Showing posts with label നാടകം. Show all posts
Showing posts with label നാടകം. Show all posts

എ.പി.സുകുമാരന്‍ കിടാവ്‌

ചെങ്ങോട്ടുകാവിന്റെ ചരിത്രാഖ്യാനമായ "ചരിത്രമുറങ്ങുന്ന ചെങ്ങോട്ടുകാവ്‌" രചിച്ച ശ്രി. എ.പി സുകുമാരന്‍കിടാവ്‌ മുപ്പതു കൊല്ലത്തെ അദ്ധ്യാപന സേവനത്തിനുശേഷം കോതമംഗലം ഗവണ്‍മെന്റ്‌ എല്‍.പി.സ്‌കൂള്‍ ഹെഡ്‌മാസ്റ്ററായി 1996ല്‍ വിരമിച്ചു. 1993ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ്‌ നേടിയിരുന്നു. വളരെ പ്രസിദ്ധമായ ഒട്ടനവധി നാടകങ്ങള്‍ രചിക്കുകയും അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ ബ്ലോഗില്‍ നല്‍കിയിരിക്കുന്ന പല വിവരണങ്ങള്‍ക്കും ഇദ്ദേഹത്തോട്‌ കടപ്പാടുണ്ട്‌.
വിലാസം: അശ്വതി, എടക്കുളം, കൊയിലാണ്ടി.

ചേമഞ്ചേരി നാരായണന്‍ നായര്‍


ചേമഞ്ചേരി നാരായണന്‍ നായര്‍

മൊകേരി രാവുണ്ണി നായരുടേയും ലക്ഷ്മി അമ്മയുടേയും മകാനായി 1935 ല്‍ മുചുകുന്നില്‍ ജനനം, ആറാം വയസ്സില്‍ ചെങ്ങോട്ടുകാവിലേക്ക് മാറി താമസം. എടക്കുളം വിദ്യാതരംഗിണി സ്‌കൂളില്‍ പഠനം. ഏഴാം ക്ലാസ്സില്‍ പഠനം നിര്‍ത്തി. സംഗീത അദ്ധ്യാപകനായിരുന്ന ഒതയോത്ത് കുട്ടിരാമന്‍ ആശാന്റെ കീഴില്‍ കലാപഠനം തുടങ്ങി.

1946ല്‍ 14-ാം വയസ്സില്‍ സത്യവാന്‍ സാവിത്രി എന്ന നാടക്കില്‍ സാവിത്രിയായി സ്ത്രീ വേഷം കെട്ടി.

സിനിമാ നടന്‍ ബാലന്‍ കെ. നായരുടെ നേതൃത്വത്തിലുള്ള കോഴിക്കോട് ബ്രദേഴ്‌സ് ഡ്രാമാറ്റിക് അസോസിയേഷന്റെ 'കുറ്റവാളിയാര് ' എന്ന നാടകത്തില്‍ വീണ്ടു സ്ത്രീ വേഷം കെട്ടി. 'രുഗ്മാംഗചരിതം' തുടങ്ങി ഒട്ടേറെ നാടകങ്ങളില്‍ പിന്നീട് അഭിനയിച്ചു.

1971ല്‍ പ്രൊഫഷണല്‍ നാടകരംഗത്തേക്ക് ചുവടു വെച്ചു. സംഗമം തിയ്യേറ്റേഴ്‌സിന്റെ ബാനറില്‍ 'സൃഷ്ടി' എന്ന നാടകത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്‌കരന്‍, കൂഞ്ഞാണ്ടി, വാസു പ്രദീപ്, നിലമ്പൂര്‍ ബാലന്‍, തിക്കോടിയന്‍, ബാലന്‍ കെ. നായര്‍, ഇരിങ്ങല്‍ നാരായണി, പി.എം. താജ്,  നിലമ്പൂര്‍ ആയിഷ തുടങ്ങി, അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായി ഒട്ടേറെ പേര്‍ ഇദ്ദേഹത്തിന്റെ നാടക സുഹൃത്തുക്കളായിരുന്നു.

ആകാശവാണിയിലെ എ. ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു. പ്രധാനപ്പെട്ട ഒട്ടേറെ റേഡിയോ നാടകങ്ങള്‍ക്ക് ശബ്ദം പകര്‍ന്നു.


1997  ല്‍ 'ഒരു പിടി വറ്റ് ' എന്ന നാടകത്തിലൂടെ, കേരള സംഗീത നാടക അക്കാദമിയുടെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു. 1998 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ സി.ജി. പരമേശ്വന്‍ പിള്ള സ്മാരക അവാര്‍ഡ്, 2000 ല്‍  കോഴിക്കോട് മലബാര്‍ മഹോല്‍സവ വേദിയില്‍ കീര്‍ത്തിപത്രം നല്‍കി ആദരിച്ചു. 2001ല്‍  'കിം കരണീയം' എന്ന നാടകത്തിലൂടെ നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 2003ല്‍ കായലാട്ടു രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം, 2004ല്‍ ഗുരു പൂജ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു.


1979ല്‍ 'കടലമ്മ' എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച്, 'ആമിന ടെയ്‌ലേഴ്‌സ്', 'അമ്മക്കിളിക്കൂട്', 'ബാലേട്ടന്‍', 'മിഴി രണ്ടിലും',  'തൂവല്‍ കൊട്ടാരം', 'വേഷം', 'യാഗാശ്വം', 'ശംഖുപുഷ്പം', 'നടന്‍' തുടങ്ങിയ സിനിമകളില്‍ പ്രധാന റോളികളില്‍ അഭിനിയിച്ചു. ഒട്ടേറെ ടി.വി. സീരിയലുകളിലും അഭിനിച്ചു.

ഭാര്യ ദേവി, മക്കള്‍ ലത, പരേതന്യാ ജയപ്രകാശ്, കവി വി.ടി.  ജയദേവന്‍, സജീവന്‍.


25-08-2014 ന് മരണം