ചെക്കോട്ടി മാസ്‌റ്റര്‍, വ്യക്തികള്‍

വീണ്ടും ഒരു നാടകത്തില്‍ നായക വേഷം കെട്ടിയഭിനയിക്കേണ്ട 'അവസരം' എന്റെ മുമ്പില്‍ വന്നു നായകനായി പരിശീലനം നടത്തിയ പ്രധാന നടന്‌ സര്‍ക്കാറിന്റെ കൃഷി വകുപ്പില്‍ ജോലിക്ക്‌ ചേരാനായുള്ള ഉത്തരവ്‌ വന്നിരിക്കുന്നു. 'ഉള്ളം കൈയില്‍ ചോറുറച്ച' പണി ഈശ്വര കൃപയാല്‍ മുന്നിലെത്തി നില്‍ക്കുമ്പോള്‍ അതു തട്ടിത്തെറിപ്പിച്ചു നാടകം കളിക്കാരനായി ചുറ്റിത്തിരിയാന്‍ തലക്കു വെളിവുള്ള ആരും ഉപദേശിക്കുകയില്ലല്ലൊ.

ആച്ചാരം വാങ്ങിയുറപ്പിച്ച ആദ്യ സ്റ്റേജില്‍ പങ്കെടുത്ത്‌ സംഘം പിരിച്ചുവിടാമെന്ന്‌ കരുതിയാലും കുഴപ്പമാണ്‌. നാളെത്തന്നെ പണിക്കു കയറണം എന്നാണുത്തരവ്‌. അമാന്തം കാട്ടിയാല്‍ അമ്പത്തിയഞ്ചാം വയസ്സില്‍ പണിയില്‍ നിന്ന്‌ അടുത്തൂണ്‍ പറ്റുന്ന നാ
ള്‍ വരെ അതിന്റെ പങ്കപ്പാടുകള്‍ ടിയാന്‍ അനുഭവിക്കേണ്ടി വരും. വേണ്ടപ്പെട്ടവരും കുടുംബക്കാരും ഇതു വിധം ന്യായം പറഞ്ഞു നില്‍ക്കുമ്പോള്‍ കലാസമിതിക്കാരെന്ത്‌ ചെയ്യും ?

നാടകം തട്ടില്‍ കയറ്റാമെന്ന ഉറപ്പിന്‍മേല്‍ അതാതിന്റെ ആള്‍ക്കാരെക്കൊണ്ട്‌ വേണ്ടുന്നതായ 'സന്നാഹ ' ങ്ങളൊക്കെ ഒരുക്കി ഇറങ്ങിപ്പുറപ്പെട്ടു. നല്ല പാല്‍പായസവും പരിപ്പു പ്രഥമനും രുചി പാകത്തിലൊക്കെ പരുവപ്പെടുത്തി ഈയുച്ചനേരത്ത്‌ ക്യാറ്റലില്‍
കൊണ്ടു വന്ന്‌, അങ്ങാടിയില്‍ കച്ചവടത്തിനിരിക്കുന്ന പീടികക്കാര്‍ക്ക്‌ ഓരോ ഗ്ലാസ്സ്‌ വീതം പകര്‍ന്നുകൊടുത്ത്‌, പൈസ വാങ്ങി കീശയിലിട്ട്‌ അതുകൊണ്ട്‌ ഉപജീവനം നടത്തുന്ന കൃഷ്‌ണന്‍ എന്ന 'പായസം കിട്ടന്‍ ' എഴുതിയുണ്ടാക്കിയതാണ്‌ നാടകം. നാടകം സംവിധാനം ചെയ്യുന്നതും വില്ലന്റെ വേഷം തകര്‍ത്തഭിനിയിക്കുന്നതും അദ്ദേഹം തന്നെ. നാടകത്തില്‍ സ്‌ത്രീ വേഷം കെട്ടുന്നത്‌ നാട്ടിലെ മികച്ച തയ്യല്‍കാരനും ചിത്രകാരനും ശാസ്‌ത്രീയ സംഗീതത്തില്‍ അസാരം പിടിപാടുള്ള മികച്ച ഗായകനും അതിസുന്ദരനുമായ ചെക്കോട്ടിയെന്ന യുവാവാണ്‌.

നല്ല മിനുമിനുപ്പുള്ള പീജീ സില്‍ക്കിന്റെ ജുബ്ബയും 'സ്‌ട്രേപ്പിള്‍' മുണ്ടും
ധരിച്ച്‌, തയ്യല്‍ മിഷന്നടുത്തുള്ള സ്റ്റൂളില്‍ ഇരുന്ന്‌ വളരെ ശ്രദ്ധയോടേയും ശുഷ്‌കാന്തിയോടേയും തയ്യല്‍ യന്ത്രം ചവുട്ടിക്കറക്കി ചെക്കോട്ടി ജോലി ചെയ്യുന്നത്‌ അക്കാലത്തെ ഏറ്റവും നയനാനന്തകരമായ കാഴ്‌ചയായിരുന്നു. ചെക്കോട്ടി, ഭംഗിയായി ചീകി മിനുക്കി വെക്കുന്ന ചുരുള്‍ മുടിയില്‍ വിരലോടിച്ച്‌ ചിത്ര രചന നടത്തുന്നതും കാണാന്‍ നല്ല ചേലാണ്‌. തീവണ്ടിയാപ്പീസിന്റെ പടിഞ്ഞാറെപ്പുറത്തെ മാളികയുടെ മുകളിലിരുന്ന്‌ ഹാര്‍മോണിയത്തില്‍ വിരലോടിച്ച്‌ തലയാട്ടിയാട്ടിയാസ്വദിച്ച്‌, നല്ല ശാരീരിക സൗകുമാര്യത്തോടെ മൂപ്പര്‍ പാടുന്നതും പല തവണ നോക്കി രസിച്ചിട്ടുണ്ട്‌. അന്നേരം ചുറ്റുവട്ടത്തുമായിരിക്കുന്നവര്‍ വിളിക്കുക 'ഭാഗവതരേ' യെന്നാണ്‌. ചെക്കോട്ടി ഭാഗവതര്‍.....................
-
-യു.എ. ഖാദര്‍ (മാതൃഭൂമി വരാന്തപ്പതിപ്പ്‌ -13-04-2008)

(മുഴുവനും വായിക്കാന്‍ താഴെ കൊടുത്ത ചിത്രത്തില്‍ ക്ലിക്കു ചെയ്യുക)


No comments: