വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

സ്വാതന്ത്ര്യാനന്തരകാലഘട്ടത്തില്‍ പ്രത്യേകിച്ച്‌ കേരളപ്പിറവിക്കുശേഷം മറ്റു പ്രദേശത്തെപ്പോലെ ചെങ്ങോട്ടുകാവിലെ വിദ്യാഭ്യാസരംഗത്തും സമൂലമായ പരിവര്‍ത്തനങ്ങള്‍ സംഭവിക്കുകയുണ്ടായി. എല്‍. പി സ്‌കൂളുകള്‍ അപ്‌ഗ്രേഡ്‌ ചെയ്യപ്പെട്ടതും ഹൈസ്‌കൂള്‍ സ്ഥാപിക്കപ്പെട്ടതും മൂലം വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചു. വൈറ്റ്‌ കോളര്‍ ജോലിയോടുള്ള അഭിനിവേശവും ഇതിനൊരു കാരണമായി. പട്ടികജാതി, മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക്‌ സാമ്പത്തിക ആനുകൂല്യങ്ങള്‍ അനുവദിക്കപ്പെട്ടതോടെ ഈ വിഭാഗക്കാരായ കുട്ടികളും സ്‌കൂളിലേക്ക്‌ കൂടുതലായി ആകര്‍ഷിക്കപ്പെട്ടു. അമേരിക്കന്‍ ഉപ്പുമാവും 1978മുതലുള്ള ഉച്ചക്കഞ്ഞിയും വിദ്യാഭ്യാസത്തിന്‌ വലിയ പ്രോത്സാഹനമാണ്‌ നല്‌കിയത്‌. തങ്ങളുടെകുട്ടികള്‍ക്ക്‌ മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന രക്ഷിതാക്കളുടെ ആഗ്രഹവും കൂടിയായപ്പോള്‍ വിദ്യാഭ്യാസരംഗം ഉണര്‍ന്നു എന്നു തന്നെ പറയാം.

സൗകര്യങ്ങള്‍ വളരെ പരിമിതമായിരുന്ന മുമ്പുകാലത്തും ഇന്നാട്ടിലെ പ്രബുദ്ധരായ വളരെയേറെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടി വിവിധ മേഖലകളില്‍ ഉദ്യോഗം കരസ്ഥമാക്കിയിരുന്നു. അവരുടെ സാമ്പത്തിക ഭദ്രതയും ഇതിനുകാരണമായിട്ടുണ്ടാവാം. കോഴിക്കോട്‌ ബി.ഇ.എം സ്‌കൂളിലെ ഒരു ഫീസ്‌ റെസീറ്റില്‍ നിന്ന്‌ 1912ല്‍ ചെങ്ങോട്ടുകാവിലെ എം. പി ചന്തുനായര്‍ ഒന്നാം ടേമില്‍ രണ്ടുരൂപ നാലണ ട്യൂഷന്‍ഫീസും രണ്ടണ സ്റ്റേഷനറി ഫീസും അടച്ച്‌ പഠനം നടത്തിയതായി കാണുന്നു. 1930കളില്‍ കുറുമ്പ്രനാട്‌, വയനാട്‌ പ്രദേശങ്ങള്‍ക്ക്‌ ഒറ്റ വിദ്യാഭ്യാസഓഫീസറായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍സീനിയര്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടറായിരുന്ന പാളപ്പുറത്ത്‌ നാരായണന്‍ നായര്‍, 1930കളില്‍ ഹെഡ്‌സര്‍വ്വേയറായിരുന്ന കവലാട്ടില്‍ രാമന്‍കിടാവ്‌, സബ്ബ്‌ജഡ്‌ജി കീഴന ഇമ്പിച്ചുണ്ണിനായര്‍, എം.എസ്‌.പി. ഇന്‍സ്‌പെക്ടര്‍ കൊളാറക്കണ്ടി നാരായണന്‍ നായര്‍, എന്നിവരൊക്കെ ഈ പട്ടികയില്‍പ്പെടുന്നു.

റജിസ്‌ത്രാര്‍ തുവ്വയില്‍ അപ്പുനായര്‍ നാട്ടിലെ ആദ്യ ബി.എ ക്കാരനാണ്‌. അടുത്തകാലം വരെ മുസ്ലീംസമുദായത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരാരുമുണ്ടായിരുന്നില്ല. മുസ്ലീം പെണ്‍കുട്ടികള്‍ ഈയടുത്ത കാലത്താണ്‌ വിദ്യാഭ്യാസകാര്യങ്ങളില്‍ ഉത്സുകരായത്‌. അവരില്‍ ആദ്യ ബി.എ ക്കാരി ചേലിയയിലെ വട്ടക്കണ്ടി റസിയയാണ്‌.

1959ലെ വിദ്യാഭ്യാസ നിയമത്തോടെ അധ്യാപകര്‍ക്ക്‌ നേരിട്ട്‌ ശബളം കിട്ടിത്തുടങ്ങി. തന്നിഷ്ടെ പോലെ അധ്യാപകരെ പിരിച്ചുവിടാനുള്ള മാനേജര്‍മാരുടെ സ്വാതന്ത്ര്യവും ഇല്ലാതായി. തങ്ങളുടെ അധികാരങ്ങള്‍ ഒന്നൊന്നായി പുതിയ നിയമത്തിലൂടെ നഷ്ടപ്പെടുത്തുന്നതില്‍ വിറളി പൂണ്ട മാനേജര്‍ സംഘടന അതിനെതിരെ രംഗത്തുവന്നു. അഞ്ചുമുതല്‍ ഏഴുവരെ ക്ലാസ്സുകളില്‍ അവര്‍ ഫീസ്‌ ചുമത്തി. തങ്ങളുടെ ആവശ്യങ്ങള്‍ അനുവദിക്കാത്തപക്ഷം സ്‌കൂള്‍ അടച്ചിടുമെന്ന്‌ ഭീഷണി മുഴക്കുകയും ചെയ്‌തു. മാനേജര്‍ അസോസിയേഷന്‍ ചേമഞ്ചേരി ശാഖയുടെ ആഹ്വാനമനുസരിച്ച്‌ ചെങ്ങോട്ടുകാവിലെ ചില മാനേജര്‍മാരും കൂട്ടത്തില്‍ ചേര്‍ന്ന്‌ സ്‌കൂള്‍ അടച്ചിടുകയുണ്ടായി. പക്ഷെ പ്രബുദ്ധരായ പൊതുജനങ്ങളുടെ പ്രതിഷേധത്തിന്റെയും സര്‍ക്കാരിന്റെ കര്‍ശനനിലപാടിന്റെയും ഫലമായി ഈ സമരം പരാജയപ്പെടുകയാണുണ്ടായത്‌.

ഇന്ന്‌ ചെങ്ങോട്ടുകാവില്‍ അഞ്ച്‌ എല്‍. പി. സ്‌കൂളും അഞ്ച്‌ യു. പി. സ്‌കൂളും ഒരു ഹൈസ്‌കൂളുമാണുള്ളത്‌. ഇതില്‍ രണ്ട്‌ എല്‍. പി സ്‌കൂളും ഒരു യു. പി. സ്‌കൂളും ഗവര്‍മെന്റ്‌ സ്ഥാപനങ്ങളാണ്‌.No comments: