ജാതി

കേരളത്തിന്റെ സാമൂഹിക പുരോഗതിയെ പിന്നോട്ടടിപ്പിക്കുകയും മനുഷ്യവിരുദ്ധമാവുകയും ചെയ്‌ത ഒന്നായിരുന്നു ജാതി സമ്പ്രദായം. സാമൂഹിക പ്രസ്ഥാനങ്ങളുടെ ബോധപൂര്‍വ്വമായ ഇടപെടലുകളിലൂടെ കടുത്ത ജാതി സമ്പ്രദായം കൂറേയൊക്കെ ഇല്ലാതായി എന്ന്‌ അനുമാനിക്കാം. പ്രദേശിക ചരിത്ര പഠനത്തിന്റെ ഭാഗമായി അതാതു പ്രദേശങ്ങളിലെ ജാതി രീതികളെക്കുറിച്ചുള്ള ധാരണയും സ്വായത്തമാക്കേണ്ടതുണ്ട്‌.

കേരളത്തില്‍ കാണപ്പെടുന്ന മിക്ക ജാതികളും ഉപജാതികളും ചെങ്ങോട്ടുകാവിലും ഉണ്ടായിരുന്നു. ഇവിടെയുള്ള ചില വീട്ടുപേരുകള്‍ പോലും ജാതിയുടെതുമായി ബന്ധപ്പെട്ടതാണ്‌. നമ്പൂതിരികളില്‍ ആയുധധാരികളായ നമ്പിമാരുടെ നമ്പിയാംകണ്ടം, കണിയാന്‍മാര്‍ താമസിച്ചിരുന്ന വീടുകളായ കണിയാങ്കണ്ടി, പണിക്കര്‍കണ്ടി, ആശാരികളുടെ ആശാരിക്കണ്ടി, തച്ചനാടത്ത്‌, തട്ടാന്‍മാരൂടെ തട്ടാന്‍കണ്ടി, പാണസമുദായത്തിന്റെ പാണക്കാട്‌, പാണര്‍കണ്ടി, പാണാറത്ത്‌, അലക്കുകാരുടെ വെളുത്തേടത്ത്‌, വെളുത്താടന്‍വീട്ടില്‍, മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്‌തിരുന്നവരുടെ മാര്യാന്‍കണ്ടി, ഓട്ടുപാത്ര നിര്‍മ്മാതാക്കളുടെ മൂശാരിക്കണ്ടി, തെയ്യം കെട്ടുകാരുടെ മണ്ണാറക്കണ്ടി, മണ്ണാലത്ത്‌, ഇരുമ്പു പണിക്കാരുടെ കൊല്ലര്‍കണ്ടി എന്നിവ ഇതില്‍ ചിലതു മാത്രം.

കേരളത്തില്‍ ബാലുശ്ശേരിയിലും കൊയിലാണ്ടി ഭാഗങ്ങളിലും മാത്രമുള്ള ഒരു നായര്‍ ഉപജാതി വിഭാഗമാണ്‌ "കിടാവു"മാര്‍. ചെങ്ങോട്ടുകാവിലാണ്‌ അതിന്റെ ചരിത്രം കിടക്കുന്നത്‌. കിടാവുമാരെക്കുറിച്ച്‌ അല്‍പം :

"നമ്മുടെ നാട്ടിലെ നായന്മാരിലെ സ്ഥാനികുടുംബാംഗങ്ങളാണ്‌ കിടാവുമാര്‍. അവര്‍ക്ക്‌ ആ പേര്‍ വന്നതിനെപ്പറ്റി ഒരു കഥയുണ്ട്‌. സമുദായങ്ങളുടെ പട്ടികയില്‍ കിടാവിന്‌ ചെറുബാല്ല്യക്കാരന്‍, രാജാവിന്റെ കുട്ടി എന്നൊക്കെയാണ്‌ ലോഗന്‍ അര്‍ത്ഥം നല്‍കിയിരിക്കുന്നത്‌. ഇവര്‍ ആദ്യം നായന്മാര്‍ തന്നെയായിരുന്നു. പനം പുത്തലം സ്ഥാനികള്‍ സാമൂതിരിയുടെ സാമന്തരായിരുന്നെന്ന്‌ മുമ്പെ പറഞ്ഞിട്ടുണ്ടല്ലോ. ഒരിക്കല്‍ ഒരു സാമൂതിരിരാജായ്‌ക്ക്‌ പുനത്തുന്നവലോട്‌ എന്തോ നീരസം തോന്നി. അദ്ദേഹത്തെ തടവിലിട്ടു. ഈ അന്യായത്തെ ചോദ്യം ചെയ്യാന്‍ പുളിയേരി തറവാട്ടംഗമായ മരുമകനും പുത്തലം കുടുംബാംഗമായ മകനും ചാടിപ്പുറപ്പെട്ടു. കുട്ടികളായിരുന്നങ്കിലും നല്ല അഭ്യാസികളായിരുന്നു. ബാലചാപല്ല്യമെന്ന്‌‌ പറയാം ഉറുമിയും ചുഴറ്റി വഴിനീളെ അഭ്യാസങ്ങള്‍ കാട്ടിയാണ്‌ അവര്‍ കോഴിക്കോട്ടെത്തയത്‌. നേരെ കോട്ടാരത്തില്‍ പ്രവേശിച്ച അവരെ കാവല്‍ക്കാര്‍ തടഞ്ഞു. കുട്ടികള്‍ കൊട്ടാരത്തിലെ തൂണുകള്‍ പിടിച്ച്‌‌ കുലുക്കി സര്‍വ്വരിലും പരഭ്രാന്തി സൃഷ്ടിച്ചു. വിവരമറിഞ്ഞ സാമൂതിരി കുട്ടികള്‍ക്ക്‌ ദര്‍ശനാനുമതി നല്‍കി. അങ്ങിനെ വലിയ പ്രമാണികള്‍ക്കുപോലും പ്രയാസമായ രാജദര്‍ശനം കുട്ടികള്‍ക്ക്‌‌ അനായാസം ലഭിച്ചു. സാമൂതിരി കാര്യമന്യേഷിച്ചപ്പോള്‍ തങ്ങളുടെ അമ്മാമനും അച്ഛനുമായ പുനത്തുന്നവലെ തടവിലാക്കിയ അന്യായത്തെ കുട്ടികള്‍ ധീരരായി ചോദ്യം ചെയ്‌തു. അവരുടെ പ്രസരിപ്പും കൂസലില്ലായ്‌മയും കണ്ട്‌ സാമൂതിരിക്ക്‌‌ ആകപ്പാടെ സ്‌‌‌നേഹവും മതിപ്പുമാണ്‌ തോന്നിയത്‌‌. 'കിടാങ്ങള്‍ ഇരിക്കൂ' എന്ന്‌ സാമൂതിരി കല്‌പിച്ചെത്രെ. പിന്നീട്‌ കാര്യമൊക്കെ വിശദമായി ചോദിച്ചറിഞ്ഞു. സാമൂതിരി അവര്‍ക്ക്‌‌ ഉചിതമായ സമ്മാനങ്ങള്‍ നല്‍കുകയും തന്റെ സാമന്തനെ നിരുപാധികം മോചിപ്പിക്കുകയും ചെയ്‌തു. തിരിച്ചെത്തിയ കുട്ടികള്‍ കിടാവ്‌ എന്നത്‌ ബഹുമതിയായി സ്വീകരിക്കുകയും അവരുടെ അനന്തര തലമുറക്കാര്‍ ഈ പേരില്‍ അറിയപ്പെടുകയും ചെയ്‌തു. അചിരേണ വിവാഹബന്ധങ്ങളിലൂടെയും മറ്റും കിടാവുമാര്‍ കുറുമ്പ്രനാടിന്റെ വിവിധഭാഗങ്ങളില്‍ വ്യാപിക്കുകയും ചെയ്‌തു. "

No comments: