പഞ്ചായത്ത്‌ ഭരണം

രാജ്യഭരണത്തിന്റെ ഏറ്റവും കീഴ്‌ഘടകമായി ഇന്നുള്ള പഞ്ചായത്ത്‌ മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നീ പ്രാദേശിക ഭരണകൂടങ്ങള്‍ നിലവില്‍ വരുന്നതിന്‌ മുമ്പ്‌ ഗ്രാമഭരണം നടത്തിയിരുന്ന തറ എന്ന ജനാധിപത്യ കൂട്ടുഭരണ വ്യവസ്ഥാസംവിധാനം എങ്ങിനെ തകര്‍ന്നുപോയെന്ന്‌ നാം കഴിഞ്ഞ അദ്ധ്യായത്തില്‍ കണ്ടുവല്ലോ. ബ്രിട്ടീഷ്‌ ഭരണത്തോടെ ഇല്ലാതായിപ്പോയ ജനകീയ ഭരണരീതിയില്‍ ജനാധിപത്യത്തിന്റെ ഒരു പുതിയ മുഖം നാം ദര്‍ശിക്കുന്നത്‌ ഭരണഘടനയുടെ 73,74 ഭേദഗതികളോടെ രൂപംകൊണ്ട ഗ്രാമപഞ്ചായത്തിലാണ്‌. വില്ലേജിനെപ്പോലെ എടക്കുളം, മേലൂര്‍ പ്രദേശങ്ങള്‍ ചേര്‍ന്നുതന്നെയാണ്‌ പന്തലായനി വികസനബ്ലോക്കിന്റെ കീഴിലുള്ള ചെങ്ങോട്ടുകാവ്‌പഞ്ചായത്തും രൂപീകരിക്കപ്പെട്ടത്‌.

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം 1962 ജനവരി ഒന്നിന്‌ പഞ്ചായത്ത്‌ നിലവില്‍ വന്ന്‌ പ്രവര്‍ത്തനങ്ങല്‍ ആരംഭിച്ചുവെങ്കിലും ജനാധിപത്യരീതിയില്‍ ഒരു തിരഞ്ഞെടുപ്പ്‌ നടത്തി ഭരണസമിതി ചെങ്ങോട്ടുകാവില്‍ അധികാരമേല്‍ക്കുന്നത്‌ 1963 ഡിസംബര്‍ 23ന്‌ മാത്രമാണ്‌. അതുവരെ ഒരു സ്‌പെഷല്‍ ഓഫീസര്‍ പഞ്ചായത്ത്‌ ഭരിച്ചു. രാഷ്ട്രീയകക്ഷികള്‍ വെവ്വേറ മത്സരിച്ച ആ തിരഞ്ഞെടുപ്പില്‍ ഏഴ്‌ വാര്‍ഡുകളില്‍നിന്നായി എട്ടു അംഗങ്ങളുള്ള കോണ്‍ഗ്രസ്സിന്‌ഭൂരിപക്ഷമുള്ള ഒരു ഭരണസമിതിയുണ്ടായി. ഒന്നാം വാര്‍ഡായ മേലൂര്‍ പട്ടികജാതിക്കാര്‍ക്കുള്ള സംവരണത്തോടെ ഒരു ദ്വയാംഗവാര്‍ഡായിരുന്നു. ആദ്യ പ്രസിഡണ്ടായി വള്ളിക്കാട്ടില്‍ അപ്പുനായരും വൈസ്‌ പ്രസിഡണ്ടായി പി. കെ. ബീരാന്‍കുട്ടിയും അധികാരമേറ്റു. മേപ്പാട്ടു ശങ്കരന്‍ നമ്പൂതിരി, തൊണ്ടിയില്‍ ഗോപാലന്‍, വടക്കെകുനിയില്‍ ചങ്ങരന്‍, കിഴക്കയില്‍ കുഞ്ഞിരാമന്‍, വള്ളിക്കാട്ടില്‍ അച്യുതന്‍ നായര്‍, വളേരി കുഞ്ഞികൃഷണന്‍നായര്‍ എന്നിവരായിരുന്നു വിവധവാര്‍ഡുകളെ പ്രതിനിധീകരിച്ച മറ്റംഗങ്ങള്‍. അടുത്തമാസം മേലേങ്കണ്ടി മാണിക്യം ടീച്ചര്‍ വനിതാ അംഗമായി നോമിനേറ്റ്‌ ചെയ്യപ്പെട്ടതോടെ ഒമ്പതംഗപഞ്ചായത്ത്‌ ഭരണമാരംഭിച്ചു.

കേരളത്തിലെ പഞ്ചായത്തിന്റെ ആദ്യ നാളുകളായതിനാല്‍ ചെങ്ങോട്ട്‌കാവിലും ഭരണസമിതിക്ക്‌ വികസനപ്രവര്‍ത്തനങ്ങളില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. എങ്കിലും ജീവിതപരിചയവും പക്വതയും നിസ്വാര്‍ത്ഥതയും കൈമുതലായ വ്യക്തികളാല്‍ നിറഞ്ഞ സമിതി കഴിയുന്നതുപോലെ പ്രവര്‍ത്തിച്ചു. എല്ലാവരുടെയും ബഹുമാനപാത്രമായിരുന്നു പ്രസിഡണ്ട്‌ അപ്പുനായര്‍. പഞ്ചായത്തിന്റെ സാമ്പത്തികസ്ഥിതിയായിരുന്നു പരമദയനീയം. ചുരുങ്ങിയ കെട്ടിട നികുതിയും അതിലും കുറഞ്ഞ തൊഴില്‍ നികുതിയും ലൈസന്‍സ്‌ ഫീസുമായി ഉദ്യോഗസ്ഥരുടെ ശബളം കൊടുക്കാന്‍ പോലുമാകാതെ പഞ്ചായത്തിന്‌ വിഷമിക്കേണ്ടിവന്നിട്ടുണ്ട്‌. മൂന്നുരൂപയായിരുന്നു അംഗങ്ങളുടെ മീറ്റിംഗ്‌ബത്ത. എത്ര ചുരുങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മേലാവിലെ അംഗീകാരമുണ്ടങ്കിലേ ഫണ്ട്‌ അനുവദിക്കൂ. ഒരു ചെറിയ റോഡുനിര്‍മ്മാണത്തിനുപോലും തിരുവനന്തപുരത്തുപോയി പഞ്ചായത്ത്‌ ഡയരക്ടരുടെ അംഗീകാരം വാങ്ങേണ്ടതുണ്ടായിരുന്നു. വെള്ളപ്പൊക്ക ദുരിതനിവാരണപദ്ധതി പ്രകാരം ഒരിക്കല്‍ സര്‍ക്കാരില്‍ നിന്ന്‌ ലഭിച്ച ഭക്ഷണസാധനങ്ങള്‍ അര്‍ഹരായവര്‍ക്ക്‌ വിതരണം ചെയ്യാന്‍ തന്റെ മോതിരം വില്‍ക്കേണ്ടിവന്നത്‌ അന്നത്തെ മെമ്പറായിരുന്ന ശങ്കരന്‍നമ്പൂതിരി ഇന്നും ഓര്‍ക്കുന്നു.

ജനാധിപത്യരീതിയില്‍ ഒരു ഭരണകൂടത്തിന്റെ കാലാവധി അഞ്ചുകൊല്ലം എന്ന വ്യവസ്ഥ കേരളത്തിന്റെ പഞ്ചായത്തിന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടില്ല. തുടര്‍ച്ചയായി പതിനഞ്ച്‌ കൊല്ലത്തോളം തിരഞ്ഞെടുപ്പില്ലാതെ കഴിഞ്ഞു. ഓരോ പ്രാവശ്യവും ഓരോ കാരണത്താല്‍ അന്നത്തെ പഞ്ചായത്ത്‌ മന്ത്രി ഓര്‍ഡിനന്‍സിലൂടെ പഞ്ചായത്തിന്റെ കാലാവധി നീട്ടിക്കൊണ്ട്‌ പോയി. ഈ പതിനഞ്ച്‌ കൊല്ലത്തിനിടയില്‍ ചെങ്ങോട്ടുകാവില്‍ പല സംഭവവികാസങ്ങളുമുണ്ടായി.

പ്രസിഡണ്ട്‌ അപ്പുനായരും മെമ്പര്‍ശങ്കരന്‍ നമ്പൂതിരിയും ജോലിചെയ്‌തിരുന്ന സിന്‍ഡിക്കേറ്റ്‌ബേങ്ക്‌ ദേശസാല്‍ക്കരിക്കപ്പെട്ടതിനാല്‍ അവര്‍ക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായി തുടരാന്‍ സാദ്ധ്യമാവാതെ വരികയും അതുകൊണ്ട്‌ അവര്‍ രാജിവെക്കുകയും ചെയ്‌തു. ഉപതിരഞ്ഞെടുപ്പ്‌ ഇല്ലാത്തതിനാല്‍ അംഗസംഖ്യയില്‍ കുറവുവന്നു. മാണിക്യം ടീച്ചര്‍ താമസസ്ഥലം മാറിയതിനാല്‍ ഗ.ജ ജാനു വനിതാ പ്രതിനിധിയായി നോമിനേറ്റ്‌ ചെയ്യപ്പെട്ടു. ഈ അവസ്ഥയിലാണ്‌ 1970 ജൂലായ്‌ 25ന്‌ ഭരണസമിതി യോഗം ചേര്‍ന്ന്‌ കിഴക്കയില്‍ കുഞ്ഞിരാമനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്‌. രാഷ്ട്രീയമായ ചിലകാരണങ്ങളില്‍ പിന്നീട്‌ ഗ.ജ. ജാനു വൈസ്‌ പ്രസിഡണ്ടാവുകയും ചെയ്‌തു. രണ്ടുവര്‍ഷത്തിനുശേഷം കുഞ്ഞിരാമന്‍ രോഗബാധിതനായി കിടപ്പിലാകയാല്‍ വൈസ്‌ പ്രസിഡണ്ടായ ജാനു ആക്ടിംഗ്‌ പ്രസിഡണ്ട്‌ എന്ന നിലയില്‍ പ്രസിഡണ്ടിന്റെ ചുമതലകള്‍ നിര്‍വ്വഹിച്ചുപോന്നു. കുഞ്ഞിരാമന്റെ മരണശേഷം പഞ്ചായത്ത്‌ പ്രവര്‍ത്തനം ആകെ താറുമാറായി. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടൊ, എല്ലാ വാര്‍ഡുകളെയും പ്രതിനിധീകരിച്ച മെമ്പര്‍മാരോ ഇല്ലാതെ ഭരണസ്‌തംഭനമാണ്‌ പിന്നീടുണ്ടായത്‌. സംസ്ഥാനതലത്തിലും ദേശീയതലത്തിലുമുള്ള ചില രാഷ്ട്രീയ മാറ്റങ്ങളുടെ ഫലമായി വീരാന്‍കുട്ടിയും അച്യുതന്‍നായരും പ്രതിപക്ഷത്തായി യോഗങ്ങളില്‍ പങ്കെടുക്കാതെ മാറി നിന്നു. ആദ്യമുണ്ടായിരുന്ന മെമ്പര്‍മാരുടെ പകുതിയിലധികം മെമ്പര്‍മാരുണ്ടെങ്കിലേ കോറം തികയൂ എന്നതായിരുന്നു നിയമം. ഈ സാഹചര്യം ഒഴിവാക്കാനായി 1973ല്‍ അച്യുതന്‍നായര്‍ ആക്ടിംഗ്‌ പ്രസിഡണ്ടായി നിയമിക്കപ്പെട്ടു. ഇതുകൊണ്ടും ഫലമുണ്ടായില്ല. പിന്നീടുള്ള യോഗങ്ങളില്‍ ആദ്യത്തെഭരണകക്ഷി അംഗങ്ങള്‍ പങ്കെടുക്കാതെയായി. ബി.ഡി.ഒ തന്നെ നേരിട്ട്‌ മൂന്നൂപ്രാവശ്യം യോഗം വിളിച്ചെങ്കലും ആദ്യ അംഗങ്ങളുടെ പകുതികോറം തികക്കാന്‍ അദ്ദേഹവും പരാജയപ്പെട്ടു. പ്രശസ്‌തരും പ്രബുദ്ധരുമായ രാഷ്ട്രീയസാമൂഹ്യ നേതാക്കളും സാംസ്‌കാരികനായകന്‍മാരും ഉള്ള ചെങ്ങോട്ടുകാവിന്‌ ഇടക്കാലത്തുണ്ടായ ഈ ഭരണസ്‌തംഭനം ഒരു കളങ്കം തന്നെയായിരുന്നു. ഈ അവസരത്തില്‍ ജനപ്രതിനിധി എന്ന നിലയില്‍ എം.എല്‍.എ. നാരായണന്‍നായര്‍ ഇടപെടുകയും അദ്ദേഹത്തിന്റെ ശ്രമഫലമായി ഗവണ്‍മെന്റ്‌ പഴയസമിതി പിരിച്ചുവിട്ട്‌ ഒരു നോമിനേറ്റഡ്‌ സമിതി രൂപീകരിക്കുകയും ചെയ്‌തു. 1973ലെ ഈസമിതിയില്‍ പഴയഅംഗങ്ങളും പുതിയഅംഗങ്ങളും ഉള്‍പ്പെട്ട എട്ടംഗങ്ങള്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്‌.


കടപ്പാട്‌ :
എ.പി.സുകുമാരന്‍ കിടാവ്‌

No comments: