നടുവിലെ പുരയില്‍

അരങ്ങാടത്ത്‌ ശ്രീ നടുവിലെ പുരയില്‍ തറവാട്ടിലാണ്‌ ദേവിയുടെ പ്രതിഷ്‌ഠകള്‍ ഉള്ളത്‌. മാറ്റാനായി പ്രശ്‌നം വെച്ചപ്പോള്‍ ദേവിക്ക്‌ തറവാട്‌ മാറാന്‍ ആഗ്രഹമില്ലെന്ന്‌ കണ്ടതിനാലാണ്‌ ക്ഷേത്രം നിര്‍മ്മിക്കാത്തത്‌. ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ ഭുവനേശ്വരിയാണ്‌. ഭുവനേശ്വരിയെ കൂടാതെ കുട്ടിച്ചാത്തന്‍, ഗുരു, പൊട്ടന്‍ ദൈവം, ഗുളികന്‍, കര്‍മ്മികളുടെയും കോമരങ്ങളുടെയും ഗുരുകാരണവന്മാരുടെയും ആത്മാക്കള്‍ എന്നിവയും ഇവിടെയുണ്ട്‌.

ഭുവനേശ്വരിക്ക്‌ അവില്‍, മലര്‍, ശര്‍ക്കര, കരിമ്പ്‌, മുന്തിരി, മാതളനാരങ്ങ, പഴം, മുതലായവ നിവേദിക്കുന്നു. കുട്ടിച്ചാത്തന്‌ കോഴിയെ നല്‍കും. പൊട്ടന്‍ ദൈവത്തിന്‌ അരിയുണ്ടയും റാക്കുമാണ്‌ നിവേദ്യം. ഗുളികന്‌ അരിയുണ്ട, കോഴി, റാക്ക്‌, പച്ചക്കായ, പഴം വട്ടത്തില്‍ മുറിച്ചത്‌, അവില്‍, മലര്‍, തവിട്‌, തരിപ്പണം (തവിട്‌ ഇടിച്ചത്‌), അരിനുറുക്ക്‌ മുതലായവ നല്‍കും. ഗുളുകന്‌ തറക്ക്‌ കിഴക്കോ, പടിഞ്ഞാറോ ആണ്‌ ഗുരുതി കൊടുക്കുക. കോമരങ്ങള്‍ക്കും കര്‍മ്മികള്‍ക്കും ഗുരുകാരണവന്മാര്‍ക്കും പ്രത്യേകം നിവേദ്യങ്ങള്‍ ഇല്ല. പണ്ട്‌ ഇവര്‍ക്കെല്ലാവര്‍ക്കും നിവേദ്യത്തോടൊപ്പം ഇളനീരും നല്‍കാറുണ്ടായിരുന്നു.

കുംഭം 6നാണ്‌ ഇവിടുത്തെ ഉത്സവത്തിന്‌ തുടക്കം. അരങ്ങാടത്ത്‌ പുളിയന്റെ ചുവട്ടില്‍ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിന്റെ ഉത്സവത്തോടൊപ്പമാണ്‌ ഇവിടെയും ഉത്സവം നടക്കുന്നത്‌. ഇംഗ്ലീഷ്‌ മാസം ഫെബ്രുവരി 18മുതല്‍ 24 വരെയാണ്‌ ഉത്സവം. ഈ ദിവസങ്ങളിലെല്ലാം ഗാനവും നൃത്തവും ഉണ്ടായിരിക്കും. ദേവിയുടെ മഹിമകള്‍ പാടിക്കൊണ്ട്‌നൃത്തം ചെയ്യുന്നു. ഈതറവാട്ടില്‍ നിന്ന്‌ ആദ്യദിവസം പുളിയന്റെ ചുവട്ടില്‍ ക്ഷേത്രത്തിലേക്ക്‌ വരവുണ്ട്‌. കൂടാതെ പൊയില്‍ക്കാവ്‌ ബീച്ചില്‍ നിന്നും ഇവിടേക്ക്‌ വരവ്‌ വരും. ഈ വരവില്‍ 101 നീലാഞ്‌ജനം, ആലില, മാവില എന്നിവയുണ്ടാകും. 19 മുതല്‍ 23വരെ കലശം എഴുന്നള്ളത്തും ശീവേലിയും ഉണ്ടാകും. 24ന്‌ ഇവയ്‌ക്കൊപ്പം നാന്തകമെഴുന്നള്ളത്തും ഉണ്ടാകും. പലയിടത്തായി 5 ഗുരുതിതര്‍പ്പണവും ഉണ്ടാവും. കോഴിയെയാണ്‌ ഗുരുതി കൊടുക്കുക. ഇത്‌ 25ന്‌ വൈകീട്ടുള്ള താലപ്പൊലിക്ക്‌ ശേഷം രാത്രി 12നാണ്‌ ഉണ്ടാവുക. പിറ്റേന്ന്‌ 26ന്‌ എല്ലാവര്‍ക്കും സദ്യയുണ്ടാവും. തലേദിവസം രാത്രി ഗുരുതി കഴിച്ച കോഴിക്കറിയും ഉണ്ടാകും. എന്നാല്‍ ഇന്നിവിടെ കോമരമില്ല. ശേഷം ശുദ്ധികലശം നടക്കുന്നു. പണ്ടിവിടെ സ്‌ത്രീകളും പുരുഷന്മാര്‍ക്കൊപ്പം കോമരങ്ങളായിട്ടുണ്ടെത്രെ.

സംക്രമ ദിവസം മാത്രമാണ്‌ പുറത്തുനിന്നും നമ്പൂതിരിയെ വിളിച്ച്‌ പൂജകഴിക്കുക. മറ്റുള്ള ദിവസങ്ങളില്‍ വീട്ടിലുള്ള പുരുഷന്മാര്‍ തന്നെയാണ്‌ കര്‍മ്മങ്ങള്‍ ചെയ്യുന്നത്‌. (അതിനു ശേഷം താവഴിയായല്ല കര്‍മ്മികള്‍ വരുന്നത്‌.) അഞ്ച്‌ വര്‍ഷം മുമ്പ്‌ പ്രധാന കര്‍മ്മി മരിച്ചുപോയി. തറവാട്ടിലിപ്പോള്‍ കോമരമില്ലെങ്കിലും ഉത്സവത്തിന്‌ ആരെങ്കിലും നാന്തകം എഴുന്നള്ളിക്കാറുണ്ട്‌. ഭുവനേശ്വരിക്ക്‌ സൗമ്യഭാവമാണ്‌.

ഇവിടെയുള്ള അറയില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശനമില്ല. അറയ്‌ക്കകത്താണ്‌ പ്രതിഷ്‌ഠകള്‍ ഉള്ളത്‌. വടക്കുഭാഗത്ത്‌ ഒരു കോലാണ്‌ വെച്ചത്‌. അത്‌ കുട്ടിച്ചാത്തന്റേതാണ്‌. പടിഞ്ഞാറ്‌ ഭാഗത്ത്‌ ഗുരുകാരണവന്മാരുടെ ആത്മാക്കളെ പ്രതിഷ്‌ഠിച്ചിരിക്കുന്നു. അതിന്റെ വലതു വശത്തായി നിലത്ത്‌ ചുവപ്പ പട്ട്‌ വിരിച്ചിട്ടിട്ടുണ്ട്‌. അതിനടിയിലുള്ള പീഠത്തിലാണ്‌ ഭുവനേശ്വരിയെ ആവാഹിച്ചിരിക്കുന്നത്‌. പീഠം ഭൂമിക്കടിയിലായതിനാല്‍ ആര്‍ക്കും അത്‌ കാണാനാവില്ല.

നിത്യവും ദീപാരാധനയുണ്ടാവും. വൈകീട്ട്‌ അസ്‌തമയത്തിന്‌ ഒന്നര മണിക്കൂര്‍ മുമ്പെയാണ്‌ ഇത്‌ തുടങ്ങുക. വൈകീട്ട്‌ തറവാട്ടിന്റെ അകത്തളത്തില്‍ നടുക്കുള്ള വലിയ നിലവിളക്കില്‍ 11 തിരിയിട്ട്‌ കത്തിക്കും. സ്‌ത്രീകളേ ഈ വിളക്ക്‌ കത്തിക്കൂ. രാത്രി 7.30 കഴിഞ്ഞാല്‍ വിളക്കിലെ ഒമ്പത്‌ തിരികളും അണച്ചുകളയും. പിന്നീട്‌ രണ്ട്‌ തിരികളാണ്‌ കത്തുക. പുലര്‍ച്ചെക്ക്‌ രണ്ട്‌ തിരി കത്തിക്കും. തലേദിവസം കത്തിച്ചത്‌ രാത്രി കിടക്കുമ്പോള്‍ അണച്ചുകളയും. വെള്ളി, ചൊവ്വ ദിവസങ്ങളിലും മറ്റ്‌ വിശേഷ ദിവസങ്ങളിലും ദീപാരാധനക്കൊപ്പം കൂട്ടനാമജപവും ഉണ്ടാവാറുണ്ട്‌. രാവിലെ അഞ്ചുമുതല്‍ 8വരെയും വൈകീട്ട്‌ 5.30 മുതല്‍ 7.30 വരെയുമാണ്‌ നട തുറന്ന്‌ കാണാനാവുക.

ഉത്സവാഘോഷങ്ങള്‍ക്ക്‌ പുറമെ സംക്രമ ദിവസങ്ങളിലും തുലാം മാസത്തിലെ കറുത്ത വാവും ആഘോഷിച്ചുവരുന്നു. കറുത്തവാവിന്‌ അരിയും മത്സ്യമാംസവും ഒഴിവാക്കി നൊയമ്പെടുക്കും. നൊയമ്പുകാര്‍ക്ക്‌ പിറ്റേദിവസം സദ്യ ഉണ്ടാവും. അന്ന്‌ രാത്രി 8മണിക്ക്‌ ശഷം ഗുരുതി ഉണ്ടാവാറുണ്ട്‌. അന്ന്‌ മൂര്‍ത്തികള്‍ക്ക്‌ പ്രത്യേക നിവേദ്യമാണ്‌ ഉണ്ടാക്കുക. പാലമൃത്‌ എന്നാണ്‌ ഈ പ്രത്യേക നിവേദ്യത്തിന്റെ പേര്‌. തേങ്ങാപ്പാല്‍, ശര്‍ക്കര, മൈസൂര്‍പഴം എന്നിവ ചേര്‍ത്ത്‌ കൈകൊണ്ട്‌ ചേര്‍ത്തെടുക്കുന്നതാണിത്‌. അടുപ്പില്‍ വയ്‌ക്കാതെയാണിതുണ്ടാക്കുന്നത്‌. മൈസൂര്‍പഴം ഇതില്‍ വളരെ പ്രധാനപ്പെട്ട വിഭവമായി കണക്കാക്കുന്നു.

ഇവിടുത്തെ ഭുവനേശ്വരിക്ക്‌ സൗമ്യഭാവമാണെന്ന്‌ നേരത്തേ പറഞ്ഞല്ലോ. ഇതിന്‌ പിന്നില്‍ ഒരു ഐതീഹ്യമുണ്ട്‌. പണ്ട്‌ കാലത്ത്‌ ഇവിടുത്തെതറവാട്ടുടമ ഒരു സ്ഥലത്ത്‌ പോവുകയായിരുന്നു. പോകുന്ന വഴിക്ക്‌ ഒരു പാറയും അതിന്‌ മുകളില്‍ ഒരു സ്‌ത്രീ ഇരിക്കുന്നതായും കണ്ടു. അവര്‍തറവാട്ടുടമയോട്‌ ഒപ്പം കൂട്ടാമോയെന്ന്‌ ചോദിച്ചു. പക്ഷെ സമ്മതം ലഭിച്ചില്ല. തറവാട്ടുടമ യാത്ര തുടര്‍ന്നു. യാത്ര കഴിഞ്ഞ്‌ തിരിച്ചു വരുമ്പോഴും ഇരുട്ടിയിട്ടും ആ സ്‌ത്രീ അവിടെതന്നെ ഇരിക്കുന്നതായി കണ്ടു. സ്‌ത്രീ വീണ്ടും അഭയം ചോദിച്ചു. ഒടുവില്‍ ആര്‍ക്കും ശല്യമാവാതെ പറയുന്നതനുസരിച്ച്‌ താമസിക്കാമെന്ന വാക്ക്‌ വാങ്ങിയശേഷം അദ്ദേഹം സ്‌ത്രീയെ ഒപ്പം കൂട്ടി. സ്‌ത്രീ പിന്നീട്‌കുറച്ചുകാലം അവരെ സേവിച്ച്‌ ജീവിച്ചു. ഒടുവില്‍ യഥാര്‍ത്ഥ രൂപം കാണിച്ചു. അങ്ങനെ എന്നും തറവാട്‌ കാത്തോളാം(രക്ഷിക്കാം) എന്ന്‌ പറഞ്ഞ്‌ അവിടെ കുടിയിരുന്നു.

ക്ഷേത്രവുമായി ബന്ധപ്പെട്ട ഈ ആഘോഷങ്ങള്‍ക്കെല്ലാം പുറമെ കുംഭത്തിലെ ആയില്യത്തിന്റെ തലേന്ന്‌ ആഘോഷമുണ്ടാവാറുണ്ട്‌. അന്ന്‌ നാഗപ്പാട്ടുണ്ടാവും. കാരണം കുംഭത്തിലെ ആയില്യം നാഗത്തിന്റെ നാളാണ്‌.

-കടലോരം (തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 2007-2009 ബാച്ച്‌ ജര്‍ണലിസം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പഠന ഗ്രന്ഥം)




No comments: