത്തിന്‌ അത്‌ പുറത്തേക്ക്‌ എഴുന്നള്ളിക്കാറുണ്ട്‌. ഉത്സവത്തിനു മാത്രമേ നാന്തകം പുറത്തെടുക്കുകയുള്ളൂ. ഉത്സവത്തിന്‌ ഭഗവതിപ്പാട്ട, ചെണ്ട, കൊമ്പ്‌, കുഴല്‍, ദേവീനൃത്തം, എന്നിവ ഉണ്ടായിരിക്കും. പ്രത്യേക പരിശീലനം കിട്ടിയആര്‍ക്കും ഇവയില്‍ പങ്കുകൊള്ളാം. കൃഷ്‌ണപ്പാട്ട, രാമായണം, ഭാഗവതം എന്നിവയെ അടിസാഥാനമാക്കി പരസ്‌പരം ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള കളിയുമുണ്ട്‌. രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ്‌ ചോദ്യോത്തരപ്പയറ്റ്‌. പാട്ടിന്റെ രൂപത്തിലാണ്‌ ചോദ്യോത്തരമുണ്ടാവുക. ശീവേലി എഴുന്നള്ളിപ്പ്‌ ആറ്‌ ദിവസം ഉണ്ടാകും. അവസാന രണ്ട്‌ ദിവസമാണ്‌ നാന്തകം എഴുന്നള്ളിപ്പ്‌. താലപ്പൊലിയോടുകൂടിയാണ്‌ നാന്തകം എഴുന്നള്ളിപ്പ്‌. താലപ്പൊലി എടുക്കുന്നത്‌ 10വയസ്സില്‍ താഴെ പ്രായമുള്ള ബാലികമാരാണ്‌. ഒരു ദിവസത്തെ നാല്‌ യാമങ്ങളായി ഭാഗിക്കാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ട യാമങ്ങളാണ്‌ കാളീയാമവും, ബ്രാഹ്മയാമവും(സരസ്വതീയാമം). കാളീയാമം അര്‍ദ്ധരാത്രിയിലാണ്‌. അതിനാല്‍ ആ സമയത്താണ്‌ നാന്തകം എഴുന്നള്ളിക്കുക. ഇത്‌ വേലിയേറ്റത്തിന്റെ സമയമാണ്‌, ഈ സമയത്ത്‌ പ്രസവം സാധാരണയായിനടക്കില്ലെന്ന്‌ പറയുന്നു. നടന്നാല്‍ തന്നെ കാളിയുടെ പ്രധാനഭാവമായ ക്രോധഗുണം കുട്ടിയില്‍ ഉച്ചസ്ഥായിയില്‍ ഉണ്ടാകും. എന്നാല്‍ കാളീയാമത്തിനുശേഷം വരുന്ന സരസ്വതീ യാമത്തില്‍ ജനിക്കുന്നവര്‍ വിദ്യാസമ്പന്നരാകും. പണ്ട്‌ കാലങ്ങളില്‍ ഇവിടെ ബ്രാഹ്മണരായിരുന്നു താമസിച്ചത്‌. അവരും ഇവിടെ ദേവിയെ ആരാധിച്ചിരുന്നതായി പറയപ്പെടുന്നു.
കണ്ണകിയില്‍ നിന്നാണ്‌ കുറുംബാഭഗവതി ഉണ്ടായത്‌. കാളിയുടെ മറ്റൊരു ഭാവമാണ്‌ കുറുംബ. കാളിയുടെ പ്രതിഷ്‌ഠ രണ്ട്‌ രീതികളിലുണ്ട്‌. വലിയമ്മ, ചെറിയമ്മ എന്നിങ്ങനെ. ഇതില്‍ ചെറിയമ്മയ്‌ക്ക്‌ രൗദ്രം കൂടുതലാണ്‌. അതേസമയം വലിയമ്മയ്‌ക്ക്‌ സൗമ്യഭാവമാണ്‌. പടിഞ്ഞാറ്‌ മുഖമുള്ള ദേവിക്ക്‌ രൗദ്രം കുറവാണ്‌. വടക്ക്‌ മുഖമുള്ള ക്ഷേത്രത്തിലെ മൂര്‍ത്തിക്ക്‌ രൗദ്രത കൂടുതലായിരിക്കും. വടക്ക്‌ മുഖമുള്ള ദേവിക്കുമുമ്പില്‍ ശിവപ്രതിഷ്ടയുമുണ്ടാകും. ഈ ക്ഷേത്രത്തില്‍ ആഘോഷങ്ങളില്‍ താലപ്പൊലിയെടുക്കുന്നത്‌ പത്ത്‌ താഴെ പ്രായമുള്ള ബാലികമാരാണ്‌. ഉത്സവ വരവിന്‌ സ്‌ത്രീകളും താലപ്പൊലിയെടുക്കും. ഇവിടെ ദിവസവും ദേവിക്ക്‌ അരിയും പൂവും ചാര്‍ത്തും. ഈ ചാര്‍ത്തല്‍ ഒരു വഴിപാടാണ്‌. ഈ വഴിപാട്‌ ചെയ്യുന്നവര്‍ അരിയും പൂവും ചാര്‍ത്തുന്ന സമയത്ത്‌ ക്ഷേത്രത്തിന്‌ മുമ്പില്‍ വരുന്നു. തറവാട്ടിലെ കാരണവര്‍ (പ്രായമുള്ളവര്‍) അവിടെ എത്തിച്ചേരും. മറ്റുള്ളവര്‍ തങ്ങളുടെ സങ്കടങ്ങള്‍ പറയുന്നു. അത്‌ കാരണവര്‍ ദേവിക്കായി ഉറക്കെ ആവര്‍ത്തിക്കുന്നു. ഇങ്ങനെ ചെയ്‌താല്‍ ദേവി തങ്ങളുടെ ദു:ഖങ്ങള്‍ കേട്ട്‌ അവയെ അകറ്റി തരുമെന്നാണ്‌ വിശ്വാസം. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഇവിടെ കൂട്ടപ്രാര്‍ത്ഥന ഉണ്ടാവാറുണ്ട്‌.
ഉത്സവത്തിനു പുറമെ നവരാത്രി, ശിവരാത്രി, പ്രതിഷ്‌ഠാദിനം എന്നിവയും ആഘോഷിക്കാറുണ്ട്‌. ഒരു തവണ ദേവിക്കിഷ്ടപ്പെട്ട ഗുരുനാഥന്‍ സ്ഥലം മാറി ഇവിടെ വന്നു. ഭഗവതി അദ്ദേഹത്തെ തിരഞ്ഞ്‌ വന്നു. പൊയില്‍ക്കാവ്‌ അന്വേഷിക്കുകയുണ്ടായി. അതിനുശേഷം ഇവിടെ വന്ന്‌ പടിഞ്ഞാറോട്ട്‌ തിരിഞ്ഞ്‌ നിന്നു. ഈ നില്‍പ്പാണ്‌ പ്രതിഷ്‌ഠയുടെ സ്ഥാനം. ഇത്‌ മറ്റൊരു ഐതിഹ്യമാണ്‌.
തറവാട്ടിലായിരുന്നപ്പോള്‍ ശിവരാത്രി മാത്രമായിരുന്നു ആഘോഷിക്കാറുണ്ടായിരുന്നത്‌. ഇപ്പോള്‍ പ്രത്യേക ഉത്സവവും ഉണ്ട്‌. ഉത്സവത്തോടനുബന്ധിച്ചുണ്ടാക്കുന്ന ഗുരുതി ക്ഷേത്രത്തിന്‌ പുറമെ വെച്ച്‌ നടത്തുന്നു. ഗുരുതിക്ക്‌ എടുക്കുന്ന കോഴിക്ക്‌ പ്രത്യേക എണ്ണമില്ല. പ്രാര്‍ത്ഥനക്കാര്‍ കൊണ്ടുവരുന്ന എല്ലാ കോഴിയെയും ഗുരുതിക്കായി എടുക്കും.

No comments: